സൂപ്പർ മീറ്റിയോറിനെ പൂട്ടാനെത്തുമോ എലിമിനേറ്റർ; പുനർജന്മമെടുത്ത് കവാസാക്കിയുടെ ക്രൂസർ കിങ്
text_fieldsഇന്ത്യക്കാരുടെ സ്വന്തം ബജാജും ജപ്പാൻകാരുടെ കവസാക്കിയും കൈകോർത്ത് ബജാജിന്റെ ആദ്യ ക്രൂസർ ‘എലിമിനേറ്റർ’ പുറത്തിറക്കിയ കാലമുണ്ടായിരുന്നു നമുക്ക്. പിന്നീട് ബജാജ് നിർമിച്ച അവഞ്ചറിന് പ്രചോദനമായത് വരെ ഈ ബൈക്കാണെന്നു വേണം പറയാൻ. ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബൈക്കുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ പിന്നീട് ഇവനെ നിർത്തലാക്കുകയായിരുന്നു കമ്പനി. എന്നാൽ രണ്ടാം പുനർജന്മമെടുത്ത് മോഡൽ തിരിച്ചെത്തിയിരിക്കുകയാണിപ്പോൾ.
ജപ്പാനിലാണ് പുതിയ കവാസാകി എലിമിനേറ്റർ 400 ക്രൂസർ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. നിഞ്ച 400 സ്‌പോർട്‌ബൈക്കിന്റെ അതേ എഞ്ചിൻ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. സ്റ്റാൻഡേർഡ്, എസ് ഇ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ ബൈക്ക് ലഭ്യമാണ്. എലിമിനേറ്ററിനെ പുതുരൂപത്തിലും ഭാവത്തിലുമാണ് കമ്പനിയിപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.
ഫ്രണ്ട്, റിയർ ക്യാമറകൾ, മറ്റ് അധിക ഫീച്ചറുകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് ടോപ്പ് എൻഡ് എസ്.ഇ വേരിയന്റ് അണിയിച്ചൊരുക്കിയിരിക്കുന്നത്. നിഞ്ചയുടെ അതേ ലിക്വിഡ്-കൂൾഡ്, 399 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 48 ബി.എച്ച്.പി കരുത്തിൽ പരമാവധി 37 എൻ.എം ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡാണ് ഗിയർബോക്‌സ്.
പുതിയ ട്രെല്ലിസ് ഫ്രെയിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. 2250 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ വീതിയും 1100 മില്ലീമീറ്റർ ഉയരവും 1520 മില്ലീമീറ്റർ വീൽബേസുമാണ് വാഹനം. കുറഞ്ഞ 735 എം.എം സീറ്റ് ഹൈറ്റും 150 എം.എം ഗ്രൗണ്ട് ക്ലിയറൻസും ക്രൂസർ സ്വഭാവത്തെ എടുത്തുകാണിക്കുന്നുണ്ട്. ബ്രേക്കിംഗിനായി മുൻവശത്ത് 310 എം.എം സിംഗിൾ ഡിസ്‌കും പിന്നിൽ 240 എം.എം ഡിസ്‌ക്കുമുണ്ട്. രണ്ടിലും ട്വിൻ പോട്ട് ബ്രേക്ക് കാലിപ്പറുകൾ സജ്ജീകരിച്ചിട്ടുമുണ്ട്. ടെലിസ്‌കോപ്പിക് ഫോർക്കും ട്വിൻ ഷോക്ക് അബ്‌സോർബറും ലഭിക്കും.
നിലവിൽ എലിമിനേറ്റർ 400 ജപ്പാനിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുക. എന്നാൽ ഇന്ത്യയിലെ ഇതിഹാസ പരിവേഷം കണക്കിലെടുത്ത് വാഹനം കമ്പനി ഇവിടെയെത്തിക്കാനുള്ള സാധ്യതയും ഉണ്ട്. കവസാക്കി എലിമിനേറ്ററിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് ഏകദേശം 4.71 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൾ. അതേസമയം ടോപ്പ് എൻഡ് SE വേരിയന്റിന് ഏകദേശം 5.33 ലക്ഷം രൂപ ആണ് വില വരുന്നത്. ഇന്ത്യയിലെത്തിയാൽ സൂപ്പർമീറ്റിയോർ 650 ആയിട്ടാവും പ്രധാന മത്സരം. നിലവിൽ സൂപ്പർ മീറ്റിയോറിനെ നേരിടാൻ പോന്ന ഒരു എതിരാളി ഇന്ത്യയിലില്ല. എലിമിനേറ്റർ ആ വിടവ് നികത്തുമെന്നാണ് കവാസാകിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.