50000 രൂപയിൽ താഴെ ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളെ അറിയാം
text_fieldsഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിറയുകയാണ്. പലതിന്റെയും വിലകേട്ട് അതിലേക്ക് അടുക്കാത്തവരുണ്ട്. എന്നാൽ, 50000 രൂപയിൽ താഴെയുള്ള നിരവധി മോഡലുകൾ രാജ്യത്ത് ഇറങ്ങുന്നുണ്ട്. പെർഫോമൻസിന്റെ കാര്യത്തിൽ കുറച്ച് പിന്നിലാകുമെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കും ചെറുയാത്രകൾക്കും ഇവയെ ഉപയോഗപ്പെടുത്താനാകും. അത്തരം ചില മോഡലുകൾ പരിചയപ്പെടുത്തുകയാണ്.
ബൗൺസ് ഇൻഫിനിറ്റി ഇ-1
ബംഗളൂരു ആസ്ഥാനമായ റൈഡ് ഷെയറിങ് സ്റ്റാർട്ടപ്പായ ബൗൺസ് ആണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടറായ ബൗൺസ് ഇൻഫിനിറ്റി ഇ-1 അവതരിപ്പിച്ചത്. ബാറ്ററി പാക്കിനൊപ്പം അല്ലാതെയും സ്വന്തമാക്കാം. സ്റ്റാൻഡേർഡ് ലിഥിയം- അയൺ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പാക്കുള്ള മോഡലിന് 68,999 രൂപയാണ് വില. ബാറ്ററിയില്ലാതെ 45,099 രൂപക്ക് ലഭിക്കും. ബാറ്ററിയില്ലാത്ത മോഡൽ, പ്ലാൻ അനുസരിച്ച് 850 രൂപ മുതൽ 1,250 രൂപ വരെ അധിക ചിലവ് വരുന്ന 'ബാറ്ററി-ആസ്-എ-സർവിസ്' പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സ്‍കീമിനൊപ്പം ലഭ്യമാണ്. പൂർണമായി ചാർജ് ചെയ്ത ബാറ്ററികളുള്ള ലൊക്കേഷനുകളുടെ ഒരു ശൃംഖല കമ്പനി ഒരുക്കുന്നുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗയും ഇത് നൽകുന്നു.
റിയോ എലൈറ്റ്
ആംപിയര്‍ വെഹിക്കിള്‍സ് അവതരിപ്പിച്ച ഈ മോഡല്‍ ഏകദേശം 45,000 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. 250 വാട്ട് മോട്ടോറാണ് ഒരുക്കിയിട്ടുള്ളത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ നഗരങ്ങളില്‍ 55 കിലോമീറ്ററും ഹൈവേകളില്‍ 60 കിലോമീറ്ററും സഞ്ചരിക്കാം.
ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, എൽ.ഇ.ഡി ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, ഡ്യുവല്‍ കോയില്‍ സ്പ്രിങ് ഷോക്ക് അബ്സോര്‍ബറുകള്‍, യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയ സവിശേഷതകളുണ്ട്.
ഇവോലെറ്റ് ഡെര്‍ബി
250 വാട്ട്സ് പവര്‍ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് മോട്ടോറാണ് ഇവോലെറ്റ് ഡെര്‍ബിക്കുള്ളത്. ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം, എൽ.ഇ.ഡി ലൈറ്റിങ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൊബൈൽ ആപ്പ് കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്. ഏകദേശം 46,000 രൂപക്ക് ലഭ്യമാണ്.
യോ എഡ്ജ്
250 വാട്ട്സ് പവറുള്ള യോ എഡ്ജ് ഹ്രസ്വദൂര യാത്രകള്‍ക്കായി നിർമിച്ച മോഡലാണ്. 25 കിലോമീറ്ററാണ് പരമാവധി വേഗത. പൂർണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.
അവോണ്‍ ഇ-സ്‌കൂട്ട് 504
24 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന, സ്‌കൂട്ടര്‍ തുടക്കക്കാരെയും ഹ്രസ്വദൂര യാത്രക്കാരെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബാറ്ററി ചാർജ് ചെയ്യാൻ ആറ് മുതൽ എട്ട് മണിക്കൂർ വരെ സമയമെടുക്കും. ഒറ്റ ചാർജിൽ 65 കിലോമീറ്റർ ഓടിക്കാം.
കൊമാകി എക്സ് 1
2020 ജൂണിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ജെൽ ബാറ്ററി വേർഷന് ഒറ്റ ചാർജിൽ 65 കിലോമീറ്റര്‍ വരെ ദൂരപരിധി വാഗ്ദാനം ചെയ്യുന്നു. തുടക്കക്കാരെയാണ് മോഡൽ ലക്ഷ്യമിടുന്നത്.
ഉജാസ് ഇഗോ എൽ.എ
ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ ഓപ്ഷനുകളിലൊന്നാണിത്. ഏകദേശം 35,000 രൂപയാണ് വില. ഇതിന് 75 കിലോമീറ്റര്‍ പരിധി കമ്പനി വാഗ്ദാനം നൽകുന്നു. മുന്‍വശത്ത് എൽ.ഇ.ഡി ഡിസ്‌പ്ലേ അടക്കമുള്ള സൗകര്യങ്ങളുണ്ട്.
റഫ്താര്‍ ഇലക്ട്രിക്ക
മണിക്കൂറിൽ 100 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്ന മോഡലാണിത്. ബാറ്ററി പൂർണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ മാത്രമേ എടുക്കൂ. ഇരട്ട ഡിസ്‌ക് ബ്രേക്കുകളും ഇതിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.