ഓട്ടത്തിനിടെ ഒടിഞ്ഞ് ഒല; വ്യാപക പരാതി, പരിശോധിക്കാമെന്ന് കമ്പനി
text_fieldsഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ഈയിടെയായി നിരവധിയുണ്ടായിരുന്നു. ഇതേത്തുടർന്ന് കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് സുരക്ഷ വർധിപ്പിക്കാനുള്ള നിർദേശങ്ങളും നൽകിയിരുന്നു. തീപിടിത്തം മാത്രമല്ല ഇപ്പോൾ ഉപഭോക്താക്കൾ ഇലക്ട്രിക് സ്കൂട്ടറുകളുടെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്, നിർമാണത്തിലെ ഗുണനിലവാരമില്ലായ്മ കൂടിയാണ്. ഇലക്ട്രിക് സ്കൂട്ടർ മേഖലയിലെ പ്രമുഖരായ ഒലക്കെതിരെയാണ് വ്യാപക പരാതി ഉയർന്നത്.
ഒല സ്കൂട്ടർ ഓട്ടത്തിനിടെ ഒടിഞ്ഞുപോയെന്ന പരാതിയാണ് ഒരു ഉടമ ട്വിറ്ററിൽ പങ്കുവെച്ചത്. ശ്രീനാഥ് മേനോൻ എന്നയാൾ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു. 'ചെറിയ വേഗത്തിലുള്ള ഡ്രൈവിങ്ങിൽ പോലും മുൻവശത്തെ ഫോർക്ക് തകരുന്നു എന്നത് ഏറെ ഗുരുതരവും അപകടകരവുമായ കാര്യമാണ്. സ്കൂട്ടറിന്‍റെ ആ ഭാഗത്ത് മാറ്റം വരുത്തണമെന്നാണ് അഭ്യർഥിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കുന്നത് കാരണമുള്ള അപകടങ്ങളിൽ നിന്ന് രക്ഷിക്കണം' -ശ്രീനാഥ് മേനോൻ മുൻവശം ഒടിഞ്ഞ ഒല സ്കൂട്ടറിന്‍റെ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തു.
ഒലയെയും സി.ഇ.ഒ ഭാവിഷ് അഗർവാളിനെയും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. നിരവധി പേർ തങ്ങളുടെ ദുരനുഭവം പങ്കുവെച്ച് മറുപടി നൽകി. ഫ്രണ്ട് ഫോർക്ക് ഒടിഞ്ഞുപോയെന്ന പരാതി നിരവധി പേർ ഉന്നയിച്ചു. ചിലർ ചിത്രങ്ങളും പങ്കുവെച്ചു.
സംഭവം ചർച്ചയായതോടെ ഒല തന്നെ മറുപടിയുമായെത്തി. 'ഞങ്ങൾ ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടും. താങ്കൾ ഉന്നയിച്ച കാര്യം പരിശോധിക്കും' എന്നായിരുന്നു ഒലയുടെ മറുപടി.
നേരത്തെ, വാഹനങ്ങൾക്ക് തുടര്‍ച്ചയായി തീപിടിക്കുകയും നാലു പേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഒല ഏപ്രിലിൽ 1400 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.