അപകടങ്ങളിൽ 60 ശതമാനവും ഇരുചക്രവാഹനങ്ങൾ, 30 ശതമാനം കാറുകൾ
text_fieldsമലപ്പുറം: കേരളത്തിലെ വാഹനാപകടങ്ങളിൽ 60 ശതമാനവും ഇരുചക്ര വാഹനങ്ങളാണെന്ന് കണക്കുകൾ. 30 ശതമാനമാണ് കാറുകളുടെ അപകട നിരക്ക്. കഴിഞ്ഞ 10 വർഷത്തെ കണക്കുപ്രകാരം സംസ്ഥാനത്ത് 3,74,834 വാഹനാപകടങ്ങളാണ് ഉണ്ടായത്. 2013 മുതൽ 2022 വരെയുള്ള കാലയളവിൽ 2,22,658 ഇരുചക്ര വാഹനാപകടങ്ങളാണ് നടന്നത്. 1,11,794 (30 ശതമാനം) കാർ, ജീപ്പ് അപകടങ്ങളും ഈ കാലയളവിലുണ്ടായി.
ഓട്ടോറിക്ഷ 47,284 (13 ശതമാനം), ബസ് 39,008 (10 ശതമാനം), ലോറി 25,243 (ഏഴ് ശതമാനം)എന്നിങ്ങനെയാണ് മറ്റ് അപകടങ്ങൾ. 2013, 2014, 2015, 2017 വർഷങ്ങളിൽ മാത്രമേ ഇരുചക്രവാഹനാപകടം 60 ശതമാനത്തിന് താഴെ പോയത്. ബാക്കിയുള്ള വർഷങ്ങളിലെല്ലാം 60 ശതമാനത്തിന് മുകളിലും ഇരുചക്ര വാഹനാപകടങ്ങളാണ് നടന്നത്.
കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കുറവ് അപകടങ്ങളുണ്ടായത് 2020ലാണ്- 27,877. ഇതിൽ 67 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. 2021ൽ 64 ശതമാനവും 2022ൽ 61 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. 2013ൽ 35,215 അപകടങ്ങളാണ് നടന്നതെങ്കിൽ കഴിഞ്ഞ വർഷം 43,698 ആയി വർധിച്ചു. 2021ലെ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വാഹനാപകട റിപ്പോർട്ട് പ്രകാരം 45 ശതമാനമാണ് ഇരുചക്ര വാഹനാപകടങ്ങളുടെ ദേശീയ ശരാശരി.
കേരളത്തിൽ ഇക്കാലയളവിൽ 61 ശതമാനമാണ്. കഴിഞ്ഞ രണ്ടുവർഷം മാത്രം 77,458 വാഹനാപകടങ്ങളാണ് കേരളത്തിലുണ്ടായത്. ഇതിൽ 7,732 പേർ മരിച്ചു. ഇതിൽ 5,646 പേർക്കും ജീവൻ നഷ്ടമായത് ഇരുചക്രവാഹനാപകടങ്ങളിലാണ്. 1664 പേർ സ്കൂട്ടർ അപകടങ്ങളിലും 3982 പേർ ബൈക്കപകടങ്ങളിലും. കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരത്താണ്- 771 പേർ. എറണാകുളത്ത് 683ഉം കൊല്ലത്ത് 595ഉം പേർക്ക് ജീവൻ നഷ്ടമായി.
കൂടുതൽ പേർക്ക് പരിക്കേറ്റതും എറണാകുളത്താണ് (9119). തിരുവനന്തപുരത്ത് 7730 പേർക്കും പരിക്കേറ്റു. മരണനിരക്ക് വർധിക്കുന്നതിന്റെ മുഖ്യകാരണങ്ങൾ ഹെൽമറ്റ് ഉപയോഗിക്കാതിരിക്കുക, സീറ്റ് ബെൽറ്റിടാതെ ഇരിക്കുക, മറ്റു സുരക്ഷ സംവിധാനങ്ങൾ ഒഴിവാക്കുക എന്നിവയാണെന്ന് അധികൃതർ പറയുന്നു. മദ്യപിച്ച് വാഹനം ഓടിക്കുക, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, റോഡിന്റെ ശോച്യാവസ്ഥ, ഡ്രൈവറുടെ അശ്രദ്ധ, എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിന്റെ അമിത പ്രകാശം തുടങ്ങിയവയാണ് മറ്റു കാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.