കരുത്തരിൽ കരുത്തൻ ബുഗാട്ടി ടൂർബിയോൺ
text_fieldsകരുത്തുകൊണ്ടും വന്യമായ സൗന്ദര്യം കൊണ്ടും ആഡംബര കാർ പ്രേമികളുടെ മനം കവരുകയാണ് ബുഗാട്ടി ടൂർബിയോൺ. ലോകത്തിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള കാർ എന്ന വിശേഷണവുമായാണ് ബുഗാട്ടി ടൂർബിയോണിന്റെ കടന്നുവരവ്. രണ്ട് സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനു കഴിയും.
യൂറോപ്യൻ കാർ നിർമാതാക്കളായ ബുഗാട്ടി 2004ൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി ആഡംബരത്തിന്റെയും പ്രകടന മികവിന്റെയും അവസാന വാക്കായി ഹൈപർ സ്പോർട്സ് കാർ വെയിറോണിലൂടെ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ബുഗാട്ടിയുടെ പുനർജൻമത്തെ അടയാളപെടുത്തുന്നതോടൊപ്പം ഹൈപ്പർ കാർ വ്യവസായത്തിലെ ഭാവി കണ്ടുപിടിത്തങ്ങൾക്ക് കളമൊരുക്കുന്നതുകൂടിയായിരുന്നു ഈ എൻജീനിയറിങ് വൈദഗ്ധ്യം. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം 2016ൽ കൂടുതൽ പുതുമകളുമായി ബുഗാട്ടി തങ്ങളുടെ പാരമ്പര്യത്തിലേക്ക് പുതിയ ഒരു അധ്യായം കൂടി കൂട്ടിച്ചേർത്തു. ഐകോണിക് 8.0 ലിറ്റർ ഡബ്ല്യു 16 എൻജിൻ. എന്നാൽ വെയിറോണിലെ 1001എച്ച്.പിക്ക് പകരം ലോകത്തിലെ തന്നെ ഒരേ ഒരു റോഡ് ലീഗൽ 1500എച്ച്.പി കരുത്തോട് കൂടിയാണ് പുതിയ ബ്രഹ്മാണ്ഡ മോഡലിനെ അവതരിപ്പിച്ചത്. ചിറോൺ എന്ന് പേരിട്ട് വർണ്ണനകൾക്കതീതമായ ആ എൻജിനിയറിങ് സൗന്ദര്യത്തിൽ ആരും കൊതിക്കുന്ന ലക്ഷ്വറിയും പ്രകടന മികവും ഒരുപോലെ ഇഴുകി ചേർത്തിരുന്നു.
ചിറോണിന്റെ സക്സസറായാണ് ‘ബുഗാട്ടി ടൂർബിയോൺ’ വിലയിരുത്തപ്പെടുന്നത്. ഒരു റോ പവർ എന്നതിലുപരി തങ്ങളുടെ മുഖ മുദ്രകൾ വിളിച്ചോതുന്ന തരത്തിലാണ് ബുഗാട്ടി ടൂർബിയോൺ അവതരിക്കുന്നത്. പൂർണമായും പുനർരൂപകല്പ്പന ചെയ്ത ചേസിസും ബോഡിഷെല്ലും, മെച്ചപ്പെടുത്തിയ ഏറോഡൈനാമിക്സും, അജിലിറ്റിയും, കൂടാതെ കൂടുതൽ വിപുലീകരിച്ച ഇൻറ്റീരിയർ സ്പേസും ഇവയിൽ ചിലതാണ്.
ബുഗാട്ടിയുടെ ഐകണിക് മോഡലുകളായ ടൈപ് 57എസ്.സി, ടൈപ് 35, ടൈപ് 41 റോയൽ എന്നീ മൂന്ന് അനശ്വര പിൻഗാമികളെ മുൻ നിർത്തിയാണ് ബുഗാട്ടി ടൂർബിയോൺ അണിയിച്ചൊരുക്കിയിരിക്കുന്നത്. വാഹനത്തിന് കരുത്ത് പകരാൻ ഹൃദയഭാഗത്ത് ഒരു വി16 എൻജിനും ഒപ്പം ഇലക്ട്രിക് മോട്ടറുകളും അത്യാധുനിക ബാറ്ററി പാക്കും ഇതിനെ സമന്വയിപ്പിക്കുന്ന ഒരു ഹൈബ്രിഡ് സിസ്റ്റവും പ്രതീക്ഷിക്കാം. കരുത്തിനെ റോഡിലേക്ക് പകരുമ്പോൾ കാര്യക്ഷമമായ പ്രകടനവും ഗ്രിപ്പും പ്രദാനം ചെയ്യുന്നതിന് ബെസ്പ്പോക് മിഷലിന് പൈലറ്റ് ക്യാപ് സ്പോർട്ട് 2 ടയറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2026ൽ വില്പന തുടങ്ങാൻ കാത്തിരിക്കുന്ന വാഹനത്തിന്റെ 250 എണ്ണം മാത്രമാകും വിപണിയിലെത്തുകയെന്ന പ്രത്യേകതയുമുണ്ട്. പ്രാരംഭ വിലയായ 3.8 മില്യൺ യൂറോ കൊടുത്ത് ഈ സ്വപ്ന വാഹനം സ്വന്തമാക്കുന്നവർക്ക് വെറുമൊരു കാർ എന്നതിലുപരി ഒരു തലമുറയുടെ തന്നെ ഐകൺ ആണ് സ്വന്തമാകുന്നത്. 21ാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ തന്നെ ഒരേയൊരു ഓട്ടോമോട്ടീവ് വിപ്ലവം ഏതെന്നു ചോദിച്ചാൽ നിസംശയം പറയാം അത് ‘ബുഗാട്ടി ടൂർബിയോൺ’ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.