സുരക്ഷ പ്രധാനം, നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ അനുവദിക്കാനാകില്ല; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് തടയണമെന്ന് കാണിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഈ കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഐ.എസ്.ഐ അംഗീകാരമില്ലാതെ ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നതും ഐ.എസ്.ഐ മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്‍ക്കുന്നതും തടയും. ഇവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കും.
നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ധരിക്കുന്നതാണ് ഇരുചക്ര വാഹന അപകടങ്ങളില്‍ മരണവും ഗുരുതരപരിക്കും കൂടുന്നതിന് കാരണമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എ.ഐ ക്യാമറയും റോഡിലെ പരിശോധനയും ശക്തമായതോടെ പിഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഹെല്‍മെറ്റ് ധരിക്കുന്നത് ഇരുചക്ര വാഹന യാത്രികർക്ക് ശീലമായിട്ടുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരല്ല. വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഹെല്‍മെറ്റുകള്‍ വാങ്ങി ഉപയോഗിക്കുന്നവരാണ് ഏറെയും. പിഴയടക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ ഹെല്‍മെറ്റ് എന്ന് തോന്നിക്കുന്ന ചട്ടിത്തൊപ്പി ധരിക്കുന്നവരുമുണ്ട്.
മോട്ടോര്‍വാഹന വകുപ്പ്, ട്രാഫിക് പൊലീസ്, അളവുതൂക്ക വിഭാഗം എന്നിവക്ക് ഹെല്‍മെറ്റുകളുടെ ഗുണനിലവാരംകൂടി പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ഐ.എസ്, ഐ.എസ്.ഐ മുദ്ര ഉണ്ടായിരിക്കണം. ഐ.എസ്. 4151:2015 സര്‍ട്ടിഫിക്കേഷന്‍ ഉണ്ടാകണം. വ്യാജ ഐ.എസ്.ഐ. മുദ്രയല്ലെന്ന് ഉറപ്പാക്കണം. ഹെല്‍മെറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തു തലയ്ക്ക് സുരക്ഷ നല്‍കുന്നതാവണം. വായുസഞ്ചാരം ഉറപ്പാക്കണം. 1,200 മുതല്‍ 1,350 ഗ്രാംവരെ ഭാരമുള്ളവയാണ് അനുയോജ്യമെന്നും തല മുഴുവന്‍ മൂടുന്ന ഹെല്‍മറ്റുകളാണ് കൂടുതല്‍ സുരക്ഷിതമെന്നും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.