ഒറ്റയടിക്ക് 22,000 രൂപ വില കുറച്ച് ചേതക് ഇ.വി; ഓഫർ പരിമിത കാലത്തേക്ക്
text_fieldsഇന്ത്യൻ ഇ.വി വിപണിയിലെ പ്രീമിയം സ്കൂട്ടറാണ് ബജാജിന്‍റെ ചേതക്. വിലക്കൂടുതൽ കാരണം മത്സരരംഗത്ത് നിറംമങ്ങിപ്പോയ ആൾ. പെട്രോൾ ചേതകിന്‍റെ അതേ രൂപത്തിൽ വരുന്ന ഇലക്ട്രിക് മോഡൽ സാധാരണ സ്കൂട്ടറുകൾക്ക് സമാനമാണെന്നത് നിരത്തുകളിൽ അപരിചിതത്വം കുറക്കുന്ന കാര്യമാണ്. വില കൂടുതൽ എന്ന പരാതി പരിഹരിക്കാനായി ചേതക്കിന് വൻ ഓഫർ പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് ബജാജ്.
ചേതക് ഇ.വിയുടെ ജനപ്രിയത കുറയാനുള്ള ഒരുകാരണം രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമാണ് വാഹനം ലഭ്യമായിരുന്നത് എന്നതുകൂടിയാണ്. ഇപ്പോൾ ആ പ്രശ്നം ബജാജ് പരിഹരിക്കുന്നുണ്ട്. ചേതക് ഇ.വിക്ക് വില അൽപം കൂടതലല്ലേയെന്ന് ചിന്തിക്കുന്നവരുമുണ്ട്. അത്തരക്കാർക്കായി വാഹനത്തിന്റെ വിലയിൽ വലിയ കുറവ് വരുത്തിയിരിക്കുകയാണ് ബജാജ്. സ്റ്റാൻഡേർഡ്, പ്രീമിയം വേരിയന്റുകളിൽ വാങ്ങാനാവുന്ന സ്‌കൂട്ടറിന് ഇപ്പോൾ 1.30 ലക്ഷം രൂപയാണ് പ്രാരംഭ വില. മുമ്പുണ്ടായിരുന്ന 1.52 ലക്ഷം രൂപയിൽ നിന്നും 22,000 രൂപയോളം കുറവാണ് വരുത്തിയിരിക്കുന്നത്.
വിപണിയിലെ പ്രധാന എതിരാളികളായ ഏഥർ 450X, ഓല S1 പ്രോ Gen 2 എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാൾ വിലക്കുറവിൽ ബജാജ് ചേതക് ഇ.വി ഇപ്പോൾ സ്വന്തമാക്കാം. ഇവയ്ക്ക് യഥാക്രമം 1.38 ലക്ഷം രൂപയും 1.47 ലക്ഷം രൂപയുമാണ് വില വരുന്നത്. ഈ കിഴിവ് പരിമിത കാലത്തേക്കാണ് സാധുതയുള്ളതെന്നും എന്നാൽ ഒരു പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലെന്നും ബജാജ് പറയുന്നു. എതിരാളികളായ ഓലയും ഏഥറും അവരുടെ കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കിയ സമയത്താണ് സുപ്രധാനമായ നീക്കവുമായി കമ്പനി എത്തിയിരിക്കുന്നത്.
3kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ചേതക്ക് ഇവിയിൽ പ്രവർത്തിക്കുന്നത്. 3.8kWh PMS മോട്ടോറുമായി എത്തുന്ന ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് 5.3 bhp കരുത്തിൽ പരമാവധി 20 Nm ടോർക് വരെ വികസിപ്പിക്കാനാവും. ഇക്കോ മോഡിൽ 90 കിലോമീറ്ററും സ്‌പോർട്‌സ് മോഡിൽ 80 കിലോമീറ്ററും റൈഡിങ് റേഞ്ചാണ് അവകാശപ്പെടുന്നത്. 5A ഹോം സോക്കറ്റുകൾക്കൊപ്പം ഉപയോഗിക്കാവുന്ന 230V പോർട്ടബിൾ ചാർജറാണ് സ്കൂട്ടറിൽ ഉപയോഗിക്കുന്നത്. ഇതുവഴി നാല് മണിക്കൂറിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം.
ഫാസ്റ്റ് ചാർജിങ് ഓപ്ഷൻ നൽകുന്നില്ലെന്നത് വലിയ പോരായ്‌മയാണ്. ഓൾ-മെറ്റൽ ബോഡി, എൽഇഡി ലൈറ്റിങ്, രണ്ട് റൈഡിങ് മോഡുകൾ, റിവേഴ്സ് മോഡ്, ഹിൽ ഹോൾഡ് അസിസ്റ്റ്, റോൾ-ഓവർ ഡിറ്റക്ഷൻ, കളർ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോഡി-നിറമുള്ള റിയർ വ്യൂ മിററുകൾ, ഡ്യുവൽ-ടോൺ സീറ്റ് തുടങ്ങിയ സംവിധാനങ്ങൾ ചേതകിലുണ്ട്. യുഎസ്ബി ചാർജറും സ്മാർട്ട് കീ ഉള്ള കീലെസ് ഓപ്പറേഷനും ഓവർ-ദി-എയർ അപ്‌ഡേറ്റുകൾക്കൊപ്പം 4G കണക്റ്റിവിറ്റിയും ആൻഡ്രോയിഡിലും iOS-ലും ലഭ്യമായ മൈ ചേതക് ആപ്ലിക്കേഷനും ഫീച്ചറുകളായി ലഭിക്കും. സ്വിച്ച് ഗിയർ ബാക്ക്‌ലൈറ്റും സോഫ്റ്റ് ടച്ചുമാണ്. സീറ്റിനടിയിലെ സ്റ്റോറേജ് 18 ലിറ്ററാണ്. ഗ്ലൗബോക്സ് സ്റ്റോറേജ് 4 ലിറ്റർ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.