മിനി എസ്.ഇ ഇലക്ട്രികിന്റെ സ്പെഷൽ എഡിഷൻ അവതരിപ്പിച്ചു; രാജ്യത്ത് എത്തുക 20 എണ്ണം മാത്രം
text_fieldsമിനി കൂപ്പറിന്‍റെ ഇലക്ട്രിക് മോഡലായ എസ്.ഇയുടെ സ്പെഷൽ എഡിഷൻ ഇന്ത്യയിൽ. കംപ്ലീറ്റ്ലി ബിൽറ്റ് യൂനിറ്റായി (CBU) എത്തുന്ന ഈ ഇലക്ട്രിക് കാറിന്റെ 20 എണ്ണം മാത്രമാണ് ബിഎംഡബ്ല്യു രാജ്യത്ത് എത്തിക്കുക. മിനി ‘ചാർജ്‌ഡ് എഡിഷൻ’ എന്നാണ് പ്രത്യേക പതിപ്പിന് പേര് നൽകിയിരിക്കുന്നത്.
ലിമിറ്റഡ് എഡിഷൻ കാറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 55 ലക്ഷം രൂപയാണ്. സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വേറിട്ടുനിൽക്കുന്ന കോസ്മെറ്റിക് അപ്‌ഗ്രേഡുകളോടെയാണ് ചാർജ്‌ഡ് എഡിഷൻ വിപണിയിലെത്തുന്നത്. കാഴ്ച്ചയിൽ ആരും കണ്ടാൽ കൊതിക്കുന്ന സ്റ്റൈലിഷ് രൂപമാണ് കുഞ്ഞൻ വൈദ്യുതി കാറിന്റെ ഏറ്റവും വലിയ ആകർഷണം.
മൾട്ടി-ടോൺ റൂഫുള്ള പുതിയ ചില്ലി റെഡ് കളർ ഓപ്ഷനാണ് മിനി നൽകിയിരിക്കുന്നത്. ഇതോടൊപ്പം ഹെഡ്‌ലാമ്പ്, ടെയിൽലൈറ്റ് റിങുകൾ, ഡോർ ഹാൻഡിലുകൾ, ലോഗോകൾ, ടെയിൽഗേറ്റ് ഹാൻഡിൽ എന്നിവയിൽ വെള്ള നിറത്തിലുള്ള ഹൈലൈറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്.
ഇതിനെ ആസ്പൻ വൈറ്റ് എക്സ്റ്റീരിയർ ട്രിം എന്നാണ് മിനി പുതിയ ഡിസൈനെ വിളിക്കുന്നത്. കാറിന്റെ ബോണറ്റിലും ഡോറുകളിലും ബൂട്ടിലും ഫ്രോസൺ റെഡ് സ്‌പോർട്‌സ് സ്ട്രിപ്പുകളും എനർജറ്റിക് യെല്ലോ ഹൈലൈറ്റുകളും കാണാം. 17 ഇഞ്ച് പവർ-സ്‌പോക്ക് അലോയ് വീലുകളിലാണ് വാഹനം നിരത്തിലിറങ്ങുന്നത്. എനർജിറ്റിക് യെല്ലോ ഹൈലൈറ്റുകളോടെയുള്ള ലിമിറ്റഡ് എഡിഷൻ കാറിന്റെ അലോയ് ഡിസൈനും മികച്ചതാണ്.
പ്രീമിയവും ഫീൽ നിലനിർത്തിയാണ് മിനി ചാർജ്‌ഡ് എഡിഷന്റെ അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്. ക്യാബിനിലെ ലെതറെറ്റ് കാർബൺ ബ്ലാക്ക് അപ്‌ഹോൾസ്റ്ററി സ്പോർട്ടി ഫീലാണ് നൽകുന്നത്.നാപ്പ ലെതറിലാണ് ഇന്‍റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്. ബ്ലാക്ക് പാനലുള്ള 5 ഇഞ്ച് എംഐഡി യൂണിറ്റും മികച്ചണ്. ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. സ്റ്റാർട്ട്/സ്റ്റോപ്പ് ടോഗിൾ സ്വിച്ച്, ഗിയർ ലിവർ, ഡോർ സിലുകളിൽ ബാഡ്ജിംഗ് എന്നിവയിൽ എനർജറ്റിക് യെല്ലോ ആക്‌സന്റുകൾ ഉപയോഗിച്ച് കമ്പനി മിനി ചാർജ്‌ഡ് എഡിഷന്റെ ഇന്റീരിയറും കളറാക്കിയിട്ടുണ്ട്.
181 bhp കരുത്തിൽ 270 Nm ടോർക് നൽകാൻ കഴിയുന്ന 135 kW ഇലക്ട്രിക് മോട്ടോറാണ് മിനി ചാർജ്‌ഡ് ലിമിറ്റഡ് എഡിഷന് തുടിപ്പേകുന്നത്. 32.6 kWh ബാറ്ററി പായ്ക്കിലൂടെ ഒറ്റ ചാർജിൽ 270 കിലോമീറ്റർ റേഞ്ച് നൽകാനും ഈ ആഡംബര കാറിന് സാധിക്കും. 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിലെത്തും.
ഇൻ-ബിൽറ്റ് നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ഹാർമൻ കാർഡൺ സ്പീക്കർ സിസ്റ്റം, വയർലെസ് ചാർജിങ് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും മിനി ചാർജ്‌ഡ് എഡിഷനിലുണ്ട്. സ്‌പോർട്ട്, ഗ്രീൻ എന്നിങ്ങനെ രണ്ട് ഡ്രൈവിങ് മോഡുകളും ഇലക്ട്രിക് കാറിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളിൽ ക്രൂസ് കൺട്രോൾ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ടിപിഎംഎസ് എന്നിവയാണുള്ളത്.
36 മിനിറ്റിൽ 0-80 ശതമാനം വരെ വാഹനം ചാർജ് ചെയ്യാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. 11 കിലോവാട്ട് എസി ചാർജറിൽ 2 മണിക്കൂർ 30 മിനിറ്റും 2.3 കിലോവാട്ട് എസി ചാർജറിലൂടെ 9 മണിക്കൂർ 43 മിനിറ്റ് സമയത്തിലും ഇവി ഫുൾ ചാർജ് ചെയ്യാം. സ്റ്റാൻഡേർഡ് ബാറ്ററി പായ്ക്കിന് 8 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറന്‍റിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.