ഏറ്റവും വിലകുറഞ്ഞ ബെൻസ് ഇ.വി, ഇ.ക്യു.എ വിപണിയിൽ, ഒറ്റ ചാർജിൽ 426 കിലോമീറ്റർ സഞ്ചരിക്കും
text_fieldsമെഴ്‌സിഡസ് ബെൻസിന്‍റെ ആദ്യത്തെ സമ്പൂർണ വൈദ്യുത കോംപാക്റ്റ് മോഡൽ ഇക്യുഎ വിപണിയിൽ. 2022 ഓടെ പുറത്തിറങ്ങുന്ന ആറ് ഇക്യു മോഡലുകളിൽ ഒന്നാണ് ബെൻസിന്‍റെ എൻട്രി ലെവൽ ഇവി ആയ ഇ.ക്യൂ.എ. ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനമായ ഇക്യുഎ 250ന് 190 എച്ച്പി ഇലക്ട്രിക് മോട്ടോർ ലഭിക്കും. ഒറ്റ ചാർജിൽ 426 കിലോമീറ്റർ പരിധിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇക്യുഎയുടെ പ്ലാറ്റ്ഫോം പുതിയ ജിഎൽഎയുമായാണ് പങ്കിടുന്നത്.
അണ്ടർഫ്ലോർ ബാറ്ററി പിടിപ്പിക്കുന്നതിന് ഘടനാപരമായ ചില മാറ്റങ്ങൾ പ്ലാറ്റ്ഫോമിൽ വരുത്തിയിട്ടുണ്ട്. ഇ.ക്യു.എയുടെ ഡ്യുവൽ മോട്ടോർ പതിപ്പ്, ഫോർ വീൽ ഡ്രൈവ് എഎംജി പെർഫോമൻസ് വേരിയന്‍റ് ഉൾപ്പെടെയുള്ളവ ഒരുവർഷം കഴിഞ്ഞ് നിരത്തിലെത്തിക്കാനാണ് ബെൻസ് ആലോചിക്കുന്നത്. മുന്നിൽ പിടിപ്പിച്ചിരിക്കുന്ന മോട്ടോറിൽ നിന്ന് 190 എച്ച്പി കരുത്തും 375 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. 8.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ടോപ്പ് സ്പീഡ് 160 കിലോമീറ്റർ വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ബാറ്ററി ശേഷി 66.5 കിലോവാട്ടാണ്. 426 കിലോമീറ്റർ ആണ് മൈലേജെങ്കിലും 500 കിലോമീറ്റർ പരിധിയുള്ള എക്സ്റ്റന്റഡ് വേരിയന്‍റ് പിന്നീട് എത്തും. ഫാസ്റ്റ് ചാർജിങ്ങിൽ 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 11 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളിൽ വാഹനം പൂർണ്ണമായി ചാർജ് ചെയ്യാം.
കഴിഞ്ഞ വർഷമാണ് ജിഎൽസി അടിസ്ഥാനമാക്കിയുള്ള ഇക്യുസി എസ്‌യുവി പുറത്തിറക്കിക്കൊണ്ട് മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ ഇക്യു ഇലക്ട്രിക് സബ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇക്യുസി കഴിഞ്ഞാൽ ഇക്യുഎസ് സെഡാനാണ് ഇന്ത്യയിൽ എത്തിക്കുമെന്ന് കരുതപ്പെടുന്നത്. ഇ.ക്യു.എ ബെൻസ് ഇന്ത്യയിൽ എത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും എ-ക്ലാസ് ലിമോസിൻ, സെക്കൻഡ്-ജെൻ ജിഎൽഎ, പുതിയ എസ്-ക്ലാസ്, എഎംജി ജിടി ബ്ലാക്ക് സീരീസ് എന്നിവ ഉൾപ്പെടെ 15 മോഡലുകൾ 2021ൽ പുറത്തിറക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.