രാജ്യത്ത് സി.എൻ.ജി വില കുതിക്കുന്നു; വാഹനം വാങ്ങിയവർ പ്രതിസന്ധിയിൽ
text_fieldsപെട്രോൾ വിലവർധയിൽനിന്ന് രക്ഷപ്പെടാൻ സി.എൻ.ജിയിലേക്ക് മാറിയ ഉപഭോക്താക്കൾക്കും തിരിച്ചടി. രാജ്യത്ത് സി.എൻ.ജി വില കുതിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ ഒരു കിലോ സി.എൻ.ജിക്ക് 89.50 രൂപയായി. 2021 ഫെബ്രുവരി 8 മുതൽ 2022 നവംബർ 4 വരെയുള്ള 21 മാസത്തിനിടെ മുംബൈയിൽ സി.എൻ.ജി വില 81 ശതമാനം ഉയർന്നിട്ടുണ്ട്. കിലോയ്ക്ക് 49.40 രൂപയിൽ നിന്ന് 89.50 രൂപയായാണ് ഇക്കാലയളവിൽ വില ഉയർന്നത്.
2022 നവംബർ അഞ്ചിന് മുംബൈയിൽ പെട്രോളിന് 106.29 രൂപയും ഡീസലിന് 94.25 രൂപയുമാണ്. രണ്ട് ഇന്ധനങ്ങളുടെയും വില 2022 മെയ് 21 മുതൽ മാറ്റമില്ലാതെ തുടരുകയാണ്. 21 മാസം മുമ്പ്, 2021 ഫെബ്രുവരി 8 ന്, സി.എൻ.ജിയും പെട്രോളും തമ്മിലുള്ള വില വ്യത്യാസം 44.09 രൂപയായിരുന്നു. ഇപ്പോഴത് 16.79 ആയി കുറഞ്ഞിട്ടുണ്ട്. അന്നത്തെ സി.എൻ.ജി വില കിലോയ്ക്ക് 49.40 രൂപയും ഒരു ലിറ്റർ പെട്രോളിന് 93.49 രൂപയും ആയിരുന്നു. അതാണിപ്പോൾ കുതിച്ചുയർന്നത്.
സി.എൻ.ജി കാറുകളുടെ ഭാവി
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാവായ മാരുതി സുസുകി അതിന്റെ എല്ലാ മോഡലുകളും സി.എൻ.ജിയിലേക്ക് മാറ്റുന്ന തിരക്കിലാണ്. ഹ്യുണ്ടായ്, ടാറ്റ തുടങ്ങിയ കാർ നിർമ്മാതാക്കളും അവരുടെ സി.എൻ.ജി പോർട്ട്ഫോളിയോ വിപുലീകരിച്ചു. പെട്രോൾ വിലവർധനവിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിനുപേർ സി.എൻ.ജി വാഹനങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു. നിലവിലെ വിലക്കയറ്റം സി.എൻ.ജി കാറുകളുടെ വിൽപ്പനയെ ബാധിക്കുമെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.
2022 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2021 മുതൽ 2022 മാർച്ച് വരെ), യാത്രാ വാഹന വിഭാഗത്തിൽ സി.എൻ.ജി വാഹനങ്ങൾ വിറ്റഴിച്ചത് 265,383 യൂനിറ്റുകളായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 55 ശതമാനം വളർച്ചയാണ് കൈവരിച്ചത്. സി.എൻ.ജി വില കുതിച്ചുയർന്നതോടെ ആ വളർച്ചാ നിരക്ക് ഇപ്പോൾ മന്ദഗതിയിലാണ്.
ഇപ്പോഴത്തെ അവസ്ഥയിലും പെട്രോൾ അല്ലെങ്കിൽ ഡീസൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സി.എൻ.ജിയുടെ പ്രവർത്തനച്ചെലവ് വളരെ കുറവാണ്. സി.എൻ.ജി കാറുകൾ മികച്ച ഇന്ധനക്ഷമത നൽകും എന്നതും പ്രത്യേകതയാണ്.
വിലക്കയറ്റം കൂടാതെ സി.എൻ.ജി വാഹനങ്ങൾ അനുഭവിക്കുന്ന മറ്റുചില പ്രയാസങ്ങളും ഉണ്ട്. സി.എൻ.ജി റീഫിൽ സ്റ്റേഷനുകൾ കുറവായതിനാൽ ഇന്ധനം നിറയ്ക്കുന്നതിന് കൂടുതൽ സമയമെടുക്കും എന്നതാണ് ഒന്ന്. ഗ്രാമപ്രദേശങ്ങളിൽ സി.എൻ.ജി സ്റ്റേഷനുകൾ ലഭ്യമല്ല എന്നതും പ്രതിസന്ധി തീർക്കുന്നു. സി.എൻ.ജി വാഹനങ്ങൾക്ക് പൊതുവേ സർവ്വീസ് ചിലവുകളും കൂടുതലാണ്.
സി.എൻ.ജി മേഖലയിലെ പ്രതിസന്ധി നേട്ടമാവുക ഇലക്ട്രിക് വാഹനങ്ങൾക്കാവും. ഇ.വികളുടെ പ്രാരംഭ വില സി.എൻ.ജി അല്ലെങ്കിൽ പെട്രോൾ/ഡീസൽ മോഡലിനെക്കാൾ കൂടുതലാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ കുറഞ്ഞ പ്രവർത്തനച്ചെലവ് അതിനെ വളരെ ആകർഷകമാക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി സബ്‌സിഡികൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഇ.വികൾ കൂടുതൽ ജനപ്രിയമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.