മോദി@73; പ്രധാനമന്ത്രിക്ക് കവചം തീർക്കുന്ന വാഹനങ്ങൾ ദേക്കോ...
text_fieldsഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 73ാം ജന്മദിനത്തിന്‍റെ നിറവിലാണ്. പ്രധാനമന്ത്രി പദത്തിലിരിക്കെ, അതിസുരക്ഷ സംവിധാനങ്ങളുള്ള വിവിധ വാഹനങ്ങളിലാണ് അദ്ദേഹത്തെ കാണാറ്. ഈ വാഹനങ്ങൾ എപ്പോഴും വാർത്തകളിൽ ഇടംനേടാറുമുണ്ട്. റേഞ്ച് റോവർ സെന്റിനലും മെഴ്‌സിഡസ് ബെൻസ് മെയ്ബാക്ക് എസ്650 ഉം ഉൾപ്പെടെ കവചിത വാഹനങ്ങളാണ് പ്രധാനമന്ത്രിയെ കാക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ട ചില മോഡലുകൾ പരിചയപ്പെടാം.
മെഴ്‌സിഡസ് ബെൻസ് മെയ്ബാക്ക് എസ്650 ഗാർഡ്
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സ്വീകരിക്കാൻ പോകുന്നതിനിടെയാണ് മെഴ്‌സിഡസ്-മെബാക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദ്യമായി കാണുന്നത്.അദ്ദേഹത്തിന്‍റെ മുൻ കാറുകളായ റേഞ്ച് റോവർ വോഗ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവയുടെ ഈ സ്ഥാനം മെയ്ബാക്ക് ഏറ്റെടുക്കുകയായിരുന്നു.
പിന്നീട് പ്രധാനമന്ത്രിയുടെ യാത്ര അധികവും ഈ വാഹനത്തിലായി. VR-10 ലെവൽ പരിരക്ഷയോടെയുള്ള വാഹനമാണിത്. എ.കെ.47ൽ നിന്നുപോലുമുള്ല ബുള്ളറ്റുകൾ തടയാൻ മെയ്ബാക്കിന് സാധിക്കും. 15 കിലോഗ്രാം വരെയുള്ള ടി.എൻ.ടി സ്ഫോടനത്തിൽ നിന്ന് അകത്തുള്ളവരെ ഒരു പോറൽ പോലുമേൽക്കാതെ കാക്കാനും മെയ്ബാക്കിനാവും. 630 ബി.എച്ച്.പി എന്ന വമ്പൻ കരുത്ത് ഉൽപാദിപ്പിക്കുന്ന 5980 സി.സി എഞ്ചിനാണ് ഈ ആഡംബര കാറിനുള്ളത്. ലിറ്ററിന് 7.08 കിലോമീറ്ററാണ് വാഹനത്തിന് ലഭിക്കുന്ന മൈലേജ്.
ലാൻഡ് റോവർ റേഞ്ച് റോവർ സെന്‍റിനൽ
പ്രധാനമന്ത്രി മോദി തന്റെ ലാൻഡ് റോവർ റേഞ്ച് റോവർ സെന്‍റിനലിൽ സഞ്ചരിക്കുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്. മുമ്പ് മോദി ഉപയോഗിച്ചിരുന്ന ബി.എം.ഡബ്ല്യു 7 സീരീസിന് പകരക്കാരനായാണ് സെന്‍റിനൽ എത്തിയത്. ഇതും പൂർണ്ണ കവചിത വാഹനമാണ്.
ഐ.ഇ.ഡി സ്‌ഫോടനങ്ങളെയും വെടിവെപ്പ് ഉൾപ്പെടെയുള്ള ആക്രമങ്ങളേയും അതിജീവിക്കാനുള്ള കഴിവ് ഈ എസ്.യു.വിക്കുണ്ട്. 5.0 ലിറ്റർ സൂപ്പർചാർജ്ഡ് വി8 പെട്രോൾഎഞ്ചിനാണ് വാഹനത്തിന്‍റെ കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 10.4 സെക്കൻഡ് ആണ്.
ബി.എം.ഡബ്ല്യു 7 സീരീസ് 760 എൽ.ഐ ഹൈ-സെക്യൂരിറ്റി എഡിഷൻ
ഒരു കാലത്ത് മോദിയുടെ ഇഷ്ട വാഹനമായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി വാഹനത്തെ കണക്കാക്കിയിരുന്നു. വെടിവെപ്പും സ്ഫോടനങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിനും പുറമെ രാസായുധങ്ങളിൽ നിന്ന് രക്ഷിക്കാനായി ഇൻ-ബിൽറ്റ് ഓക്സിജൻ ടാങ്ക് പോലും ഇതിലുണ്ട്. 6.0 ലിറ്റർ ടർബോചാർജ്ഡ് വി12 എഞ്ചിനാണ് വാഹനത്തിന്‍റെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.