മാരുതി സുസുകിയുടെ 40 വർഷങ്ങൾ; ആദ്യ ഇ.വി പ്രോജക്ട് പ്രഖ്യാപിച്ച് വാഹന ഭീമൻ
text_fieldsമാരുതി സുസുകിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് 40 വർഷം തികയുന്ന വേളയിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി വാഹന ഭീമൻ. ഗുജറാത്തിലെ ഹൻസൽപുരിൽ ഇലക്ട്രിക് വാഹന ബാറ്ററി നിർമ്മാണ കേന്ദ്രവും ഹരിയാനയിലെ ഖാർഖോഡയിലെ വാഹന ഫാക്ടറിയും നിർമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. പുതിയ നിർമാണ കേന്ദ്രങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. മൊത്തം 30,000 കോടിയുടെ നിക്ഷേപമാണ് മാരുതി രാജ്യത്ത് വരുംവർഷങ്ങളിൽ നടത്തുക. 20,000 കോടി ഹരിയാന പ്ലാന്റിൽ നിക്ഷേപിക്കും. ഗുജറാത്ത് പ്ലാന്റിനായി 10,440 കോടി രൂപയാണ് സുസുകി ചിലവഴിക്കുക. 2025ൽ ആദ്യ ഇ.വി പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ
സുസുകിയുടെ പൂർണ ഉടമസ്ഥതയിലുള്ള യൂനിറ്റായി സുസുകി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ (ആർ ആൻഡ് ഡി) സെന്റർ സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ഗവേഷണ-വികസന മത്സരക്ഷമതയും കഴിവുകളും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചട്ടക്കൂട് ഇതുവഴി സ്ഥാപിക്കുമെന്നും ഇന്ത്യയ്ക്കും മറ്റ് വിപണികൾക്കും വേണ്ടി പുതിയ സാങ്കേതികവിദ്യകൾ ഇവിടെ വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
'ഇന്ത്യ സുസുകി ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു'- സുസുകി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിരോ സുസുകി പറഞ്ഞു. ചടങ്ങിൽ, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ.സി ഭാർഗവ, ഇന്ത്യയിൽ കൂടുതൽ മത്സരാധിഷ്ഠിത ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്ന സുസുക്കി ഫൗണ്ടേഷന്റെ തുടക്കവും പ്രഖ്യാപിച്ചു. ഭാവിയിൽ സുസുകിയുടെ ഗവേഷണ-വികസനത്തിന്റെ പ്രധാന ഉറവിടം ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുസുകി ചെയർമാൻ ഒസാമു സുസുകിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ ആദരിച്ചു. 80കളുടെ തുടക്കത്തിൽ, കാർ നിർമ്മാണത്തിൽ ചരിത്രമൊന്നുമില്ലാത്ത ഒരു രാജ്യത്ത് നിക്ഷേപം നടത്തിയ 92-കാരൻ, ഇന്ത്യൻ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയ ഏറ്റവും സ്വാധീനമുള്ള 10 വ്യക്തികളിൽ ഒരാളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'പുതിയ രണ്ട് നിർമാണ സൗകര്യങ്ങളുടെ വിപുലീകരണം സുസുകിയുടെ മികച്ച ഭാവി സാധ്യതകളുടെ അടിത്തറയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'-ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിൽ സുസുകിയുടെ പങ്കിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.