നിശബ്ദ വിപ്ലവം, 320 കിലോമീറ്റർ റേഞ്ചുമായി ഇ.സി 3 ഇ.വി അവതരിപ്പിച്ച് സിട്രോൺ
text_fieldsഓട്ടോ എക്സ്പോയുടെ കോലാഹലങ്ങൾക്കിടയിൽ രാജ്യത്ത് നിശബ്ദമായൊരു വിപ്ലവം നടക്കുകയാണ്. ഫ്രഞ്ച് കമ്പനിയായ സിട്രോൺ ആണ് ഈ ഇലക്ട്രിക് വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത്. 10 ലക്ഷത്തിൽ താഴെ വിലവരുന്ന 320 കിലോമീറ്റർ റേഞ്ചുള്ള ഇ.സി 3 ഇ.വിയാണ് സിട്രോൺ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലുപ്പവും ബാറ്ററി കപ്പാസിറ്റിയും നോക്കുമ്പോൾ 10 ലക്ഷത്തിന് പുറത്തേക്ക് വില പോകില്ല എന്നാണ് വിലയിരുത്തൽ. വാഹനത്തിെന്റ ബുക്കിങ് ജനുവരി 22 മുതൽ ആരംഭിക്കും. ഫെബ്രുവരി മുതൽ ഇ.വി ഷോറൂമുകളിൽ ലഭ്യമാകും.
സ്റ്റൈലിങ്
സിട്രോൺ ഇ.സി 3 അതിന്റെ പെട്രോൾ മോഡലിന്റെ അതേ രൂപത്തിലാണ് എത്തുന്നത്. ടെയിൽ പൈപ്പിന്റെ അഭാവവും ഫ്രണ്ട് ഫെൻഡറിൽ സ്ഥിതിചെയ്യുന്ന പുതിയ ചാർജിങ് പോർട്ടും മാത്രമാണ് പുറമേയുള്ള വ്യത്യാസം. ഉള്ളിൽ മാനുവൽ ഗിയർ ലിവറിന് പകരം പുതിയ ഡ്രൈവ് കൺട്രോൾ ലഭിക്കും. ഇന്റീരിയറിൽ ഇലക്ട്രിക് എന്ന് വേർതിരിച്ച് അറിയാവുന്ന ചില്ലറ മിനുക്കുപണികൾ മാത്രമാണ് നടത്തിയിരിക്കുന്നത്. മറ്റെല്ലാ ബോഡി പാനലുകളും, ഇന്റീരിയർ, മെക്കാനിക്കൽ ഘടകങ്ങളും മാറ്റമില്ലാതെ തുടരുന്നു.
പവർട്രെയിൻ, ചാർജിങ്
സിട്രോൺ ഇ.സി 3ക്ക് 29.2kWh ബാറ്ററി പായ്ക്ക് ലഭിക്കും. 3.3kW ഓൺബോർഡ് എ.സി ചാർജറുമായാണ് വാഹനം വരുന്നത്. കൂടാതെ CCS2 ഫാസ്റ്റ് ചാർജിംഗിനും പ്രാപ്തമാണ്. ഇ.സി 3യുടെ ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ 57 എച്ച്പി കരുത്തും 143 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. എആർഎഐ സാക്ഷ്യപ്പെടുത്തിയ 320 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിനുള്ളത്. ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ ലഭിക്കും. കൂടാതെ റീജനറേറ്റീവ് ബ്രേക്കിങിനും പ്രാപ്തമാണ്.
6.8 സെക്കൻഡിൽ 0-60kph വേഗത കൈവരിക്കാൻ ഇ.സി 3 ന് കഴിയുമെന്നും ഉയർന്ന വേഗത 107kph ആണെന്നും സിട്രോൺ പറയുന്നു. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 57 മിനിറ്റിൽ 10-80 ശതമാനം ചാർജ് ചെയ്യാം. ഹോം ചാർജറിൽ, 10.5 മണിക്കൂറിൽ 10-100 ശതമാനം ടോപ്പ്-അപ്പ് ചെയ്യാൻ കഴിയും. 315km റേഞ്ചും 24kWh ബാറ്ററി പാക്കും ഉള്ള ടാറ്റ ടിയാഗോ ഇവിയെയാണ് ഇ.സി 3 വിപണിയിൽ നേരിടുക.
ഫീച്ചറുകൾ
പെട്രോൾ-പവേർഡ് കൗണ്ടർപാർട്ട് പോലെ, സിട്രോൺ ഇ.സി 3 ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭിക്കും. 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഫോർ സ്പീക്കർ ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ലഭിക്കും. 35 ഫീച്ചറുകളുള്ള ‘MyCitroen Connect’ ആപ്പിനൊപ്പം കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഇ.സി 3 അവതരിപ്പിക്കുന്നു. കാറിന്റെ ചാർജിങ് നിലയും അതിന്റെ സ്ഥാനവും പരിശോധിക്കാനും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനിലേക്ക് നാവിഗേറ്റ് ചെയ്യാനും ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു. സുരക്ഷക്കായി ഇരട്ട എയർബാഗുകളും ഇ.ബി.ഡി സഹിതമുള്ള എബിഎസും ലഭിക്കും.
വാറന്റി
ബാറ്ററി പാക്കിന് 7 വർഷം/1,40,000 കിലോമീറ്റർ വാറന്റി, ഇലക്ട്രിക് മോട്ടോറിന് 5 വർഷം/1,00,000 കിലോമീറ്റർ വാറന്റി, കാറിന് 3 വർഷം/1,25,000 കിലോമീറ്റർ വാറന്റി എന്നിവ സിട്രോൺ വാഗ്ദാനം ചെയ്യുന്നു. 8.49 ലക്ഷമാണ് എതിരാളിയായ ടിയാഗോ ഇ.വിയുടെ വില. ഇത് മനസിൽ കണ്ടുതന്നെയാകും ഇ.സി 3ക്ക് സിട്രോൺ വിലയിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.