വാഹനം പൊളിക്കാനും വൻകിട കമ്പനികൾ; ഡീലർമാർ വഴി സ്ക്രാപ്പ് പദ്ധതി ആരംഭിച്ച് റെനോ
text_fieldsരാജ്യത്ത് നടപ്പാക്കുന്ന സ്ക്രാപ്പേജ് പോളിസിയുടെ ചുവടുപിടിച്ച് വാഹനം പൊളിക്കൽ പദ്ധതി ആരംഭിച്ച് റെനോ. റിലൈവ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. മഹീന്ദ്ര ഇന്‍റർട്രേഡ് ലിമിറ്റഡും കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.ടി.സിയും ചേർന്നുള്ള സംരംഭമായ സെറോ റീസൈക്ലിംഗുമായി സഹകരിച്ചാണ് പദ്ധതി രൂപീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സംഘടിത സ്ക്രാപ്പ് വെഹിക്കിൾ റീസൈക്ലിംഗ് കമ്പനിയാണിത്.
ഡൽഹി, ചെന്നൈ, മുംബൈ, പുണെ, ബംഗളൂരു എന്നിവിടങ്ങളിലാണ് റെനോ ഇന്ത്യ തങ്ങളുടെ പദ്ധതി അവതരിപ്പിക്കുന്നത്. ഏത് കമ്പനിയുടെയും പഴയതോ കാലാവധി തീർന്നതോ ആയ വഹനങ്ങൾ റെനോയുടെ അംഗീകൃത ഡീലർഷിപ്പുകളിലേക്ക് കൊണ്ടുവരാം. വാഹനം പരിശോധിച്ച് കമ്പനി അതിനൊരു വില നിശ്ചയിക്കും. തുടർന്ന് ക്വിഡ്, ട്രൈബർ, ഡസ്റ്റർ തുടങ്ങിയ റെനോയുടെ മോഡലുകൾ സ്ക്രാപ്പ് ആനുകൂല്യത്തിനൊപ്പം വാങ്ങാനാകും.
വാഹനത്തിന്‍റെ വില നിശ്ചയിക്കൽ മുതൽ ആർ.ടി.ഒയിലെ ഡി-രജിസ്ട്രേഷൻ വരെയുള്ള മുഴുവൻ പ്രക്രിയകളും കമ്പനി കൈകാര്യം ചെയ്യും. പഴയ ഇരുചക്രവാഹനങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും റെനോ സൗകര്യം ഒരുക്കുന്നുണ്ട്. സ്ക്രാപ്പ് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് കാർ വാങ്ങാൻ റെനോ ഫിനാൻസ് കുറഞ്ഞ പലിശക്ക് വായ്പ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.