സൈക്കിൾ വന്നു... ബെല്ലടിച്ചു...
text_fieldsസൈക്കിൾ വന്നു ബെല്ലടിച്ചു...
ഞാൻ പറഞ്ഞു മാറി നിൽക്കാൻ...
എന്റെ പേരിൽ കുറ്റമില്ല... വൺ ടൂ ത്രീ ഫോർ.. കേട്ടുപഴകിയ ഒരുനാടൻ പാട്ടാണിത്. നമ്മുടെ മലയാളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും സൈക്കിൾ കഥകളും പാട്ടുകളും സിനിമകളുമൊക്കെ പ്രചാരത്തിലുണ്ട്. സർക്കസ്സിലെ സൈക്കിൾ അഭ്യാസികളേയും ധാരാളം കണ്ടിട്ടുണ്ട്. കാലത്തിനോടും ജീവതത്തോടും ചേർന്നുനിൽക്കുന്ന ഒരത്ഭുതം.
● അതായത് സൈക്കിളെന്നാൽ ഇരുചക്രവും ബെല്ലുമുളള വെറും വാഹനം മാത്രമല്ലെന്ന് അർത്ഥം. മാലോകർ കണ്ടുതുടങ്ങിയ കാലം മുതൽ ലക്ഷക്കണക്കിന് മനസ്സുകൾ കീഴടക്കിയ ചെറുവണ്ടി. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാഹനമെന്ന റെക്കോർഡും സൈക്കിളിനാണ്. പ്രായഭേദമെന്യേ ആർക്കും ഉപയോഗിക്കാമെന്നതിനാൽ കുട്ടിക്കാലത്ത് സ്വന്തം സൈക്കിളെന്ന മോഹം മനസ്സിൽ കുടിയേറാത്തവരും കുറവല്ല.
● യൂറോപ്പിൽ നിന്നാണ് സൈക്കിൾ ലോകമാകെ വ്യാപിച്ചത്. തടിചക്രങ്ങളിൽനിന്ന് ഇരുമ്പുകമ്പികളിലേക്കും വീലുകളിലേക്കും മാറിയതോടെ സൈക്കിൾ കൂടുതൽ ജനകീയമായി. പലതരം രൂപമാറ്റങ്ങൾക്കൊടുവിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് പെഡലുകളും ചെയിനും ഉപയോഗിക്കുന്ന സൈക്കിൾ രൂപപ്പെടുന്നത്. പിന്നീട് കാലം കാറുകളിലേക്ക് വഴിമാറിയെങ്കിലും സൈക്കിൾ ആരാധകർക്ക് ഒരുകുറവുമുണ്ടായില്ല. പ്രതിവർഷം ഒരു ബില്ല്യൺ സൈക്കിളുകളാണ് ഇപ്പോഴത്തെ ഉൽപാദനം.
● ജനകീയമാകുംതോറും സൈക്കിളിന് മാറ്റങ്ങളും സംഭവിച്ചു. സവാരിക്കു പുറമെ വിനോദത്തിനും, വ്യായാമത്തിനും കായിക മത്സരങ്ങൾക്കും മറ്റുമായി സൈക്കിൾ ഉപയോഗിച്ചുതുടങ്ങി. ഇക്കാലത്ത് ഓരോന്നിനും അനുയോജ്യമായ നിലയിലാണ് സൈക്കിളുകൾ പുറത്തിറങ്ങുന്നത്. വേഗതയും ദൂരവും മറ്റും വ്യക്തമാകുന്ന ഇലക്ട്രോണിക് മീറ്ററുകളും വിവിധ ഗിയർ മോഡലുകളും മൾട്ടി യൂടിലിറ്റി സ്റ്റൈലുകളുമാണ് പുതിയ പ്രത്യേകത.
● യൂടിലിറ്റി സൈക്കിൾ, മൗണ്ടെയിൻ സൈക്കിളുകൾ, റെയിസിങ്ങ് സൈക്കിളുകൾ, ടൂറിങ്ങ് സൈക്കിളുകൾ, ഹൈബ്രിഡ് സൈക്കിളുകൾ, ക്രൂസർ സൈക്കിളുകൾ തുടങ്ങി വിവിധ മോഡലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണെന്ന് യുഎഇയിലെ പ്രമുഖ സൈക്കിൾ ഷോറുമായ ലണ്ടൻ ബൈക്കിന്റെ മാനേജിംഗ് ഡയറക്ടർ അബ്ദുൾ ജലീൽ പറയുന്നു. മനുഷ്യാധ്വാനം കുറയുന്ന ഇലക്ട്രിക് മോഡലുകൾക്കും ഡിമാന്റ് ഏറെയുണ്ട്.
● വ്യായാമം, മാലിന്യനിയന്ത്രണം എന്നിവ കണക്കിലെടുത്ത് യുഎഇ സൈക്കിൾ സവാരിക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ഗതാഗതത്തിരക്ക് ഒഴിവാക്കി പ്രകൃതി സൗഹാർദ്ദ യാത്രകൾ സാധ്യമാകുന്ന സൈക്കിൾ ട്രാക്കുകളും ഒരുക്കി നൽകിയിട്ടുണ്ട്.
രൂപത്തിലും കരുത്തിലും മാറ്റങ്ങളുമായി പുതിയ മോഡൽ സൈക്കിളുകൾ നിരത്തിലിറങ്ങുമ്പോഴും സൈക്കിളിനെ സൈക്കിളാക്കുന്ന ആ പഴയ ബെല്ലിന് മാത്രം മാറ്റമില്ല. കാരണം കാതുകളിൽ കിലുങ്ങുന്ന ഒരു സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് ആ ശബ്ദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.