'സിട്രോൺ രണ്ടാമൻ' വരുന്നു; സി 3യുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു
text_fieldsഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്‍റെ കോംപാക്ട് ക്രോസ്ഓവർ എസ്.യു.വിയായ സി 3യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. നാല് മീറ്ററിൽ താഴെ നീളമുള്ള വാഹനം ഇന്ത്യയേയും തെക്കേ അമേരിക്കൻ രാജ്യങ്ങളേയും ലക്ഷ്യമിട്ട് നിർമിക്കുന്ന മൂന്ന് വാഹനങ്ങളിൽ ആദ്യത്തേതാണ്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് വാഹനം അവതരിപ്പിച്ചത്. കാര്യമായ ശ്രദ്ധ ലഭിക്കാതെ പോയ സി 5 എയർക്രോസ് എന്ന പ്രീമിയം എസ്.യു.വിക്ക് ശേഷം ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ വാഹനമാണ് സിട്രോൺ അവതരിപ്പിക്കുന്നത്. ജൂൺ അവസാനമോ അടുത്ത മാസം ആദ്യമോ അഞ്ച് സീറ്റുകളുള്ള കോംപാക്റ്റ് ക്രോസ്ഓവർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കൾക്ക് 11000 രൂപക്ക് സി 3 ക്രോസ്ഓവർ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഇന്ത്യക്കായി 90 ശതമാനത്തിലധികം പ്രാദേശികവൽകരിച്ച സി.എം.പി മോഡുലാർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് സിട്രോൺ സി 3 തയ്യാറാക്കിയിരിക്കുന്നത്. കൂറ്റൻ ബോഡി ക്ലാഡിങ്ങുകളോടുകൂടിയ പരുക്കൻ ബോഡിയാണ് പുറംകാഴ്ചയിൽ വാഹനത്തിന് എസ്.യു.വി രൂപം സമ്മാനിക്കുന്നത്. ഇതിന് അനുയോജ്യമായ രീതിയിൽ ഒരു റെയിൽ റൂഫും കൊടുത്തിട്ടുണ്ട്. ഉയർന്ന ബോണറ്റ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന ഡ്രൈവിങ് പൊസിഷൻ എന്നിങ്ങനെയുള്ള എസ്.യു.വി സവിശേഷതകളാണ് സി 3ക്കുള്ളത്.
സിട്രോണിന്‍റെ ഇരട്ട സ്ലാറ്റ് ഗ്രില്ലിനോടൊപ്പം ഒരു ജോഡി സ് പ്ലിറ്റ് എൽ.ഇ.ഡി ഹെഡ് ലാമ്പുകളാണ് മുൻവശത്തെ കാഴ്ചയിൽ ആദ്യം ശ്രദ്ധയിൽപ്പെടുക. സിട്രോണിന്‍റെ ലോഗോ മനോഹരമായി ഗ്രില്ലിൽ ഉൾപ്പെടുത്തി. ഗ്രില്ലിന്‍റെ ഡിസൈനോട് ചേർന്ന് കൊടുത്തിരിക്കുന്ന ഡേ ടൈം റണ്ണിംഗ് ലാമ്പും മുൻവശ കാഴ്ചയിൽ മനോഹരമാണ്. നാല് വശങ്ങളിലും താഴെയായി ക്രമീകരിച്ചിരിക്കുന്ന കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങുകൾ, കറുപ്പിൽ പൊതിഞ്ഞ എ, ബി പില്ലറുകൾ എന്നിവയാണ് സിട്രോൺ C3യുടെ സവിശേഷതകൾ.
ഉൾക്കാഴ്ചയിൽ പ്രീമിയം ലുക്കാണ് വാഹനത്തിനുള്ളത്. എ.സി വെന്റുകളുടെ ഡിസൈൻ വ്യത്യസ്തമാണ്. 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ ആധുക കണക്ടിവിറ്റി സംവിധാനങ്ങൾ എല്ലാം സിട്രോൺ സി 3 ക്രോസ്‌ഓവറിൽ ഉണ്ടാകും. ത്രീ-സ്പോക്ക് സ്റ്റിയറിങ് വീലുകളും നൽകി. ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്‌ഷനുകളിൽ വാഹനം ലഭ്യമാകുമെന്ന അഭ്യൂഹവുമുണ്ട്.
1. 2 ലിറ്റർ എൻ.എ, 1.2 ലിറ്റർ ടർബോ എഞ്ചിൻ എന്നീ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇല്ലായെന്നാണ് സൂചന. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാവും സി 3ക്ക് ഉണ്ടാവുക. C3യുടെ പ്രാരംഭ എക്‌സ് ഷോറൂം വില വെറും 5.5 ലക്ഷം രൂപക്ക് മുകളിലായിരിക്കുമെന്നാണ് സൂചന. ടാറ്റ പഞ്ച്, നിസ്സാൻ മാഗ്നൈറ്റ്, റെനോ കിഗർ, മാരുതി സുസുക്കി ഇഗ്നിസ് തുടങ്ങിയ ഇന്ത്യൻ നിരത്തുകളിലെ കരുത്തരോടാവും സി 3 ഏറ്റുമുട്ടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.