ഇനിമുതൽ കാർണിവൽ ഇല്ല; കെ.എ 4 എം.പി.വി അവതരിപ്പിച്ച് കിയ
text_fields2023 ഓട്ടോ എക്‌സ്‌പോയിൽ പുതിയൊരു എം.പി.വി അവതരിപ്പിച്ച് കിയ മോട്ടോർസ്. ഇതുവരെ കാർണിവൽ എന്ന പേരിൽ അറിയെപ്പട്ടിരുന്ന എം.പി.വിയുടെ പരിഷ്‍കരിച്ച പതിപ്പാണ് കെ.എ 4 എന്നപേരിൽ പുറത്തിറക്കിയത്. ഇന്നോവയുടെ എതിരാളിയായി അറിപ്പെടുന്ന വാഹനം കൂടുതൽ സൗകര്യങ്ങളോടെയാണ് എത്തുന്നത്.
ക്യാബ് ഫോർവേഡ് എം.പി.വി പോലുള്ള സ്റ്റൈലിങിന് പകരം നാലാം തലമുറ കിയ കാർണിവൽ വ്യത്യസ്‌തമായ രൂപമാണ് സ്വീകരിച്ചിരിക്കുന്നത്. ഡയമണ്ട് പാറ്റേണും ക്രോമും ഉള്ള കിയയുടെ സിഗ്നേച്ചർ ‘ടൈഗർ നോസ്’ ഫ്രണ്ട് ഗ്രില്ലിനൊപ്പം ആംഗുലാർ ഷെയ്പ്പിലുള്ള ഹെഡ്‌ലാമ്പുകളും എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകളും പുതിയ കാർണിവലിലേക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. എസ്.യു.വിയിൽ ചെറിയ ഫ്രണ്ട് ഓവർഹാങ് വരുന്നുവെന്നതും ശ്രദ്ധേയമാണ്.
എ-പില്ലർ അൽപം പിന്നിലേക്ക് നീക്കി നീളമുള്ള ഹുഡാണ് കെ.എ 4 എം.പി.വിയിൽ സൃഷ്‌ടിച്ചിരിക്കുന്നത്. ഹൈ-ബീം ലാമ്പുകൾ ഗ്രില്ലിന്റെ മൂലയിൽ സ്ഥാപിച്ചിരിക്കുന്നതും മനോഹരമാണ്. ഡി.ആർ.എല്ലുകൾ കാർണിവലിന്റെ ടേൺ ഇൻഡിക്കേറ്റർ ലാമ്പുകൾക്ക് ചുറ്റും പൊതിയുന്ന തരത്തിലാണ് കിയ ക്രമീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത് എൽ.ഇ.ഡി ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ടെയിൽ ലാമ്പുകളാണ് വാഹനത്തിന്റെ സവിശേഷത. 5,156 മില്ലീമീറ്റർ നീളമുള്ള കെ.എ 4 പുതുതായി പുറത്തിറക്കിയ ഇന്നോവ ഹൈക്രോസിനേക്കാൾ നീളമുള്ള വാഹനമാണ്.
രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് അകത്തളത്തിലെ ഹൈലൈറ്റ്. പവേർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്. സുരക്ഷാ സവിശേഷതകളുടെ ഭാഗമായി എഡാസ് സാങ്കേതികവിദ്യയും ഒന്നിലധികം എയർബാഗുകളും ലഭിക്കും.
ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് അവോയ്ഡൻസ് അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് കൂട്ടിയിടി അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിങ് അസിസ്റ്റ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിങ് എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളാണ് കിയ കെ.എ 4 എംപിവിയുടെ എഡാസ് സവിശേഷതകളിൽ ഉൾച്ചേർത്തിരിക്കുന്നത്. ഇതോടൊപ്പം, ഉയർന്ന വേരിയന്റുകൾക്ക് ബ്ലൈൻഡ്-സ്പോട്ട് വ്യൂ മോണിറ്റർ, ഫോർവേഡ് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്-സൈക്ലിസ്റ്റ്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, നാവിഗേഷൻ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ക്രൂസ് കൺട്രോൾ-കർവ്, പാർക്കിങ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ എന്നിവയും ലഭിക്കും.
അന്താരാഷ്‌ട്ര വിപണിയിൽ കിയ കെ.എ 4 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 201 ബി.എച്ച്.പി പവറുള്ള 2.2 ലിറ്റർ ഡീസൽ, 296 bhp കരുത്തുള്ള 3.5 ലിറ്റർ പെട്രോൾ എന്നിവയാണ് ഉൾപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കിയ ഡീസൽ എഞ്ചിനുമായി തുടരും. എം.പി.വി 7, 9, 11 സീറ്റ് കോൺഫിഗറേഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ഏത് വേരിയന്റ് നൽകുമെന്ന് ഉറപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.