സി.എൻ.ജി ബൈക്കുമായി ബജാജ് എത്തുന്നു? സൂചന നൽകി കമ്പനി എം.ഡി
text_fieldsഎൻട്രി ലെവൽ സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ബൈക്കുമായി ബജാജ് ഓട്ടോ എത്തുന്നുവെന്ന് റിപ്പോർട്ട്. സി.എൻ.ബി.സി-ടി.വി 18ന്റെ ഒരു അഭിമുഖത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജീവ് ബജാജാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
'വലിയ ചെലവാണ് ബൈക്ക് ഉപയോഗിക്കുന്ന സാധാരണക്കാർക്കുള്ളത്. ചിലപ്പോൾ ഈ ചെലവ് പകുതിയായി കുറക്കുക എന്ന ലക്ഷ്യത്തോടെ സി.എൻ.ജി ബൈക്കുകളുമായി ബജാജ് വന്നേക്കാം. കോവിഡ് മൂലമുണ്ടായ തൊഴിൽ നഷ്ടവും പെട്രോൾ വില വർധനവും എൻട്രി ലെവൽ ബൈക്കുകൾ വാങ്ങുന്ന സാധാരണക്കാരെ വലിയ രീതിയിൽ ബാധിച്ചു. 100 സി.സി എൻട്രി സെഗ്‌മെന്റ് മോട്ടോർസൈക്കിൾ വ്യവസായം മൊത്തത്തിൽ സമ്മർദ്ദത്തിലാണ്'- രാജീവ് ബജാജ് അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, 2023 ഓഗസ്റ്റിൽ ബജാജ് ഓട്ടോയുടെ മൊത്തം ഇരുചക്രവാഹന വിൽപ്പന 2022 ഓഗസ്റ്റിൽ വിറ്റ 355,625 യൂനിറ്റിൽ നിന്ന് 20 ശതമാനം ഇടിഞ്ഞ് 285031 യൂനിറ്റായിരുന്നു. ബജാജ് ഓട്ടോയുടെ വെബ്‌സൈറ്റ് അനുസരിച്ച്, കമ്പനിക്ക് 100നും 125 സി.സിക്കും ഇടയിൽ ഏഴ് മോഡലുകൾ ഉണ്ട്.
67,000 രൂപ മുതൽ 107,000 രൂപ( എക്സ് ഷോറൂം) വരെയാണ് വില. വിൽപ്പനയുടെ 70 ശതമാനവും 125 സി.സിയിൽ കൂടുതലുള്ള ബൈക്കുകളാണെന്ന് ബജാജ് ഓട്ടോ നേരത്തെ പറഞ്ഞിരുന്നു. യമഹ, സുസുക്കി, ടി.വി.എസ്, ഹീറോ എന്നിവയാണ് ബജാജിന്‍റെ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.