ഒലയുടെ കുതിപ്പ്, ഐക്യൂബിന്‍റെയും ചേതക്കിന്‍റെയും പോരാട്ടം; ഒക്ടോബറിലെ ഇ.വി വിൽപ്പനക്കണക്കുകൾ ഇങ്ങനെ
text_fieldsഒക്ടോബറിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനക്കണക്കുകൾ പുറത്തുവന്നപ്പോൾ കുതിപ്പുമായി ഒല ഇലക്ട്രിക്. സെപ്റ്റംബറിൽ വിൽപ്പനയിൽ വലിയ ഇടിവ് നേരിട്ട ഒല ഒക്ടോബറിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടൊപ്പം, സെപ്റ്റംബറിൽ ബജാജ് ഓട്ടോയുടെ ചേതക്കിന് മുന്നിൽ നഷ്ടമായ രണ്ടാംസ്ഥാനം ഇത്തവണ ടി.വി.എസ് മോട്ടോർസിന്‍റെ ഐക്യൂബ് തിരിച്ചുപിടിച്ചു. ഈ ഉത്സവസീസൺ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് വലിയ ഉണർവാണ് നൽകിയത്. 1,39,031 ഇ.വികളാണ് ഒക്ടോബറിൽ മാത്രം വിറ്റത്. സെപ്റ്റംബറിൽ ഇത് 90,370 ആയിരുന്നു. 2023 ഒക്ടോബറിനെ അപേക്ഷിച്ച് 85 ശതമാനത്തിന്‍റെ വൻ കുതിപ്പാണ് ഇത്തവണയുണ്ടായത്.
വിൽപനയിലെ ആദ്യ 10 സ്ഥാനക്കാർ
1. ഒല ഇലക്ട്രിക്
ഒല ഇലക്ട്രിക്കാണ് ഏറെക്കാലമായി വിൽപ്പനയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്. സെപ്റ്റംബറിൽ 24,716 സ്കൂട്ടറുകൾ മാത്രമാണ് ഒലക്ക് വിൽക്കാൻ സാധിച്ചിരുന്നത്. ഇത് കനത്ത ഇടിവായിരുന്നു. എന്നാൽ, ഒക്ടോബറിൽ 41,605 സ്കൂട്ടറുകൾ വിറ്റ് വൻ തിരിച്ചുവരവാണ് ഒല നടത്തിയത്. 68.35 ശതമാനത്തിന്‍റെ പ്രതിമാസ വർധനവാണ് വിൽപ്പനയിലുണ്ടായത്. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ 27.5 ശതമാനവും കൈയടക്കിയത് ഒലയാണ്.
2. ടി.വി.എസ് മോട്ടോർസ്
സെപ്റ്റംബറിൽ ബജാജിന് പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി.വി.എസ് ഇത്തവണ രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു. സെപ്റ്റംബറിൽ 18,218 വണ്ടികളാണ് ടി.വി.എസ് വിറ്റത്. ഒക്ടോബറിൽ അത് 29,890 ആയി ഉയർന്നു. 64 ശതമാനത്തിന്‍റെ മാസവർധനവ്. 19.66 ശതമാനം വിപണി വിഹിതം ടി.വി.എസിനാണ്.
3. ബജാജ് ഓട്ടോ
ഇത്തവണ ടി.വി.എസിന് പിന്നിൽ മൂന്നാംസ്ഥാനത്ത്. 28,188 ചേതക്ക് യൂണിറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ മാസം 19,198 ആയിരുന്നു. 46.84 ശതമാനത്തിന്‍റെ പ്രതിമാസ വർധനവ്. 18.53 ശതമാനം വിപണി വിഹിതം ബജാജിനാണ്.
4. ഏഥർ എനർജി
ഏഥർ ഏറെക്കാലമായി നാലാംസ്ഥാനത്ത് തുടരുകയാണ്. ഒക്ടോബറിൽ 15,894 വാഹനങ്ങളാണ് വിറ്റത്. സെപ്റ്റംബറിൽ 12,847 ആയിരുന്നു വിൽപ്പന. 23.75 ശതമാനത്തിന്‍റെ മാസ വർധനവുണ്ടായി. 10.45 ആണ് ഏഥറിന്‍റെ വിപണി വിഹിതം.
5. ഹീറോ മോട്ടോർകോർപ്
ഹീറോയുടെ വിടയാണ് ഇത്തവണ വിൽപ്പനയിൽ പിന്നിൽപോയ വാഹനം. സെപ്റ്റംബറിൽ 4321 യൂണിറ്റുകൾ വിറ്റ വിട ഒക്ടോബറിൽ 3309 യൂണിറ്റ് മാത്രമാണ് വിറ്റത്. 23.45 ശതമാനത്തിന്‍റെ കുറവാണ് മാസവിൽപ്പനയിൽ. 2.18 ശതമാനം വിപണിവിഹിതമാണ് വിടക്കുള്ളത്.
ആറ് മുതൽ 10 വരെ സ്ഥാനത്തുള്ള വാഹനങ്ങൾ
6. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി -ഒക്ടോബറിൽ വിറ്റത് 3981 സ്കൂട്ടർ
7. ബിഗോസ് ഓട്ടോ -2021
8. കൈനറ്റിക് ഗ്രീൻ -1443
9. ബൗൺസ് ഇലക്ട്രിക് -1006
10. റിവോൾട്ട് -949
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.