വിലകുറഞ്ഞ മോഡൽ ഉൾപ്പടെ മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി ഏഥർ
text_fieldsവിലകുറഞ്ഞ മോഡൽ ഉൾപ്പടെ മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി ഏഥർ എനർജി. 450 സീരീസിലെ പുതിയ മൂന്ന് വേരിയന്റുകളാണ് വിപണിയിൽ എത്തിയത്. 450 എസ് എന്ന വിലക്കുറവുള്ള ഇവിക്ക് പുറമെ 450 എക്സ് പതിപ്പിന്റെ രണ്ട് വകഭേദങ്ങളും ഏഥർ അവതരിപ്പിച്ചിട്ടുണ്ട്.
450 എസിന്‍റെ വില 1,29,999 രൂപയാണ്. 450 എക്സിന്‍റെ 2.9 kWh പതിപ്പിന് 1,38,000 രൂപയും 3.7 kWh പതിപ്പിന് 1,44,921 രൂപയുമാണ് വിലവരുന്നത്. 450എസും 450 എക്സും അവയുടെ രൂപകൽപ്പനയിൽ ഒരുപോലെയാണ്. 2.9 kWh ബാറ്ററിയാണ് 450 എസ് സ്‌കൂട്ടറിന് കരുത്തുപകരുന്നത്. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കും. 90 കിലോമീറ്റർ ആണ് പരമാവധി വേഗത. 5.4 kW പീക്ക് പവറിൽ പരമാവധി 22 Nm ടോർക് വരെ വികസിപ്പിക്കാനും ഈ എൻട്രി ലെവൽ മോഡലിനാവും.
ഡീപ്‌വ്യൂ ടി.എം ഡിസ്‌പ്ലേ, പുതിയ സ്വിച്ച് ഗിയർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), 7 ശതമാനം വരെ റേഞ്ച് മെച്ചപ്പെടുത്തുന്ന കോസ്റ്റിങ് റീജൻ എന്നീ സവിശേഷതകൾ 450 എസിന് ലഭിക്കും. ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 450 എസിന് 1.5 കി.മീ./മിനിറ്റ് വേഗതയിൽ ചാർജ് ചെയ്യാൻ കഴിയും.
ഏഥർ 450 എക്സ് കോർ, പ്രോ എന്നീ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്. വാഹനത്തിന്‍റെ വില യഥാക്രമം 1.38, 1.53 ലക്ഷം രൂപയാണ്. വില നിർണയത്തിൽ ഫെയിം II ആനുകൂല്യങ്ങളും ചാർജറിന്റെ വിലയും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. ഏഥറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 450S, 450X എന്നിവയ്ക്കുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
ഏഥർ 450എക്സ് ഇപ്പോൾ 2.9 kWh, 3.7 kWh ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. ഇത് യഥാക്രമം 115 കിലോമീറ്ററും 150 കിലോമീറ്ററും റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. 3.3 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ 450 എക്സ് ഇലക്ട്രിക് സ്‌കൂട്ടറിനാവും. മണിക്കൂറിൽ 90 കിലോമീറ്റർ ടോപ്പ് സ്പീഡാണ് ബ്രാൻഡ് അവകാശപ്പെടന്നത്. 450എക്സിന് സ്മാർട്ട്ഇക്കോ, ഇക്കോ, റൈഡ്, സ്പോർട്ട്, വാർട്ട് എന്നീ അഞ്ച് റൈഡിങ് മോഡുകൾ ലഭിക്കും.
ഗൈഡ്-മീ-ഹോം ലൈറ്റുകൾ, കോസ്റ്റിംഗ് റീജൻ, നാവിഗേഷൻ, ഇന്റർ-സിറ്റി പാർക്കിങ് എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. മൂന്ന് മോഡലുകളും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, മോണോഷോക്ക് സസ്പെൻഷനിലുമാണ് വിപണിയിലെത്തുന്നത്. കംബൈൻഡ്, റീജനറേറ്റീവ് സെറ്റപ്പുള്ള ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ഏഥർ 450 എസ് സീരീസിൽ ഇപ്പോൾ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.