ഇറക്കുമതി കാറുകൾക്ക് വില കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; നികുതി വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം
text_fieldsരാജ്യെത്ത വാഹന നിർമാതാക്കളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി കുറയ്ക്കുക എന്നത്. ഇത്തവണത്തെ ബജറ്റിൽ അത്തരമൊരു പ്രഖ്യാപനം പലരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ നികുതി കുറച്ചില്ല എന്നുമാത്രമല്ല 10 ശതമാനം നികുതി വർധനവാണ് കേന്ദ്രം പുതിയ ബഡ്ജറ്റിൽ വരുത്തിയിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് 2023 അവതരിപ്പിച്ചതോടെ ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തില്‍ ഇനി വില കൂടുമെന്ന് ഉറപ്പായിട്ടുണ്ട്. വിദേശത്ത് നിർമ്മിക്കുകയും ഇന്ത്യയിൽ വിൽക്കുകയും ചെയ്യുന്ന വാഹനങ്ങൾക്ക് പുതിയ നികുതി ഘടന ബജറ്റിൽ നിർദേശിച്ചിക്കുന്നു.
പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമാണിതെന്നാണ് സർക്കാർ വിശദീകരണം. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ കസ്റ്റംസ് തീരുവ വർധിപ്പിക്കാനാണ് ബജറ്റ് നിർദ്ദേശിച്ചിക്കുന്നത്. ഇതോടെ പൂർണമായും നിർമ്മിച്ച യൂനിറ്റുകളായി (സി.ബി.യു) ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങളുടെ കസ്റ്റംസ് തീരുവ 60 ശതമാനത്തിൽ നിന്ന് 70 ശതമാനം വർധിക്കും. ഇ.വി ഉൾപ്പെടെയുള്ള സെമി നോക്ക്ഡ് ഡൗൺ (എസ്.കെ.ഡി) കാറുകൾക്ക് 30 ശതമാനത്തിൽ നിന്ന് 35 ശതമാനം നികുതി വർധനവും വരുത്തിയിട്ടുണ്ട്.
സി.ബി.യു ആയി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാറുകളിൽ 40,000 ഡോളറിൽ കുറവ് വിലയുള്ള, 3.0 ലിറ്റർ പെട്രോൾ കാറുകൾക്കും 2.5 ലിറ്റർ ഡീസൽ വാഹനങ്ങൾക്കുമാണ് നികുതി ഉയർത്തിയത്. ഇതിനും മുകളിലുള്ള ഇറക്കുമതി വാഹനങ്ങൾക്ക് ഇപ്പോൾതന്നെ 100 ശതമാനമാണ് കസ്റ്റംസ് തീരുവ.
ടെസ്‌ല പോലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ ഇനിയും ഇന്ത്യൻ വാഹന വിപണിയിൽ പ്രവേശിക്കാത്തത് ഉയർന്ന നികുതിയിൽ തട്ടിയുള്ള തർക്കങ്ങളുടെ പേരിലാണ്. മറ്റ് കാർ നിർമ്മാതാക്കളും ഇറക്കുമതി ചെയ്ത മോഡലുകൾക്ക് ഉയർന്ന നികുതി ചുമത്തുന്നതിനെ കുറിച്ച് തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കുകയും ഈ വർഷത്തെ ബജറ്റിൽ കേന്ദ്രം ഭാരം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്‍തിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിലെ ആഡംബര കാർ സെഗ്‌മെന്റ് ഗണ്യമായ വളർച്ച കൈവരിച്ചിരുന്നു. ജർമ്മൻ പെർഫോമൻസ് കാർ നിർമ്മാതാക്കളായ പോര്‍ഷെ 779 കാറുകൾ കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റു. ഇറ്റാലിയൻ നിർമ്മാതാക്കളായ ലംബോർഗിനി 92 കാറുകളാണ് 2022ൽ ഇന്ത്യയിൽ വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.