പത്തിൽ എട്ടും മാരുതി; എതിരാളിയില്ലാതെ വാഗൺ ആർ
text_fields2022 മേയിൽ ഏറ്റവും കൂടുതൽ വിറ്റ 10 കാറുകളിൽ എട്ടും മാരുതി സുസുക്കിയുടേത്. ഹ്യുണ്ടായ്, ടാറ്റ എന്നിവയുടെ ഓരോ മോഡലുകളും പട്ടികയിൽ ഇടം നേടി. 16,814 യൂനിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ വാഗൺ ആർ എതിരാളിയില്ലാതെ മുന്നേറ്റം തുടരുകയാണ്. 2021 മേയിൽ 2086 യൂനിറ്റുകൾ മാത്രം വിറ്റ വാഗൺ ആർ 708 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാർ വാഗൺ ആർ ആയിരുന്നു.
അർധചാലക ക്ഷാമവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉണ്ടായിട്ടും മിക്ക കാർ നിർമാതാക്കളും മികച്ച വളർച്ചയാണ് നേടിയത്. ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായ നെക്‌സൺ 14,614 വാഹനങ്ങൾ ഉപഭോക്താക്കളിലെത്തിച്ചു. മുൻ വർഷം ഇത് 6,439 ആയിരുന്നു. 127 ശതമാനമാണ് വളർച്ച. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 1200 യൂനിറ്റുകൾ കൂടുതൽ വിറ്റു.
മാരുതിയുടെ സ്വിഫ്റ്റും ബലേനോ ഫെയ്‌സ്‌ലിഫ്റ്റും യഥാക്രമം 14133, 13970 യൂനിറ്റുകളുമായി വിൽപനയിൽ മൂന്നും നാലും സ്ഥാനത്തെത്തി. മാരുതിയുടെ തന്നെ ആൾട്ടോയാണ് അഞ്ചാം സ്ഥാനത്ത്. 12,933 കാറുകളാണ് റോഡിലിറങ്ങിയത്. 3,220 യൂനിറ്റുകൾ മാത്രമായിരുന്നു 2021 മേയിൽ വിറ്റത്. വളർച്ച 302 ശതമാനമായി കുതിച്ചുയർന്നു. പുതിയ മാരുതി എർട്ടിഗ 354 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2,694 യൂനിറ്റായിരുന്നു മുൻ വർഷം മേയിൽ വിറ്റതെങ്കിൽ ഈ വർഷം അത് 12,226ലേക്ക് ഉയർന്നു.
മാരുതി ഡിസയറിന്റെ 11,603 യൂനിറ്റുകളാണ് മേയ് മാസം പുറത്തിറങ്ങിയത്. 10,973 യൂനിറ്റുകളുടെ വിൽപനയുമായി ഹ്യുണ്ടായ് ക്രെറ്റ പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി. മുൻ വർഷം ഇത് 7,527 ആയിരുന്നു. 46 ശതമാനമാണ് വളർച്ച. 2021 മേയിൽ 1,096 യൂനിറ്റ് മാത്രം പുറത്തിറക്കാനായ മാരുതി സുസുക്കി ഈകോയുടെ 10,482 യൂനിറ്റാണ് ഇത്തവണ പുറത്തിറങ്ങിയത്. 856 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് നേടിയത്. വിറ്റാര ബ്രെസ്സയുടെ 10,312 യൂനിറ്റും പുതുതായി നിരത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.