വൈദ്യുത വാഹനവുമായി വോൾവോ; എക്സ്.സി 40 റീചാർജ് 2021ൽ ഇന്ത്യയിലെത്തും
text_fieldsപുതിയ എക്സ്.സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി എക്സ്.സി 40 യുടെ വൈദ്യുത പതിപ്പാണിത്. കഴിഞ്ഞ മാസമാണ് കമ്പനി തങ്ങളുടെ ബെൽജിയം പ്ലാൻറിൽ എസ്‌യുവി ഉത്പാദനം ആരംഭിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നാല് പുതിയ വൈദ്യുതീകൃത കാറുകൾ അവതരിപ്പിക്കുമെന്ന് സ്വീഡിഷ് കാർ നിർമ്മാതാവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വോൾവോ എക്സ് സി 40 റീചാർജ് അതിലൊന്നായിരിക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന വോൾവോ എസ് 60 സെഡാെൻറ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പും പിന്നീട് ഇന്ത്യയിലേക്ക് വരുമെന്നും പ്രതീക്ഷിക്കാം.
ഓരോ ആക്‌സിലിലും 150 കിലോവാട്ട് വൈദ്യുത മോട്ടോറുകളുള്ള ഡ്യുവൽ മോട്ടോർ പവർട്രെയിനുമായാണ് എക്‌സ്.സി 40 റീചാർജ് വരുന്നത്. 408 ബിഎച്ച്പി കരുത്താണ് വാഹനത്തിന്. 78 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് പകരുന്നത്, ഏകദേശം 400 കിലോമീറ്റർ വരെ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാനാകും. 4.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. 180 കിലോമീറ്ററാണ് പരമാവധി വേഗത. എസ്‌യുവിക്ക് 11 കിലോവാട്ട് ചാർജറുമുണ്ട്. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് വോൾവോ പറയുന്നു. സാധാരണ പതിപ്പ് പോലെ, കമ്പനിയുടെ കോംപാക്റ്റ് മോഡുലാർ ആർക്കിടെക്ചർ (സിഎംഎ) പ്ലാറ്റ്‌ഫോമിലാണ് റീചാർജും നിർമിച്ചിരിക്കുന്നത്. വാഹനത്തിെൻറ വൈദ്യുത സ്വഭാവത്തെ സൂചിപ്പിക്കുന്ന ചില അടയാളങ്ങളും ബോഡിയിലുണ്ട്. പ്രത്യേക വോൾവോ ബാഡ്ജും പുതിയ അലോയ് വീലുകളും ഇതിൽ ഉൾപ്പെടുന്നു. ടെസ്‌ല കാറുകളെപ്പോലെ റീചാർജിനും മുൻവശത്ത് 31 ലിറ്റർ ചെറിയ സംഭരണ ഇടം നൽകിയിട്ടുണ്ട്.
വോൾവോ ഇന്ത്യ തങ്ങളുടെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് 2019 ൽ എക്സ് സി 90 യുടെ രൂപത്തിൽ പുറത്തിറക്കിയിരുന്നു. ഇവ പ്രാദേശികമായി കൂട്ടിയിണക്കിയാണ് നിലവിൽ വിൽക്കുന്നത്. എക്സ് സി 40 റീചാർജും പ്രാദേശികമായി അസംബ്ലി ചെയ്യാനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.