ഡ്രൈവിങ് ലൈസൻസ്, ആർ.സി പ്രിന്‍റിങ് നിർത്തുന്നു; ഇനി എല്ലാം ഡിജിറ്റലാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ആർ.സി എന്നിവയുടെ അച്ചടി പൂർണമായി നിർത്താൻ തത്വത്തിൽ തരുമാനമായി. ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ആധുനിക കാലത്ത് പ്രിന്‍റഡ് രേഖകളുടെ ആവശ്യമില്ലെന്നാണ് ഗതാഗത വകുപ്പിന്‍റെ വിലയിരുത്തിൽ. ആധാർ ഡൗൺലോഡ് ചെയ്യുന്നതിനു സമാനമായി ഇനി ലൈസൻസും ഡൗൺലോഡ് ചെയ്യാനാകുമെന്ന് ഗതാഗത കമീഷണർ സി.എച്ച്. നാഗരാജുലു അറിയിച്ചു. ഇതോടെ പ്രിന്‍റഡ് ലൈസൻസ് പൂർണമായി ഒഴിവാക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി കേരളം മാറും.
ആദ്യഘട്ടമായി ലൈസൻസിന്‍റെയും രണ്ടാംഘട്ടമായി ആർ.സി രേഖയുടെയും പ്രിന്‍റിങ് അവസാനിപ്പിക്കാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ഒരാൾക്ക്, അതേദിവസം തന്നെ ലൈസൻസ് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഉപയോക്താവിന്‍റെ സൗകര്യാർഥം, ആവശ്യമെങ്കിൽ ഇത് പ്രിന്‍റ് ചെയ്ത് സൂക്ഷിക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന്‍റെ ആവശ്യമില്ല. ഡിജിലോക്കറിൽ ലഭ്യമാകുന്ന ലൈസൻസ്, ആവശ്യമുള്ള ഘട്ടങ്ങളിൽ പരിശോധനക്കായി ഹാജരാക്കാനാകും. ഉദ്യോഗസ്ഥർക്ക് ഇതിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കാം.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ലൈസൻസ്, ആർ.സി, അനുബന്ധ രേഖകളുടെ അച്ചടി മുടങ്ങിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മുൻ മന്ത്രി ആന്‍റണി രാജു നൽകിയ കരാറുമായി ബന്ധപ്പെട്ട് ധനവകുപ്പ് ചില അവ്യക്തതകൾ രേഖപ്പെടുത്തിയിരുന്നു. ഗതാഗത കമീഷണർ ശ്രീജിത്തും മന്ത്രി കെ.ബി. ഗണേഷ്കുമാറും തമ്മിലുള്ള തർക്കത്തിനു കാരണമായത് ഈ കരാറാണെന്ന് വിവരമുണ്ട്. കരാറുകാർക്ക് പണം കൊടുക്കുന്നത് മുടങ്ങിയതോടെയാണ് അച്ചടി നിലച്ചത്.
നിലവിൽ ഡ്രൈവിങ് ലൈസൻസും ആർ.സിയും മൂന്നു മാസമായി പ്രിന്‍റ് ചെയ്യുന്നില്ല. വിദേശത്തേക്കു പോകുന്നവരുൾപ്പെടെ, അത്യാവശ്യക്കാർക്കു മാത്രമാണ് നിലവിൽ രേഖകൾ പ്രിന്‍റ് ചെയ്തു നൽകുന്നത്. പൂർണമായി ഡിജിറ്റൽ ആക്കുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും കരാറുകാരെ ഒഴിവാക്കാനാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. എന്നാൽ എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ പഠനം നടത്താതെയാണ് തീരുമാനമെന്ന് വിമർശനമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.