കർവ്: ടാറ്റയുടെ ഗർവ്
text_fieldsപൂച്ചെണ്ടും കല്ലേറും ഒന്നിച്ചു കിട്ടുന്ന സവിശേഷ നക്ഷത്രത്തിൽ പിറവിയെടുത്തതാണ് ടാറ്റ മോട്ടോഴ്സ്. പണ്ടു പണ്ട് ടാറ്റാ സിയാറയുടെ കാലം മുതൽ അതങ്ങനെയാണ്. കാണുമ്പോഴും ഓടിക്കുമ്പോഴും പൂച്ചെണ്ട്. വർക് ഷോപ്പിൽ കയറുമ്പോൾ കല്ലേറ്. അതാണ് അതിന്‍റെ ഒരു രീതി. ഗൃഹാതുരത്വം നിറഞ്ഞ ആ കാലം ചില സമയത്തു ചില ഡീലർഷിപ്പുകളിൽ നമ്മുടെ നെക്സോൺ പുനരാവിഷ്കരിക്കാറുണ്ട്.
എന്തൊക്കെ പറഞ്ഞാലും ടാറ്റക്ക് എല്ലാാകാലത്തും സൂപ്പർഹിറ്റായി ഓടുന്ന ചില മോഡലുകളുണ്ട്. ഇൻഡിക്കയും സുമോയുമൊക്കെ ഉദാഹരണം. ഈ ഗർവ് ടാറ്റക്ക് എന്നുമുണ്ട്. ഈ പട്ടികയിലേക്ക് കയറ്റാൻ പറ്റിയ മുതലാണ് കർവ്. നെക്സോൺ മതിയെന്നു അപ്പനും ആൾട്രോസ് വേണമെന്നു മക്കളും വാശിപിടിച്ചു പട്ടിണി സമരം നടത്തുന്ന കുടുംബങ്ങൾക്ക് പെട്ടെന്നുള്ള പ്രശ്നപരിഹാരമായിരിക്കും കർവ്.
കർവ് എന്ന കാറുകൊണ്ടു ടാറ്റ വരും വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. രണ്ടുവർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2022 ഏപ്രിലിൽ കർവിന്‍റെ ഇലക്ട്രിക് കൺസെപ്റ്റ് പുറത്തുവന്നിരുന്നു. 2023 ജനുവരിയിൽ എഞ്ചിൻവെച്ച കർവിന്‍റെ കൺസെപ്റ്റും എത്തി. പിന്നെ കാത്തിരിപ്പിന്‍റെ കാലം തുടങ്ങി. കർവുണ്ടാക്കാൻ ടാറ്റ ചിലവാക്കിയ ഭാവനയെക്കാൾ ഭാവന ടാറ്റയുടെ ആരാധകരും പുറത്തെടുത്തു. ഒടുവിൽ ഇപ്പോൾ കർവ് യാഥാർഥ്യമായിട്ടുണ്ട്.
പണ്ടു കണ്ട കൺസെപ്റ്റിൽ നിന്നു വലിയ വ്യത്യാസമൊന്നും കർവ് കൂപ്പെ എസ്.യു.വിക്ക് ഉണ്ടായിട്ടില്ല. മുന്നിൽ ബോണറ്റിലേക്ക് ഇറങ്ങിക്കിടന്ന ഡി.ആർ.എൽ അപ്രത്യക്ഷമായി, പിന്നിലെ ഇരട്ട സ്പോയിലറുകൾ ഒരെണ്ണമാക്കി, പിൻകാഴ്ചകൾ കാണാൻ വെച്ചിരുന്ന കാമറകൾക്ക് പകരം റിയർവ്യൂ മിററുകളായി എന്നതൊക്കെയാണ് പറയാവുന്ന മാറ്റം. മുന്നിൽ നിന്നു നോക്കുമ്പോൾ നെക്സോണിനെ ഓർമ വരുന്നുണ്ടെങ്കിൽ യാദൃശ്ചികമല്ല. ഈ ഓർമ പോകണമെങ്കിൽ കർവിനെ വശങ്ങളിൽ നിന്നു നോക്കിയാൽ മതി.
എഞ്ചിനുള്ളതും ഇലക്ട്രിക് മോട്ടോറുള്ളതുമായ കർവുകൾക്ക് കാഴ്ചയിൽ കുറച്ചു വ്യത്യാസങ്ങളുണ്ട്. ലോവർ ബമ്പറിലെ സ്റ്റൈലിങുകളിലൊക്കെ ഇതു വ്യക്തമാണ്. അടുത്തമാസം ആദ്യ ആഴ്ചയിൽ കർവിന്‍റെ കറണ്ടുവണ്ടി നിരത്തിലെത്തിയേക്കും. തൊട്ടുപിന്നാലെ പെട്രോൾ, ഡീസൽ വകഭേദങ്ങളും വരും. വില നെക്സോണിനേക്കാൾ കൂടുതലായിരിക്കും. കുറച്ചുകാലമെങ്കിലും ടാറ്റയുടെ അഭിമാനമായിരിക്കും ഈ കർവ് എന്നാണ് ആരാധകരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.