വാഹന പുകപരിശോധനയിലെ മാറ്റം; കൂട്ടത്തോടെ പരാജയപ്പെട്ട് പെട്രോള്‍ വാഹനങ്ങള്‍
text_fieldsകോട്ടയം: വാഹനപുക പരിശോധനയിൽ വരുത്തിയ അടിമുടിമാറ്റത്തിൽ കൂട്ടത്തോടെ പരാജയപ്പെട്ട് പെട്രോൾ വാഹനങ്ങൾ. കേരളത്തിൽ പെട്രോൾ വാഹന പരിശോധനക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിൽ ഈ മാസം ഒമ്പതുമുതൽ മോട്ടോർ വാഹന വകുപ്പ് ഒരു മുന്നറിയിപ്പുമില്ലാതെ വരുത്തിയ മാറ്റമാണ് വാഹനങ്ങളെ കുടുക്കിയത്.
നിലവിൽ കേന്ദ്ര നിയമപ്രകാരം കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺ എന്നിവക്കായിരുന്നു മലിനീകരണ നിയന്ത്രണപരിധി ഉണ്ടായിരുന്നത്. ഇവയായിരുന്നു പരിശോധനയുടെ മാനദണ്ഡവും. എന്നാൽ, ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു മുന്നറിയിപ്പും കൂടാതെ കഴിഞ്ഞ ദിവസം മുതൽ കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോകാർബണിന്റെയും പരിധി കൂടാതെ ഓക്സിജൻ, കാർബൺ ഡയോക്സൈഡ് എന്നിവ ഉൾപ്പെടെ നാല് മലിനീകരണ വാതകങ്ങളുടെ തോത് പരിശോധിച്ച് അതിന്റെ ശരാശരി എടുത്തശേഷമാണ് പുകപരിശോധന പൂർത്തിയാക്കുന്നത്. ഇത് തീർത്തും അപ്രായോഗികവും നിലവിലുള്ള കേന്ദ്രനിയമത്തിന് വിരുദ്ധവുമാണെന്ന് പുകപരിശോധന സ്ഥാപന ഉടമകൾ പറയുന്നു.
പുതുക്കിയ പരിശോധന രീതി നിലവിൽവന്നതോടെ നിരത്തിലോടുന്ന ഭൂരിപക്ഷം പെട്രോൾ വാഹനങ്ങളും പരിശോധനയിൽ പരാജയപ്പെടുകയാണ്. പരാജയപ്പെടുന്ന വാഹനങ്ങളുടെ കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോ കാർബണിന്റെയും പരിധി കേന്ദ്രനിയമത്തിൽ പറയുന്ന മലിനീകരണ തോതിന്റെ പരിധിക്കുള്ളിലാണെന്നും ചൂണ്ടിക്കാട്ടുന്നു.
പുതിയ മാറ്റം തിരിച്ചടി
പുതിയ നിയമം വാഹന ഉടമകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ടെസ്റ്റിൽ പരാജയപ്പെടുന്ന വാഹനങ്ങൾ ഫലത്തിൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് നിരത്തിൽ ഓടുന്നത്. കേന്ദ്ര നിയമപ്രകാരം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 2000 രൂപയാണ് പിഴ. കേരളത്തിൽ മാത്രമാണ് പുതുക്കിയ നിയമം നടപ്പാക്കിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ധന ജ്വലനത്തില്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പിഴവ് പരിഹരിച്ചാല്‍ മാത്രമേ ഈ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കൂ. 2021 മുതല്‍ സംസ്ഥാനത്തെ പുകപരിശോധനയും സര്‍ട്ടിഫിക്കറ്റ് നൽകലും ഓണ്‍ലൈനിലാണ്.
വിവരങ്ങള്‍ സോഫ്റ്റ്വെയറിൽ ശേഖരിക്കുകയും കാര്‍ബണ്‍മോണോക്സൈഡ് ഉള്‍പ്പെടെ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് കണക്കാക്കി പരിശോധന സർട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു രീതി. പുകപരിശോധനയില്‍ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങളുടെ സാങ്കേതിക പോരായ്മയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.