ഒറ്റ ചാര്‍ജില്‍ 108 കിലോമീറ്റര്‍; ഫ്യൂച്ചറിസ്റ്റിക് രൂപഭംഗിയിൽ ബി.എം.ഡബ്ല്യു സിഇ 02
text_fieldsഫ്യൂച്ചറിസ്റ്റിക് രൂപഭംഗിയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അതരിപ്പിച്ച് ബി.എം.ഡബ്ല്യു. ഇന്ത്യന്‍ വിപണിയിൽ നിലവിലുള്ള പെട്രോള്‍ സ്‌കൂട്ടറുകളുടെയും ഇ - സ്‌കൂട്ടറുകളുടേയും രൂപകല്‍പനയില്‍നിന്നും വ്യത്യസ്തവും പുതുമയുള്ളതുമാണ് ബി.എം.ഡബ്ല്യു സിഇ 02 ന്റെ രൂപകല്‍പന. നിലവില്‍ വില്‍പ്പനക്കെത്തുന്ന സ്‌കൂട്ടറുകളൊന്നും പോര അല്‍പ്പം പ്രീമിയമാകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കായി പിറവി എടുത്തതാണ് ഈ സ്‌കൂട്ടര്‍. പുതിയ ബി.എം.ഡബ്ല്യു സിഇ 02 എന്ന മോഡലിന് 4.5 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബി.എം.ഡബ്ല്യു സിഇ 04 എന്ന മോഡലിന് ശേഷം ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.
രണ്ട് വേരിയന്റുകളിലാണ് വാഹനം ഇറങ്ങുന്നത്. കോസ്മിക് ബ്ലാക്ക്, കോസ്മിക് ബ്ലാക്ക് 2 എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍ സ്‌കൂട്ടറിനുണ്ട്. മറ്റ് ഇരുചക്രവാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച് ബോഡി പാനലുകളോട് കൂടിയ ബെയര്‍ബോണ്‍ ഡിസൈനാണ് ഇ.വിക്കുള്ളത്. ഇത് ഒരു ഇ-മോട്ടോര്‍ ബൈക്കോ ഇ-സ്‌കൂട്ടറോ അല്ല, മറിച്ച് സിഇ 02 ഒരു 'ഇപാര്‍ക്കൗറര്‍' ആണെന്നാണ് ബി.എം.ഡബ്ല്യു പറയുന്നത്.
സ്റ്റാന്‍ഡേര്‍ഡ് സ്‌കൂട്ടറില്‍ എല്‍.ഇ.ഡി ലൈറ്റിങ് സെറ്റപ്പ്, യു.എസ്.ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട്, രണ്ട് റൈഡ് മോഡുകള്‍ (ഫ്ലോ, സര്‍ഫ്), സിംഗിള്‍-ചാനല്‍ എ.ബി.എസ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിവേഴ്സ് മോഡ്, കീലെസ് ഓപ്പറേഷന്‍, ആന്റി-തെഫ്റ്റ് അലാറം, 3.5 ഇഞ്ച് മൈക്രോ ടി.എഫ്.ടി സ്‌ക്രീന്‍ എന്നിവ ലഭിക്കും. ഹൈലൈന്‍ പാക്കേജില്‍ ഫ്ലാഷ് എന്ന് വിളിക്കുന്ന അധിക റൈഡ് മോഡ്, കോണ്‍ട്രാസ്റ്റ് ചേര്‍ക്കാന്‍ കളേര്‍ഡ് ടേപ്പുകള്‍, ഗോള്‍ഡന്‍ ആനോഡൈസ്ഡ് ഫോര്‍ക്കുകള്‍, ട്രൈ-കളേര്‍ഡ് സീറ്റ്, ഹീറ്റഡ് ഗ്രിപ്പുകള്‍, സ്മാര്‍ട്ട്ഫോണ്‍ ഹോള്‍ഡര്‍, ഫാസ്റ്റ് ചാര്‍ജര്‍ എന്നിവ ലഭിക്കുന്നു. ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് ഡിസ്‌കിലെ എ.ബി.എസ് എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
വിദേശ വിപണികളില്‍ ഇതിനകം വില്‍പ്പനക്കെത്തിയ സിഇ 02 ഈസി റൈഡ് സിറ്റി സ്‌കൂട്ടര്‍ തേടുന്നവരെയാണ് ലക്ഷ്യം വെക്കുന്നത്. ഒറ്റ പരന്ന സീറ്റും ദീര്‍ഘചതുരാകൃതിയിലുള്ള ഫ്രണ്ട് എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകളുമാണ് സ്‌കൂട്ടറിനുള്ളത്. ഡ്യുവല്‍ ലൂപ്പ് സ്റ്റീല്‍ ഫ്രെയിമിലാണ് ഇ.വി പണികഴിപ്പിച്ചിരിക്കുന്നത്. അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും അഡ്ജസ്റ്റബിള്‍ റിയര്‍ ഷോക്ക് അബ്സോര്‍ബറുകളും നല്‍കിയിട്ടുണ്ട്. 239 എം.എം ഫ്രണ്ട് ഡിസ്‌കും 220 എം.എം റിയര്‍ ഡിസ്‌കും സ്റ്റോപ്പിങ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. എ.ബി.എസും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 14 ഇഞ്ച് അലോയ് വീലുകള്‍ നല്‍കി വാഹനം മനോഹരമാക്കിയിട്ടുണ്ട്.
എയര്‍ കൂള്‍ഡ് സിന്‍ക്രണസ് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 3.9 കിലോവാട്ട് ബാറ്ററി പാക്കാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 108 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് സാധിക്കുമെന്ന് ബി.എം.ഡബ്ല്യു അവകാശപ്പെടുന്നു. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്. ഇത് ഹൈവേ യാത്രകള്‍ സുഖകരമാക്കും. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി 5 മണിക്കൂറും 12 മിനിറ്റും കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഇന്ത്യയിലെ എല്ലാ ബി.എം.ഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളിലും ബുക്കിങ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.