രണ്ടാം തലമുറ ഡബ്ല്യ.ആർ.വി അവതരിപ്പിച്ച് ഹോണ്ട; ആദ്യം വരുന്നത് ഈ രാജ്യത്ത്
text_fieldsരണ്ടാം തലമുറ ഡബ്ല്യ.ആർ.വി എസ്.യു.വി അവതരിപ്പിച്ച് ഹോണ്ട മോട്ടോഴ്സ്. ഇന്തോനേഷ്യയിലാണ് വാഹനം ആദ്യം വിൽപ്പനക്ക് എത്തുക. മുൻഗാമിയേക്കാൾ നീളവും വീതിയും ഉയരവും കൂടിയ വാഹനമാണ് പുതിയ ഡബ്ല്യു. ആർ.വി. 121 എച്ച്‌പി കരുത്തേകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. കൂടാതെ ഹോണ്ടയുടെ എഡാസ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്.
സ്റ്റൈൽ
വിദേശത്ത് വിൽക്കുന്ന എച്ച്.ആർ.വി, സി.ആർ.വി പോലുള്ള വലിയ ഹോണ്ട എസ്.യു.വികളുമായി പുതിയ തലമുറ ഡബ്ല്യ.ആർ.വിക്ക് കാഴ്ച്ചയിൽ സാമ്യമുണ്ട്. കൂപ്പെ-എസ്‌യുവി പോലെയാണ് വാഹനത്തിന്റെ പൊതുവായ രൂപം. വലിയ അലോയ് വീലുകൾക്ക് വേരിയന്റിനെ ആശ്രയിച്ച് 16 ഇഞ്ച് അല്ലെങ്കിൽ 17 ഇഞ്ച് വലുപ്പമുണ്ടാകും. മുൻ തലമുറ സിറ്റിക്കും ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും പുതിയ അമേസിനും അടിത്തറയിടുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ഡബ്ല്യ.ആർ.വി നിർമിക്കുന്നത്. 4,060എം.എം നീളവും 1,608എം.എം ഉയരവും 1,780എം.എം വീതിയുമാണ് വാഹനത്തിനുള്ളത്. 220 എം.എം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 380 ലിറ്ററാണ് ബൂട്ട് സ്പേസ്.
സുരക്ഷ
പുതിയ ഡബ്ല്യ.ആർ.വിയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് എയർബാഗുകളുമായാണ് വാഹനം വരുന്നത്. ഹോണ്ടയുടെ എഡാസ് ടെക് വാഹനത്തിന് ലഭിക്കും. ലെയ്ൻ കീപ്പിങ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവക്ക് ഒപ്പം ഓട്ടോ ഹൈ ബീം അസിസ്റ്റും എഡാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്റീരിയർ
ഹോണ്ട ഡബ്ല്യ.ആർ.വിയുടെ ഇന്റീരിയർ ഇന്ത്യക്കാർക്ക് പരിചിതമായതാണ്. ഇന്ത്യയിൽ വിൽക്കുന്ന അമേസ് സെഡാനിൽ നിന്നാണ് ഡബ്ല്യ.ആർ.വിയിലെ മിക്കവാറും എല്ലാ ഇന്റീരിയർ ബിറ്റുകളും ഹോണ്ട പകർത്തിയിരിക്കുന്നത്. ഡാഷ്‌ബോർഡ്, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ സ്റ്റിയറിങ് വീൽ കൺട്രോളുകൾ തുടങ്ങി സീറ്റുകൾ പോലും അമേസിന്റേത് തന്നെയാണ്.
പവർട്രെയിൻ
121 എച്ച്‌പിയും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ഗിയർബോക്‌സ് ലഭിക്കും. ഇന്ത്യയിലെ ഹോണ്ട സിറ്റി സെഡാനിൽ കാണുന്നത് ഇതേ എഞ്ചിനാണ്. പുതിയ ഡബ്ല്യ.ആർ.വിയുടെ ഇന്ത്യൻ
പ്രവേശനത്തെക്കുറിച്ച് ഹോണ്ട സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. എങ്കിലും 2023ൽ വാഹനം ഇവിടെ എത്തുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.