വാഹനങ്ങൾ പൊളിക്കുന്നതിന് ബജറ്റിൽ വിപുല പദ്ധതി; ഗ്രീൻ പ്രൊജക്റ്റുകൾക്ക് 35,000 കോടി
text_fieldsസ്ക്രാപ്പേജ് നയത്തിന് പിന്തുണ നൽകി കേന്ദ്ര ബജറ്റ്. പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ കൂടുതൽ തുക അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പഴയ വാഹനങ്ങളും ആംബുലൻസുകളും ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാരുകളെ കേന്ദ്രം പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു.
‘2021-22 ബജറ്റിൽ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പേജ് നയമനുസരിച്ച് കേന്ദ്ര സർക്കാരിന് കീഴിലുള്ള പഴയ വാഹനങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ കൂടുതൽ ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. പഴയ വാഹനങ്ങളും പഴയ ആംബുലൻസുകളും ഒഴിവാക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുകയും ചെയ്യും’-മന്ത്രി പറഞ്ഞു.
2070ൽ കാർബൻ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുണ്ട്. സീറോ എമിഷൻ കൈവരിക്കുന്നതിനായുള്ള ഗ്രീൻ പ്രൊജക്റ്റുകൾക്കായി 35,000 കോടിയാണ് പ്രഖ്യാപിച്ചത്. ഗ്രീൻ ഹൈഡ്രജൻ നിർമിക്കുന്നതിന് 19,700 കോടിയും വകയിരുത്തിയിട്ടുണ്ട്. 2030ൽ ഇന്ത്യയുടെ ഗ്രീൻ ഹൈഡ്രജൻ പ്രൊഡക്ഷൻ അഞ്ച് മില്യണ്‍ മെട്രിക് ടണ്ണിൽ എത്തിക്കുകയാണ് ലക്ഷ്യം.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി ലിഥിയം അയൺ ബാറ്ററികള്‍ക്ക് നൽകി വന്നിരുന്ന കസ്റ്റംസ് ഡ്യൂട്ടി ഇളവ് ഒരു വർഷം കൂടി നീട്ടിയിട്ടുണ്ട്. ലിഥിയം അയൺ ബാറ്ററികൾ നിർമിക്കാൻ ആവശ്യമായ കാപ്പിറ്റൽ ഗുഡ്സുകൾക്കും മെഷിനറികള്‍ക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി ഇളവുകളും നീട്ടിയിട്ടുണ്ട്.
പുതിയ സ്‌ക്രാപ്പേജ് നയം അനുസരിച്ച് 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഘട്ടംഘട്ടമായി നിരത്തിൽനിന്ന് ഒഴിവാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ലക്ഷം വാഹനങ്ങൾ 2023 ഏപ്രിൽ 1 മുതൽ പൊളിച്ചുതുടങ്ങുമെന്ന് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.