എൻട്രി ലെവൽ ഇ.വിയുമായി ബി.വൈ.ഡി; ടിയാഗോയ്ക്ക് വെല്ലുവിളി ഉയർത്താനെത്തുന്നത് ഡോൾഫിൻ
text_fieldsചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ബി.വൈ.ഡി അവരുടെ ആഗോള വാഹന നിരയിലേക്ക് എൻട്രി ലെവൽ ഇ.വി അവതരിപ്പിച്ചു. ഡോൾഫിൻ എന്ന് പേരിട്ടിരിക്കുന്ന വാഹനം ആദ്യം യൂറോപ്പിലാകും വിൽപ്പനക്ക് എത്തുക. 400 കിലോമീറ്ററിന് മുകളിൽ റേഞ്ചുള്ള വാഹനമാണ് ഡോൾഫിൻ. നിലവിൽ ഇന്ത്യയിൽ രണ്ട് മോഡലുകളാണ് ബി.വൈ.ഡി വിൽക്കുന്നത്. പുതിയ മോഡൽ രാജ്യത്ത് എത്തിയാൽ അത് ടാറ്റ തിയാഗോ പോലുള്ള എൻട്രി ലെവൽ ഹാച്ചുകൾക്ക് കനത്ത വെല്ലുവിളിയാകും ഉയർത്തുക.
അറ്റോ 3, e6 ഇവി എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകളാണ് ബി.വൈ.ഡി ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളത്. രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് വിവരം. ആക്‌ടീവ്, ബൂസ്റ്റ്, കംഫർട്ട്, ഡിസൈൻ എന്നിങ്ങനെ നാല് വ്യത്യസ്‌ത വേരിയന്റുകളിലാണ് ഡോൾഫിൻ വിപണിയിൽ എത്തുന്നത്. ഈ മോഡലുകൾക്കെല്ലാം വ്യത്യസ്ത ബാറ്ററി പായ്ക്കുകളും വിലകളും ആണുള്ളത്. കമ്പനിയുടെ സ്വന്തം ലിഥിയം-അയൺ ഫോസ്ഫേറ്റ് ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് കാറിൽ ഉപയോഗിക്കുക. ഡോൾഫിൻ ആക്ടീവിന് 44.9 kWh ബാറ്ററിയും 95bhp ഇലക്ട്രിക് മോട്ടോറും ലഭിക്കും. ഈ പതിപ്പ് എസി പവർ ഉപയോഗിച്ച് 7 കിലോവാട്ട് വരെയും ഡിസി പവർ ഉപയോഗിച്ച് 60 കിലോവാട്ട് വരെ വേഗത്തലും ഇവി ചാർജ് ചെയ്യാം.
44.9 kWh ബാറ്ററിയും 176 bhp മോട്ടോറും ലഭിക്കുന്ന ഡോൾഫിൻ ബൂസ്റ്റാണ് അടുത്ത വേരിയന്റ്. ഇത് 17 ഇഞ്ച് വീലുകളും മൾട്ടി-ലിങ്ക് റിയർ സസ്പെൻഷനും ചേർക്കുന്നുവെന്നതാണ് പ്രത്യേകത. മൂന്നാമനാണ് 60.4 kWh ബാറ്ററി, 205 bhp മോട്ടോർ, 426 കിലോമീറ്റർ റേഞ്ച് എന്ന അവകാശവാദത്തോടെ ഡോൾഫിൻ കംഫർട്ട് പതിപ്പ് എത്തുന്നത്. ഇതിന്റെ പരമാവധി ചാർജിങ് പവർ 88kW ആണ്. വെറും 29 മിനിറ്റിനുള്ളിൽ 30 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവുമെന്ന് സാരം.
ഡിസൈൻ ആണ് ടോപ്പ് എൻഡ് വേരിയന്റ്. ഇത് കംഫർട്ട് മോഡലിന്റെ അതേ സാങ്കേതിക സവിശേഷതകളോടെയാണ് വരുന്നത്. എന്നാൽ പനോരമിക് റൂഫ്, ടു-ടോൺ പെയിന്റ്, ട്രൈ-കളർ അലോയ് വീലുകൾ, വയർലെസ് ചാർജിങ് എന്നീ അധിക ഫീച്ചറുകൾ ഈ മോഡലിൽ ഉണ്ടാകും. 60.4 kWh ബ്ലേഡ് ബാറ്ററിയും സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമുള്ള ഡോൾഫിൻ വെറും 7 സെക്കൻഡിൽ 0 മുതൽ 100 കി.മീ വേഗത കൈവരിക്കും.സ്‌പോർട്ട്, നോർമൽ, ഇക്കണോമി, സ്‌നോ എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളും പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്റീരിയറിൽ 12.8 ഇഞ്ച് ഫ്ലോട്ടിംഗ് സെൻട്രൽ കൺട്രോൾ സ്‌ക്രീൻ, ഫ്ലാറ്റ്-ബോട്ടം മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 5 ഇഞ്ച് ഫുൾ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റുകൾ, കപ്പ് ഹോൾഡറുകൾ, റിയർ സെന്റർ ആംറെസ്റ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.