ഇ 6ന്റെ മുഖം മിനുക്കി ബി.വൈ.ഡി; തരംഗമാകാൻ ഇമാക്സ് 7 വരുന്നു
text_fieldsചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബി.വൈ.ഡി) പുതിയ മോഡലുമായി എത്തുന്നു. നേരത്തെ എത്തിയ ഇ 6നെ മുഖം മിനുക്കി ഇമാക്സ് 7 എന്ന പേരിലാണ് കമ്പനി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രവും ഒപ്പം മോഡലിന്റെ പേരും ഉള്‍പ്പെടുത്തിയ ടീസര്‍ കമ്പനി ഔദ്യോഗിക വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ഒക്ടോബര്‍ ആദ്യം പുതിയ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.
വാഹനത്തിന്റെ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും വെളിപ്പെടുത്തിയിട്ടുള്ള ടീസര്‍ ചിത്രമാണ് ആദ്യം പുറത്തുവിട്ടത്. ആധുനിക രൂപഭാവവും ഇ 6 നേക്കാള്‍ സ്റ്റൈലിഷായുമാണ് ഇമാക്സ് 7 നിര്‍മിച്ചിരിക്കുന്നത്. പുതുമയുള്ള ബമ്പര്‍, ആംഗുലര്‍ ബോണറ്റ്, വലിപ്പം കുറഞ്ഞ എയര്‍ഡാം, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് തുങ്ങിയവയാണ് പ്രധാന ആകര്‍ഷണം. ഇരട്ട നിറത്തില്‍ തീര്‍ത്തതും ഡോറില്‍ നല്‍കിയിട്ടുള്ളതുമായ റിയര്‍വ്യൂ മിറര്‍, ആകര്‍ഷകമായ അലോയ് വീല്‍, ഷോൾഡര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ഡോറുകള്‍ എന്നിവയാണ് വാഹനത്തിന് സ്റ്റെലിഷ് ലുക്ക് നല്‍കുന്ന ഘടകങ്ങള്‍.
എല്‍.ഇ.ഡി റാപ്പ്എറൗണ്ട് ടെയ്ല്‍ലാമ്പ്, ക്രോമിയം സ്ട്രിപ്പ്, റൂഫ് സ്‌പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പൂര്‍ണമായും ബോഡി കളറില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ ബമ്പര്‍, ബി.വൈ.ഡി ബാഡ്ജിങ് എന്നിവ പിന്‍ഭാഗത്തെ ഭംഗി കൂട്ടുന്നു. ആകര്‍ഷകമായ ഇന്റീരിയർ കൂടി ചേരുമ്പോള്‍ വാഹനത്തിന് തകർപ്പൻ ലുക്കായിട്ടുണ്ട്. മൂന്നുനിരയിലായി ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് സീറ്റിങ് ഒരുക്കിയിരിക്കുന്നത്. 12.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, അനലോഗ് ഡയലില്‍ തീര്‍ത്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ നിയന്ത്രിക്കുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍, സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് മോഡ് സെലക്ടര്‍ തുടങ്ങിയവയാണ് ഇന്റീരിയറിലെ ഹൈലൈറ്റുകള്‍.
55.4 കിലോവാട്ട്, 71.8 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ഇമാക്സ് 7 ലഭ്യമാക്കുക എന്നാണ് ലഭിക്കുന്ന വിവരം. യഥാക്രമം 161 ബി.എച്ച്.പി, 201 ബി.എച്ച്.പി. പവറുകള്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറുകളും ഇവയില്‍ നല്‍കുന്നുണ്ട്. രണ്ട് മോഡലുകള്‍ക്കും 310 എന്‍.എം.ടോര്‍ക്കാണ് ലഭിക്കുക. 55.4 കിലോവാട്ട് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 420 കിലോമീറ്ററും 71.8 കിലോവാട്ട് ബാറ്ററിപാക്ക് മോഡല്‍ 530 കിലോമീറ്റര്‍ റേഞ്ചുമാണ് വാഗ്ദാനം നല്‍കുന്നത്. ഇ 6ന് 29 ലക്ഷം രൂപ മുതലായിരുന്നു കമ്പനി വിലയായി ഈടാക്കിയത്. മാറിയ ഇ.വി വിപണിയും മറ്റു കമ്പനികളുമായുള്ള മത്സരവും കണക്കിലെടുത്താകും ഇ മാക്സിന്റെ വില പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.