ആ ദേവു മാറ്റിസ് കാർ പൊളിക്കരുത്; ഒടുവിൽ കോടതിയും അനൂകൂല ഉത്തരവ് നൽകി
text_fieldsഈയിടെയാണ് ഡൽഹി ഹൈക്കോടതിയിൽ ഒരു ഹരജി വന്നത്. വയോധികയായ സ്ത്രീ തന്റെ കാർ സ്‍ക്രാപ്പ് ചെയ്യരുത് എന്നാവശ്യപ്പെട്ടണ് ഹരജി നൽകിയത്. 2022 ഏപ്രിൽ മുതൽ രാജ്യത്ത് നിലവിൽവന്ന സ്ക്രാപ്പേജ് പോളിസി പ്രകാരം 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും നശിപ്പിച്ച് കളയണമെന്നാണ് നയം പറയുന്നത്. എന്നാൽ തന്റെ പക്കലുള്ള ദേവു മാറ്റിസ് കാർ തങ്ങളുടെ കുടുംബത്തിന്റെ പ്രിയ വാഹനമാണെന്നും കുടുംബാംഗങ്ങൾക്ക് ഒരുപാട് വൈകാരിക ബന്ധങ്ങളുണ്ടെന്നും അത് പൊളിക്കാനുളള നടപടിയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹർജി.
ഡൽഹി സ്വദേശിനിയായ സുഷമ പ്രസാദ് എന്ന റിട്ടയേർഡ് സെൻട്രൽ സിവിൽ അകൗണ്ട്സ് സർവിസ് ഉദ്യോഗസ്ഥയാണ് ഹരജി നൽകിയത്. ജസ്റ്റിസ് മനോജ് കുമാർ ഓഹ്റിയുടെ ബഞ്ചാണ് വാദം കേട്ടത്. ഡൽഹി ഗതാഗത വകുപ്പ് തൻ്റെ പക്കൽ നിന്ന് വാഹനം പിടിച്ചെടുത്ത് സ്ക്രാപ്പിനായി അയച്ചെന്നും ഇത് തടയണമെന്നുമാണ് സുഷമ പ്രസാദ് ഹരജിയിൽ പറയുന്നത്. വാഹനം പിടിച്ചെടുക്കുന്നതിന് മുൻപ് തനിക്ക് മുന്നറിയിപ്പ് നൽകിയില്ല എന്നും ഹരജിയിലുണ്ട്. തന്റെ മരിച്ചുപോയ അമ്മയുടെ പ്രിയപ്പെട്ട വാഹനമായിരുന്നു ഇതെന്നും തനിക്ക് പ്രിയപ്പെട്ട സാധനങ്ങൾ നശിപ്പിക്കാതെ സൂക്ഷിക്കണമെന്ന് അമ്മ പറഞ്ഞിരുന്നെന്നും സുഷമ പ്രസാദ് കോടതിയിൽ പറഞ്ഞു.
വാദം കേട്ട കോടതി സ്‌ക്രാപ്പ് ചെയ്യുന്ന പ്രക്രിയ നിർത്തിവയ്ക്കാനും ഗതാഗത വകുപ്പും അതിൻ്റെ സ്ക്രാപ്പിങ്ങ് ഏജൻസിയും അടുത്ത സിറ്റിങ്ങിനുമുമ്പ് തങ്ങളുടെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വാഹനം സ്ക്രാപ്പ് ചെയ്യുകയോ പൊളിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. സുഷമയുടെ വാഹനം അവരുടെ വീടിനുമുന്നിൽ പാർക് ചെയ്തിരുന്നപ്പോഴാണ് അധികൃതർ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.