ക്ലാസിക്, ഒപ്പം മോഡേൺ ഫീച്ചറുകളും; നിരത്തുകളിൽ ആവേശമാകാൻ ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ 650
text_fieldsഒരുകാലത്ത് മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ആവേശമായിരുന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ബി.എസ്.എ, ഗോള്‍ഡ് സ്റ്റാര്‍ 650 എന്ന രാജ്യാന്തര മോഡലിലൂടെ വീണ്ടും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. ആധുനിക ഫീച്ചറുകളും പെര്‍ഫോമെന്‍സും കൂട്ടിയിണക്കിയ വാഹനത്തിന് നൊസ്റ്റാള്‍ജിയ കൂടി ചേരുന്നതോടെ വാഹനം സൂപ്പര്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം. രൂപഭംഗിയും ക്ലാസിക് ടച്ചും കൂട്ടിനെത്തുന്നതോടെ ഗോള്‍ഡ് സ്റ്റാര്‍ 650 എന്ന ബി.എസ്.എ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വിപ്ലവം തീര്‍ക്കും.
1960കളില്‍ വിപണിയിലുണ്ടായിരുന്ന ബി.എസ്.എയുടെ ഗോള്‍ഡ് സ്റ്റാര്‍ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ മോഡലിനെ പുറത്തിറക്കുന്നത്. ടിയര്‍ ഡ്രോപ് ഇന്ധന ടാങ്കും വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റും ഡി.ആര്‍.എല്ലുകളും സ്പോക് വീലുകളും ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ 650യിലുണ്ട്. സിംഗ്ൾ സീറ്റിലെത്തുന്ന ഈ മോട്ടോര്‍ സൈക്കിളില്‍ ലൈറ്റ് അലൂമിനിയം റിമ്മും അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്.
652 സി.സി. ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് ഗോള്‍ഡ് സ്റ്റാര്‍ 650യുടെ കരുത്ത്. 45 ബി.എച്ച്.പി കരുത്തും പരമാവധി 55 എന്‍.എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. രാജ്യാന്തര മാര്‍ക്കറ്റിലും ഇതേ സ്പെസിഫിക്കേഷനിലാണ് ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ 650 പുറത്തിറക്കിയിരിക്കുന്നത്. ആറ് മോഡലുകളിലായി എത്തുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 2.99 ലക്ഷം രൂപ മുതല്‍ 3.34 ലക്ഷം രൂപ വരെയാണ്.
തോക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയായാണ് 1861ല്‍ ബര്‍മിങ്ഹാം ആംസ് കമ്പനി (ബി.എസ്.എ) ആരംഭിക്കുന്നത്. 1903 ആയപ്പോഴേക്കും മോട്ടോര്‍ സൈക്കിള്‍ ബിസിനസിലേക്കും കമ്പനി തിരിഞ്ഞു. ആദ്യ മോട്ടോര്‍ സൈക്കിള്‍ 1910ലാണ് ബി.എസ്.എ പുറത്തിറക്കുന്നത്. വൈകാതെ ലോകത്തെ ഒന്നാം നമ്പര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയായി ബി.എസ്.എ മാറി. 1960കളിലും 70കളിലും മോശം മാനേജ്മെന്റും ഉൽപന്ന വൈവിധ്യമില്ലായ്മയും ജാപ്പനീസ് കമ്പനികളില്‍ നിന്നുള്ള വെല്ലുവിളിയുമെല്ലാം ചേര്‍ന്ന് ബി.എസ്.എ തകര്‍ന്നു.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലം മുതല്‍ക്കേ ഇന്ത്യയില്‍ ബി.എസ്.എ മോട്ടോര്‍സൈക്കിളുകള്‍ ഇറക്കുമതി ചെയ്തിരുന്നു. മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്സാണ് 2021ല്‍ ബി.എസ്.എയെ വീണ്ടും വിപണിയില്‍ അവതരിപ്പിച്ചത്. യൂറോപില്‍ അടക്കം 23 രാജ്യങ്ങളില്‍ നിലവില്‍ ബി.എസ്.എ മോട്ടോര്‍സൈക്കിള്‍ വില്‍പനക്കെത്തുന്നുണ്ട്. 2021ല്‍ ക്ലാസിക് ലെജന്‍ഡ്സ് ഏറ്റെടുക്കാനെത്തിയതോടെയാണ് ബി.എസ്.എ മോട്ടോര്‍സൈക്കിളിന് പുതുജീവന്‍ ലഭിച്ചത്. ജാവ, യെസ്ഡി തുടങ്ങിയ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡുകളെ പുനരുജ്ജീവിപ്പിച്ച ചരിത്രമുള്ളവരാണ് ക്ലാസിക് ലെജന്‍ഡ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.