ബുക്ക് ചെയ്ത വാഹനം മാറ്റിനൽകി പറ്റിച്ചു; കാർ ഡീലർ പുതിയ വാഹനം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി
text_fieldsകാർ ഡീലർഷിപ്പിന്റെ വിശ്വാസ വഞ്ചനയിൽ ഇടപെട്ട് ഉപഭോക്തൃ കോടതി. കർണാടകയിൽ ഹുബ്ബള്ളിയിലാണ് സംഭവം, ഉപഭോക്താവിനോട് വിശ്വാസ വഞ്ചന കാണിച്ച വാഹന ഡീലർക്ക് വൻ തുകയാണ് ജില്ലാ ഉപഭോക്തൃ പരാതി പരിഹാര ഫോറം പിഴ ചുമത്തിയത്. നാഗശാന്തി കിയ ഷോറൂം സർവ്വീസിലെ അപാകതയ്ക്ക് ഉപഭോക്താവിന് പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ 15,95,110 രൂപ പിഴയായി നൽകുകയോ ചെയ്യണമെന്ന് ജില്ലാ ഉപഭോക്തൃ പരാതി പരിഹാര ഫോറം ഉത്തരവിട്ടു.
ധാർവാഡ് ജില്ലയിലെ ജെ.എസ്.എസ കോളേജിൽ ജോലി ചെയ്യുന്ന അദ്ധ്യാപകനായ നാഗരാജ് പാട്ടീൽ ആണ് പരാതിക്കാരൻ. 2020 മെയ് 28 ന് കിയ സെൽറ്റോസ് HTK+ G സ്മാർട്ട് സ്ട്രീം 1.5 ലിറ്റർ മോഡൽ ഇദ്ദേഹം ബുക്ക് ചെയ്തിരുന്നു. 2020 ജൂലൈ 2 -ന്, കിയ ഡീലർ സെൽറ്റോസ് HTK 1.5 ലിറ്റർ വാഹനം ഇദ്ദേഹത്തിന് ഡെലിവറും ചെയ്തു. തനിക്ക് ലഭിച്ചത് താൻ ബുക്ക് ചെയ്ത കാറല്ലെന്ന് ഒരു മാസത്തിന് ശേഷമാണ് നാഗരാജിന് മനസിലായത്.
വാഹനം റീപ്ലേസ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അദ്ദേഹം ഡീലറെ സമീപിച്ചെങ്കിലും വാഹനം മാറ്റി നൽകാൻ നാഗശാന്തി കിയ ജനറൽ മാനേജർ സമ്മതിച്ചില്ല. പകരം, ഇതിനകം ഡെലിവർ ചെയ്ത വാഹനത്തിൽ പുതിയ മോഡലിൽ ലഭ്യമായ സൗകര്യങ്ങൾ ഫിറ്റ് ചെയ്ത് നൽകാമെന്ന് മാനേജർ ഉപഭോക്താവിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പാട്ടീൽ കൺസ്യൂമർ പരാതി പരിഹാര ഫോറത്തെ സമീപിച്ചത്.
പരാതിക്കാരൻ കള്ളം പറയുകയാണെന്നും അദ്ദേഹം ബുക്ക് ചെയ്ത കാർ തന്നെയാണ് കമ്പനി അദ്ദേഹത്തിന് നൽകിയത് എന്നുമാണ് ഡീലർഷിപ്പ് കോടതിയിൽ വാദിച്ചത്. ഇരുഭാഗത്തുനിന്നും വാദങ്ങൾ കേൾക്കുകയും ലഭ്യമായ രേഖകൾ പരിശോധിക്കുകയും ചെയ്ത ഫോറം ചെയർമാൻ ഇഷപ്പ ഭൂട്ടെ, അംഗങ്ങളായ വി.ഐ. ബോളിഷെട്ടി, പി.സി. ഹിരേമത്ത് എന്നിവർ പരാതിക്കാരൻ ബുക്ക് ചെയ്ത വാഹനം നാഗശാന്തി കിയ ഡെലിവർ ചെയ്തിട്ടില്ലെന്ന നിഗമനത്തിലെത്തി.
ഇത് സർവ്വീസിലുള്ള വീഴ്ചയാണെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണെന്നും കൺസ്യൂമർ ഫോറം വ്യക്തമാക്കി. കാർ ഡീലർ വിശ്വാസ ലംഘനം നടത്തുകയും പഴയ മോഡൽ വാഹനം ഡെലിവർ ചെയ്ത് ഉപഭോക്താവിനെ വഞ്ചിക്കുകയും ചെയ്തു എന്നും കോടതി കണ്ടെത്തി.
ഉപഭോക്താവ് ബുക്ക് ചെയ്ത മോഡൽ ഒരു മാസത്തിനുള്ളിൽ ഡെലിവർ ചെയ്യാൻ കൺസ്യൂമർ ഫോറം ഡീലർക്ക് നിർദ്ദേശം നൽകി. ഈ ഓർഡർ ഒരുമാസത്തിനുള്ളിൽ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, നാഗശാന്തി ഡീലർഷിപ്പ് ഉപഭോക്താവിന് 2020 ജൂലൈ 2 മുതൽ 8.0 ശതമാനം പലിശ സഹിതം14.85 ലക്ഷം രൂപ റീഫണ്ട് ചെയ്യുകയും ഉപഭോക്താവിന് ഉണ്ടായ അസൗകര്യത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും വേണം. അതോടൊപ്പം വിധി വന്ന് ഒരു മാസത്തിനുള്ളിൽ ചെലവുകൾക്കായി 10,000 രൂപ കൂടി നൽകണമെന്നും ഫോറം ഡീലറോട് നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.