കാർ പദ്ധതി ഉപേക്ഷിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്; കാരണം ഇതാണ്
text_fields2014-ൽ കമ്പനി തങ്ങളുടെ മുൻനിര ഉൽപ്പന്നമായ ഐഫോണിൻ്റെ വിൽപ്പനയിൽ ഇടിവ് നേരിട്ടപ്പോഴാണ് പാസഞ്ചർ കാർ നിർമ്മിക്കാനുള്ള തീരുമാനം ആപ്പിൾ എടുത്തത്
ലോകത്തെ വൻ വ്യവസായങ്ങളിൽ ഒന്നാണ് സഞ്ചാര സൗകര്യങ്ങളുടേത്. മനുഷ്യനെ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്ന വ്യവസായങ്ങൾക്ക് ലാഭം ഉറപ്പാണ്. അമേരിക്കൻ ടെക് ഭീമനായ ആപ്പിളും ഈ രംഗത്തേക്ക് കടക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. പ്രോജക്ട് ടൈറ്റൻ എന്നാണ് ആപ്പിൾ തങ്ങളുടെ കാർ പദ്ധതിക്ക് പേര് നൽകിയിരുന്നത്. ഏറ്റവും ആധുനികമായ വാഹനങ്ങൾ ആയിരുന്നു ആപ്പിൾ ജനത്തിനായി വിഭാവനം ചെയ്തത്. എന്നാൽ 10 വർഷത്തെ പരീക്ഷണങ്ങൾക്ക് ഒടുവിൽ പ്രോജക്ട് ടൈറ്റൻ ആപ്പിൾ ഉപേക്ഷിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.
പ്രോജക്ട് ടൈറ്റൻ
2014-ൽ തങ്ങളുടെ മുൻനിര ഉൽപ്പന്നമായ ഐഫോണിൻ്റെ വിൽപ്പനയിൽ ഇടിവ് നേരിട്ടപ്പോഴാണ് പാസഞ്ചർ കാർ നിർമ്മിക്കാനുള്ള തീരുമാനം ആപ്പിൾ എടുത്തത്. ഐഫോൺ വിൽപ്പന വർഷത്തിൻ്റെ ആദ്യ പാദത്തിൽ 16 ശതമാനവും 2015 അവസാന പാദത്തേക്കാൾ 32 ശതമാനവും കുറഞ്ഞു. ഇതോടെ ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് ആപ്പിൾ കാർ നിർമാണത്തിലേക്ക് കടന്നത്.
ആദ്യഘട്ടത്തിൽ എലോൺ മസ്‌കിൽ നിന്ന് ടെസ്‌ല കമ്പനി വാങ്ങാൻ ആപ്പിൾ പദ്ധതിയിട്ടിരുന്നു. ടെസ്‌ല വാങ്ങാൻ എലോൺ മസ്‌കുമായി ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. 2014-ൻ്റെ തുടക്കത്തിൽ മസ്ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ ചർച്ചകൾ പരാജയമായതോടെ ആപ്പിൾ സ്വന്തമായി കാർ നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെക് ലോകത്തെ പ്രധാന എതിരാളിയായ ഗൂഗിൾ സെൽഫ് ഡ്രൈവിങ് കാർ നിർമിക്കാനുള്ള തീരുമാനം എടുത്തതും ആപ്പിളിന് പ്രചോദനമായി.
പരാജയ കാരണങ്ങൾ
സെൽഫ്-ഡ്രൈവിങ് ഇലക്ട്രിക് കാർ നിർമിക്കാനാണ് ആപ്പിൾ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. സാങ്കേതികവിദ്യയ്ക്കുള്ള സോഫ്റ്റ്‌വെയറുകളും അൽഗോരിതങ്ങളും പ്രതീക്ഷിച്ചതിലും സങ്കീർണത നിറഞ്ഞതായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആപ്പിൾ വിചാരിച്ച രീതിയിൽ ഇക്കാര്യങ്ങൾ ഒന്നും പ്രവർത്തിച്ചില്ല. കാറിൻ്റെ രൂപകൽപ്പനയിലും പ്രവർത്തനക്ഷമതയിലും ടൈറ്റൻ ടീമിന് ധാരാളം വൈരുധ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ചില ജീവനക്കാർ സുഗമവും സ്വയം പര്യാപ്തവുമായ ഡ്രൈവിങ് രൂപകൽപന ആവശ്യപ്പെട്ടപ്പോൾ, മറ്റുചിലർ നൂതന ഡ്രൈവർ-അസിസ്റ്റൻസ് ഫീച്ചറുകളുള്ള കൂടുതൽ പ്രായോഗിക ഇലക്ട്രിക് വാഹനത്തിന് വേണ്ടി വാദിച്ചു.
സ്റ്റിയറിങ് വീൽ ഒഴിവാക്കി ആപ്പിളിന്‍റെ വെർച്വൽ അസിസ്റ്റൻ്റായ സിരി ഉപയോഗിച്ച് കാർ നിയന്ത്രിക്കുന്ന സംവിധാനവും പദ്ധതിയിൽ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും അത്ര പ്രായോഗികമായ ഐഡിയ ആയിരുന്നില്ല. സിരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് അപ്രായോഗികമെന്ന് പിന്നീട് തെളിഞ്ഞു. നമ്മളുടെ നിർദേശങ്ങൾ പാലിക്കുന്ന ഒരു അസിസ്റ്റൻ്റാണ് സിരി. എന്നാൽ എഐ ഉളള ഈ കാലത്ത് നമ്മൾ ഒരു നിർദേശവും കൊടുക്കാതെ തന്നെ വാഹനം ഓടിക്കുന്ന സംവിധാനമാണ് ആളുകൾക്ക് വേണ്ടത്.
ഈ പദ്ധതി പരാജയപ്പെടാൻ മറ്റൊരു കാരണം പ്രോജക്ടിലെ തുടരെയുള്ള നേതൃമാറ്റങ്ങളാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രോജക്റ്റ് ടൈറ്റനിൽ നാല് വ്യത്യസ്ത ലീഡുകളെ നിയമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് പ്രോജക്റ്റിന് സ്ഥിരമായ ദിശയും കാഴ്ചപ്പാടും ഇല്ലാതാക്കി. ടെക് പരീക്ഷണങ്ങളുടെ ആധിഖ്യവും വിനയായതായി പറയപ്പെടുന്നു.
എന്നാൽ പ്രോജക്ട് ടൈറ്റൻ ആപ്പിൾ പൂർണമായി ഉപേക്ഷിച്ചിട്ടില്ല എന്ന് വാദിക്കുകന്നവരും ഉണ്ട്. ഏകദേശം 50000 കോടി രൂപ ചിലവായ പദ്ധതി അത്രവേഗം ഉപേക്ഷിക്കാൻ കമ്പനിക്കാവില്ല എന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ആപ്പിൾ ഇനിയും പുറത്തിറക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.