കളർഫുളായി ഏഥർ; നീട്ടിയ വാറന്റിയും സോഫ്റ്റ്വെയർ അപ്ഡേറ്റുമായി ജനപ്രിയ ഇ.വി
text_fieldsരാജ്യത്തെ ജനപ്രിയ ഇ.വികളിലൊന്നായ ഏഥർ നിരവധി അപ്ഡേഷനുകളുമായി പുതുക്കി അവതരിപ്പിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഇ.വി നിര്‍മാതാക്കൾ കമ്മ്യൂണിറ്റി ഡേ ഇവന്റിലാണ് തങ്ങളുടെ 450 ലൈനപ്പ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി നിരവധി അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചത്. സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡുകളും നാല് പുതിയ കളര്‍ ഓപ്ഷനുകളും നീട്ടിയ വാറന്റിയും ഇനിമുതൽ സ്കൂട്ടറിന് ലഭിക്കും.
ഏഥര്‍സ്റ്റാക്ക് 5.0 എന്ന് പേരിട്ടിരിക്കുന്ന പുതിയ സോഫ്റ്റ്വെയറായിരിക്കും സ്കൂട്ടറിന് ഇനിമുതൽ ലഭ്യമാവുക. വ്യത്യസ്ത മോഡുകളിലെ പവര്‍ ഉപഭോഗത്തിനുമുള്ള റൈഡ് അനിമേഷനുകളും ദ്രുത നിയന്ത്രണങ്ങളോടൊപ്പം ബ്രൈറ്റ്നെസ് പോലുള്ള ക്രമീകരണങ്ങള്‍ എളുപ്പത്തിലാക്കാനും ഒറ്റ ടാപ്പിലൂടെ ഇന്‍കമിങ് കോള്‍ അറിയിപ്പുകള്‍ ഓഫാക്കാനും പുതിയ സോഫ്റ്റ്വെയർ ഉടമകളെ അനുവദിക്കും. ഒരു സ്വൈപ്പിലൂടെ ആക്സസ് ചെയ്യാവുന്ന പുതിയ ക്വിക്ക് വ്യൂ വിഭാഗം, ഡാഷ്ബോര്‍ഡ് അറിയിപ്പുകള്‍ക്കും ടയര്‍ പ്രഷര്‍ പോലുള്ള പ്രധാന വിവരങ്ങള്‍ക്കും ഒരു കേന്ദ്രീകൃത ലൊക്കേഷന്‍ എന്നിവയും നല്‍കും.
മറ്റൊരു സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡ് ഗൂഗിള്‍ മാപ്പ് സജ്ജീകരണത്തിന്റെ രൂപത്തിലാണ് വരുന്നത്. ഏഥര്‍സ്റ്റാക്ക് 5.0യിലെ പുതിയ യു.ഐ പ്രകാരം ഗൂഗിള്‍ മാപ്സ് ഉപയോഗിക്കുമ്പോള്‍ ഫോണുകളിലേതിന് സമാനമായ അനുഭവം ലഭിക്കും. പുതുക്കിയ ഗൂഗിള്‍ മാപ്സ് തത്സമയ ട്രാഫിക്കും ലഭ്യമാക്കും.
മറ്റ് പ്രധാന ഫീച്ചര്‍ അപ്ഡേറ്റ്, ഹില്‍ ഹോള്‍ഡിന്റെ ഏഥറിന്റെ പതിപ്പായ ഓട്ടോഹോള്‍ഡിന്റെ രൂപത്തിലാണ്. വളരെ ഷാര്‍പ്പായുള്ള ചരിവുകളില്‍ പോലും സ്‌കൂട്ടറുകള്‍ നിര്‍ത്താന്‍ സെന്‍സറുകളും അല്‍ഗോരിതങ്ങളും ഉപയോഗിക്കുന്നു. ബാറ്ററി വാറന്റി 5 വര്‍ഷം/ 60,000 കിലോമീറ്റര്‍ വരെ നീട്ടുന്ന ബാറ്ററി പ്രൊട്ടക്റ്റും ഏഥര്‍ അവതരിപ്പിച്ചിട്ടുണ്ട്. വാറന്റി പീരീഡ് ബാറ്ററി തകരാറുകളും കവര്‍ ചെയ്യും. കൂടാതെ 5 വര്‍ഷാവസാനം ബാറ്ററിക്ക് കുറഞ്ഞത് 70 ശതമാനം ലൈഫ് ഉറപ്പുനല്‍കുകയും ചെയ്യുന്നു.
ഏഥർ 450 പ്ലസ് ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തെ അധിക വാറന്റി 6,999 രൂപയ്ക്ക് വാങ്ങാനും സൗകര്യമുണ്ട്. ട്രൂ റെഡ്, കോസ്മിക് ബ്ലാക്ക്, സാള്‍ട്ട് ഗ്രീന്‍, ലൂണാര്‍ ഗ്രേ എന്നീ നാല് നിറങ്ങളും ഏഥര്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് രണ്ട് കളര്‍ ഓപ്ഷനുകളായ സ്‌പേസ് ഗ്രേയും വൈറ്റും തുടർന്നും ലഭിക്കും.
പുതിയ ഡിസൈനിലുള്ള സീറ്റ് ഓപ്ഷനും ബൈക്കിന് അവതരിപ്പിച്ചിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവിടങ്ങളിൽ പ്രൈവറ്റ് സ്‌പെയ്‌സ് ചാര്‍ജിങ് പോയിന്റുകളിലേക്ക് ആക്സസ് നല്‍കുന്ന നെയ്ബർ ചാർജിങും ഏഥര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2023 മാര്‍ച്ചോടെ തങ്ങളുടെ ചാർജിങ് ഗ്രിഡ് പോയിന്റുകള്‍ 1300 ടച്ച് പോയിന്റുകളായി വികസിപ്പിക്കുമെന്നും ഏഥര്‍ എനര്‍ജി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.