10 ലക്ഷം രൂപക്ക് താഴെ വാങ്ങാവുന്ന മികച്ച അഞ്ച് ഡീസൽ കാറുകൾ
text_fieldsഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ ചീറിപാഞ്ഞിരുന്ന പല ഡീസൽ എഞ്ചിനുകളും ഇന്ന് നിരത്തൊഴിഞ്ഞിരിക്കുന്നു. മലിനീകരണ തോത് കുറക്കുന്നതിന്‍റെ ഭാഗമായി ബി.എസ് 6 മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതോടെ ചെറിയ ഡീസൽ എഞ്ചിനുകളിൽ പലതും ഘട്ടംഘട്ടമായി പല കമ്പനികളും അവസാനിപ്പിച്ചു.
മികച്ച ഇന്ധനക്ഷമതയും വലിയ കരുത്തുമാണ് പലർക്കും ഡീസൽ എഞ്ചിൻ ഇന്നും പ്രിയപ്പെട്ടതാക്കുന്നത്. ഇത്തരത്തിൽ 10 ലക്ഷം രൂപയിൽ താഴെ താങ്ങാനാവുന്ന വിലയിൽ വാങ്ങാൻ സാധിക്കുന്ന മികച്ച അഞ്ച് ഡീസൽ കാറുകൾ ഏതെല്ലാമെന്ന് നോക്കാം.
മഹീന്ദ്ര ഥാർ
വാഹനപ്രേമികളുടെ പ്രിയ വാഹനമാണ് മഹീന്ദ്ര ഥാർ. ഫോർ വീൽ ഡ്രൈവ് മോഡൽ സ്വന്തമാക്കാൻ കഴിയാത്തവർക്കായി ഈ വർഷമാദ്യം ഥാറിന്റെ വിലകുറഞ്ഞ പിൻ വീൽ ഡ്രൈവ് (RWD) പതിപ്പ് കമ്പനി അവതരിപ്പിച്ചു. 9.99 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) എന്ന ഞെട്ടിക്കുന്ന വിലയാണ് മഹീന്ദ്ര വാഹനത്തിന് നൽകിയത്.
300 എൻ.എം ടോർക്കുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഥാറിന് കരുത്തേകുന്നത്. 15.2 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ടാറ്റ ആൾട്രോസ്
രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന ഏക ഡീസൽ ഹാച്ച്ബാക്ക് ടാറ്റ ആൾട്രോസ് ആണ്. പുതിയ എമിഷൻ മാനദണ്ഡങ്ങൾ വന്നതോടെ ആൾട്രോസിന്റെ ഡീസൽ പതിപ്പ് നിർത്തലാക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും കമ്പനി അതിന് തയ്യാറായില്ല.
7.99 ലക്ഷം രൂപ (എക്സ്-ഷോറൂം) യാണ് വില. 200 എൻ.എം ടോർക്ക് ഉൽപാദിപ്പിക്കുന്ന 1.5 ലിറ്റർ റിവോടോർക്ക് ഡീസൽ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 23.64 കിലോമീറ്ററാണ് ഇന്ധനക്ഷമത.
മഹീന്ദ്ര ബൊലേറോ നിയോ
TUV300 ന്റെ പിൻഗാമിയാണ് മഹീന്ദ്ര ബൊലേറോ നിയോ. ലേഡർ ഓൺ ഫ്രെയിം നിർമാണ രീതിയിലെത്തുന്ന ഈ എസ്.യു.വിക്ക് ഫീച്ചറുകളാൽ സമ്പന്നമായ മോണോകോക്ക് എസ്.യു.വികളിൽ നിന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
മികച്ച പ്രവർത്തനക്ഷമതയും കരുത്തുമുള്ള കോംപാക്റ്റ് എസ്.യു.വി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പരിഗണിക്കാവുന്ന വാഹനമാണിത്. 260 എൻ.എം ടോർക്കുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്‍റെ കരുത്ത്. 17.3 കിലോമീറ്ററാണ് ഇന്ധനക്ഷമത. 9.62 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില.
മഹീന്ദ്ര XUV300
ഇന്ത്യൻ വിപണിയിലെ ചെറു എസ്.യു.വികളിൽ മുൻനിരതാരമാണ് മഹീന്ദ്ര XUV300. മാരുതി സുസുക്കി ബ്രെസ്സ, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യൂ എന്നീ കോംപാക്ട് എസ്.യു.വികൾക്കെതിരെ ഫീച്ചറുകൾ കൊണ്ട് മുന്നിട്ടു നിൽക്കുന്ന വാഹനമാണിത്.
300 എൻ.എം ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 20.1 ഇന്ധനക്ഷമത നൽകുന്ന വാഹനത്തിന് 9.90 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.
കിയ സോനെറ്റ്
ആരാധകർ ഏറെയുള്ള വാഹനമാണ് കിയ സോനെറ്റ്. ഹ്യുണ്ടായിയുടെ സബ് ബ്രാന്‍റായ കിയ, കുറഞ്ഞ കാലംകൊണ്ട് വലിയ നേട്ടമാണ് സോനെറ്റ് എന്ന ചെറു എസ്.യു.വിയിലൂടെ ഇന്ത്യയിൽ നേടിയത്. ഫീച്ചറുകൾ തന്നെയാണ് സോനെറ്റിനെ ജനപ്രിയമാക്കിയ ഒരു കാരണം.
240 എൻ.എം ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5L ഡീസൽ എഞ്ചിൻ 24.1 കിലോമീറ്റർ ഇന്ധനക്ഷമത ഉറപ്പ് നൽകുന്നു. 9.95 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്‌സ് ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.