ഇനി വൈദ്യുതി തൂണിൽനിന്ന് വൈദ്യുതി വണ്ടികൾ ചാർജ് ചെയ്യാം! പുതിയ പദ്ധതിയുമായി കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില താങ്ങാനാവാതെ വൈദ്യുതി വാഹനങ്ങളിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. എന്നാൽ, ഓടിക്കൊണ്ടിരിക്കെ ചാർജ് തീർന്നാൽ എന്തുചെയ്യും എന്നതാണ് ഇവരെ അലട്ടുന്ന മുഖ്യ പ്രശ്നം. അതിന് പരിഹാരവുമായി നമ്മുടെ സ്വന്തം കെ.എസ്.ഇ.ബി രംഗത്ത് വന്നിരിക്കുകയാണ്. വൈദ്യുതി തൂണുകളിൽ ചാർജിങ് പോയിന്‍റുകളൊരുക്കിയാണ് പുതിയ പരീക്ഷണം.
ആദ്യഘട്ടം നവംബറിൽ പൂർത്തിയാകും
ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഇവിടെ നിന്ന് ചാർജ് ചെയ്യാം. സംസ്ഥാനത്തുടനീളം ബൃഹത്തായ ചാര്‍ജിങ് ശൃംഖല സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. കെ.എസ്.ഇ.ബിയുടെ തൂണുകളിൽ ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ് പ്രോജക്റ്റ് നവംബറോടെ പൂർത്തിയാകും.
പണം അടക്കാൻ മൊബൈൽ ആപ്പ്
വാഹനങ്ങൾ ചാർജ് ചെയ്യാൻ മുൻകൂർ പണം നൽകണം. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷൻ സജ്ജമാക്കും. പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തുടക്കം കോഴിക്കോട് നഗരത്തിൽ
ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് 10 ചാര്‍ജ് പോയിന്‍റുകൾ ഉള്‍പ്പെടുന്ന പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
ചാര്‍ജിങ് സ്റ്റേഷനുകള്‍ എല്ലാ ജില്ലകളിലും
2020 നവംബറിൽ ആറ് കോര്‍പറേഷന്‍ ഏരിയകളിൽ കെ.എസ്.ഇ.ബി സ്വന്തം സ്ഥലത്ത് വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ പൊതുജനങ്ങൾക്കായി തുറന്നിരുന്നു. ഈ നവംബറോടെ എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. ഇത്തരത്തിൽ 56 സ്റ്റേഷനുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ.
ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാ വൈദ്യുത കാറുകളും ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.