ആഡംബരങ്ങളുടെ തമ്പുരാൻ, ജെനസിസും ഇനിമുതൽ ഇ.വി
text_fieldsഹ്യൂണ്ടായിയുടെ ആഡംബര ബ്രാൻഡായ ജെനസിസ് അതിന്‍റെ മുൻനിര ജി 80 സെഡാന്‍റെ വൈദ്യുത പതിപ്പ് പുറത്തിറക്കി. 2021 ഷാങ്ഹായ് ഓട്ടോഷോയിലാണ് വൈദ്യുതീകരിച്ച ജി 80 ബ്രാൻഡിന്‍റെ ആദ്യ ഇവി പ്രദർശിപ്പിച്ചത്. ഈ വർഷാവസാനം വാഹനത്തിന്‍റെ ആഗോള ലോഞ്ച് നടക്കും. ജി 80, ജിവി 70 ക്രോസ്ഓവർ, ജിവി 80 എസ്‌യുവി എന്നിവയ്‌ക്കൊപ്പമായിരിക്കും ജി 80 ഇ.വിയും വിൽപ്പനയ്‌ക്കെത്തുക. ജി 80 സെഡാന് സമാനമായ രൂപമാണ് ഇ.വി മോഡലിനും ഉള്ളത്. 370hp, 700Nm എന്നിവ പുറത്തെടുക്കുന്ന ഇരട്ട മോട്ടോറാണ് വാഹനത്തിന് കരുത്തുപകരുന്നത്.
ഫോർ-വീൽ-ഡ്രൈവ് വാഹനമാണിത്. അയോണിക് 5, കിയ ഇവി 6 എന്നിങ്ങനെയുള്ള ഹ്യുണ്ടായ് ബ്രാൻഡ് ഇ.വികൾക്ക് സമാനമായ നിലവാരം ജി 80ക്കും പ്രതീക്ഷിക്കാം. 350 കിലോവാട്ട് വരെ ചാർജ് വേഗത അനുവദിക്കുന്ന 800 വി ചാർജിംഗ് സിസ്റ്റം, വി 2 എൽ ചാർജിങ് ഫംഗ്ഷൻ, രണ്ട് മുതൽ നാല് വീൽ ഡ്രൈവ് വരെ മാറിമാറി തെരഞ്ഞെടുക്കുന്ന ആക്യുവേറ്റർ സിസ്റ്റം എന്നിവ വാഹനത്തിന്‍റെ പ്രത്യേകതയാണ്. സ്പോർട് മോഡിൽ 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ ആർജിക്കാനാവും. വാഹനത്തിന്‍റെ കൃത്യമായ റേഞ്ച് ഹ്യൂണ്ടായ് ഇനിയും പുറത്തുവിട്ടിട്ടില്ല. ചൈനയുടെ എൻഡിസി ടെസ്റ്റ് സൈക്കിളിൽ 500 കിലോമീറ്ററിലധികം പരിധി ജെനസിസ് ജി 80ക്ക് ലഭിച്ചതായി സൂചനയുണ്ട്.
ഉള്ളിൽ ജെനെസിസ് ജി 80 ഇവി സെഡാൻ സ്റ്റാൻഡേർഡ് ജി 80ക്ക് സമാനമാണ്. അടച്ച ഗ്രില്ലും ബെസ്‌പോക്ക് ഫ്രണ്ട് ബമ്പറും മാത്രമായിരിക്കും പുതുതായി ചേർക്കുക. വൈഡ്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് ഡിസ്പ്ലേ, ഡാഷ്‌ബോർഡ്, മിനിമലിസ്റ്റിക് കൺട്രോൾ പാനൽ, ലെതറിന്‍റെ ധാരാളിത്തം എന്നീ പ്രത്യേകതകളും വാഹനത്തിനുണ്ട്. ക്യാബിനിലെ റോഡ് ശബ്ദം വിശകലനം ചെയ്യുന്നതിനും സൃഷ്ടിക്കുന്നതിനും ഒരു കൂട്ടം സെൻസറുകളും മൈക്രോഫോണുകളും ഉപയോഗിക്കുന്ന ശബ്ദ നിയന്ത്രണ റോഡ് (ANC-R) സംവിധാനം ജി 80 ഇ.വിയുടെ പ്രത്യേകതയാണ്. സസ്പെൻഷൻ സിസ്റ്റം റോഡ് ഉപരിതലത്തിന് മുൻവശത്തെ ക്യാമറ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഒപ്റ്റിമൽ ഡ്രൈവിങ് അനുഭവം നൽകും. മേൽക്കൂരയിലെ സോളാർ പാനൽ, പുനരുപയോഗം ചെയ്യുന്ന ഇന്‍റീരിയർ മെറ്റീരിയലുകൾ എന്നിവ ജെനസിസ് ഇവി ലൈനപ്പിന്‍റെ മുഖമുദ്രയാണ്.
ഇന്ത്യയിലെത്തുമോ?
അന്താരാഷ്ട്ര വിപണികളിൽ നിലവിൽ രണ്ട് എസ്‌യുവികളാണ് ജെനസിസ് ബ്രാൻഡിന് ഉള്ളത്. ജിവി 80, ഹ്യുണ്ടായ് ട്യൂസോൺ അധിഷ്ഠിത ജിവി 70 എന്നിവ. ഈ വാഹനങ്ങളാണ് ഇന്ത്യയിൽ ജെനസിസിേന്റതായി ആദ്യം എത്താൻ സാധ്യത. പരമ്പരാഗത ജെനസിസ് ജി 80 സെഡാൻ ഈ വർഷം ആദ്യം രാജ്യത്ത് പരിശോധന നടത്തിയെങ്കിലും എന്ന് പുറത്തിറക്കുമെന്ന് ഹ്യൂണ്ടായ് വെളിപ്പെടുത്തിയിട്ടില്ല. ജെനസിസ് ഇലക്ട്രിക് ജി 80 സെഡാനും ഉടനൊന്നും ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.