ഔഡിയുടെ ബിഗ് ഡാഡി, ക്യു സെവൻ പരിഷ്കരിച്ചു; വില 79.99 ലക്ഷം മുതൽ
text_fieldsപരിഷ്കരിച്ച ക്യു സെവൻ എസ്.യു.വി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീമിയം പ്ലസ് എന്നും ടെക്നോളജി എന്നും രണ്ട് വേരിയന്റുകളാണ് വാഹനത്തിനുള്ളത്. പ്രീമിയം പ്ലസിന് 79.99 ലക്ഷവും ടെക്‌നോളജി വേരിയന്റിന് 88.33 ലക്ഷവും വിലവരും. 2020 ഏപ്രിലിൽ ബി.എസ് ആറ് എമിഷൻ മാനദണ്ഡങ്ങൾ നിർബന്ധമായപ്പോൾ നിർത്തലാക്കിയ Q7 രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരിച്ചെത്തുന്നത്. പൂർണമായും നവീകരിച്ച ഇന്റീരിയർ ആണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. പെട്രോൾ പതിപ്പില്‍ മാത്രമായിരിക്കും വാഹനം രാജ്യത്ത് ലഭ്യമാവുക.
മുന്നിൽ പുതിയ രൂപത്തിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾക്കൊപ്പം പുതുക്കിയ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളും ലഭിക്കും. ടെയിൽ ലാമ്പുകളും അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. കൂടാതെ നീളത്തിലുള്ള ക്രോം സ്ട്രിപ്പുമുണ്ട്. വലിയ സൈഡ് എയർ ഇൻടേക്കുകൾ, പരിഷ്കരിച്ച പിൻ ബമ്പർ തുടങ്ങിയവ പ്രത്യേകതയാണ്. കരേര വൈറ്റ്, മിത്തോസ് ബ്ലാക്ക്, നവേര ബ്ലൂ, സമുറായ് ഗ്രേ, ഫ്ലോററ്റ് സിൽവർ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
ഇന്റീരിയർ
ഇന്റീരിയറിൽ സൈഗ ബീജ്, ഒകാപി ബ്രൗൺ എന്നിങ്ങനെ രണ്ട് നിറങ്ങളാണുള്ളത്. പുതിയ ട്വിൻ-ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പ്രധാന മാറ്റം. ഡാഷ്‌ബോർഡിന്‍റെ മുകളിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്ഥാനം പിടിച്ചിരിക്കുന്നു. സെൻട്രൽ കൺസോളിൽ ചുവടെ സ്ഥാപിച്ചിരിക്കുന്ന 8.6 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഉണ്ട്. ഔഡിയുടെ 'വെർച്വൽ കോക്ക്പിറ്റ്' ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ Q7-ൽ തുടരും. ഇത് രണ്ടാം തലമുറ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ട്. ഡാഷ്‌ബോർഡിലെ ഗ്ലോസ് ബ്ലാക്ക് ട്രിമ്മും ധാരാളം ക്രോമും ബ്രഷ്ഡ് അലുമിനിയവും ആധുനികമായ രൂപഭംഗി വാഹനത്തിന് നൽകും. മുമ്പത്തെപ്പോലെ ഏഴ് സീറ്റുകളുള്ള വാഹനമായണിത്.
സ്റ്റാൻഡേർഡായി പനോരമിക് സൺറൂഫ്, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ബാങ് ആഡ് വൂൾസ്പൻ ത്രീഡി സൗണ്ട് സിസ്റ്റം, മെമ്മറി ഫംഗ്‌ഷനുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി ഫോൾഡബിളായ മൂന്നാം നിര സീറ്റുകൾ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുമുണ്ട്. ഔഡിയുടെ ആക്‌സസറീസ് ലിസ്റ്റിൽ നിന്ന് പിൻസീറ്റ് വിനോദ പാക്കേജും വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാം. എട്ട് എയർബാഗുകൾ, ഇ.എസ്.സി, 360 ഡിഗ്രി 3D സറൗണ്ട് ക്യാമറയുള്ള പാർക്ക് അസിസ്റ്റ് പ്ലസ് എന്നിവയും ലഭിക്കും. കൂടാതെ ലെയ്ൻ-കീപ്പ് അസിസ്റ്റും നൽകിയിട്ടുണ്ട്.പൂർണ വലുപ്പമുള്ള സ്പെയർ ടയറിനുപകരം റൺ ഫ്ലാറ്റ് ടയറുകളിലേക്ക് ഔഡി മാറിയിട്ടുണ്ട്.
എഞ്ചിൻ-ഗിയർബോക്‌സ്
ക്യൂ സെവൻ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ 340hp, 500Nm, 3.0-ലിറ്റർ ടർബോചാർജ്ഡ് V6 പെട്രോൾ എഞ്ചിൻ ലഭിക്കും. ഈ എഞ്ചിന്‍ എട്ട് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഇണക്കിച്ചേർത്തിരിക്കുന്നു. ഔഡിയുടെ ക്വാട്രോ ഫോർവീൽ സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തും. എഞ്ചിനില്‍ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഉണ്ട്. ഈ എഞ്ചിൻ ഇന്ത്യയിൽ Q8, A8 എന്നിവയിലും വാഗ്ദാനം ചെയ്യുന്നു. പൂജ്യത്തില്‍ നിന്ന് 100kph വേഗത ആര്‍ജ്ജിക്കാന്‍ 5.9 സെക്കൻഡ് മാത്രം മതി. 250kph ആണ് ഉയർന്ന വേഗം. അഡാപ്റ്റീവ് എയർ സസ്‌പെൻഷനാണ് വാഹനത്തിന്. ഏഴ് ഡ്രൈവ് മോഡുകളും നൽകിയിട്ടുണ്ട്.
എതിരാളികൾ
മെഴ്‍സിഡസ് ബെന്‍സ് ജിഎല്‍ഇ, ബിഎംഡബ്ല്യു X5, വോള്‍വോ XC90 തുടങ്ങിയ എതിരാളികളാണ് ക്യൂ സെവനുള്ളത്. എതിരാളികളിൽ, വോൾവോ XC90 മാത്രമാണ് ഏഴ് സീറ്റർ കോൺഫിഗറേഷനിൽ വരുന്നത്. മറ്റ് രണ്ടു മോഡലുകളും അഞ്ച് സീറ്റർ എസ്‌യുവികൾ മാത്രമാണ്. ഇത് വിപണിയിൽ ക്യൂ സെവന് മുൻതൂക്കം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.