പുതിയൊരു ഇലക്ട്രിക് സ്കൂട്ടർകൂടി വിപണിയിൽ; പേര് എലസ്കോ, റേഞ്ച് 80-100 കിലോമീറ്റർ
text_fieldsപുതിയൊരു ഇലക്ട്രിക് സ്കൂട്ടർകൂടി രാജ്യത്ത് അരങ്ങേറി. എലസ്കോ എന്ന പേരിൽ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയും നല്ല സ്‌റ്റൈലിഷായ എലസ്കോ വാഗ്ദാനം ചെയ്യുന്നത്.
എലസ്‌കോ വി1, വി2 എന്നിങ്ങനെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പേര്. 69,999 രൂപ മുതലാണ് രണ്ട് സ്‌കൂട്ടറുകളുടെയും എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. നഗരയാത്രികരേയും വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയതെന്നാണ് കമ്പനി വ്യക്താമാക്കുന്നത്.
വില സമമാണെങ്കിലും രണ്ട് ഇ.വി സ്‌കൂട്ടറുകളും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. രണ്ട് ഇ-സ്‌കൂട്ടറുകളിലും 2.3 kWh ബാറ്ററി പായ്ക്ക് ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 6 മുതല്‍ 7 മണിക്കൂര്‍ വരെ എടുക്കും. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 100 കി.മീ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
72V ഇലക്ട്രിക് ഹബ് മോട്ടോര്‍ ആണ് വാഹനത്തിന് ശക്തി പകരുന്നത്. എക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍ ഉണ്ട്. എലസ്‌കോ V1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 60 മുതല്‍ 70 കിലോ മീറ്റര്‍ വരെയാണ്. മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെയാണ് എലസ്‌കോ V2 ഇവിയുടെ പരമാവധി വേഗത.
180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഇ-സ്‌കൂട്ടറുകള്‍ ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. മുന്‍വശത്ത് ഡിസ്‌കും പിന്നില്‍ ഡ്രമ്മുമാണ് ബ്രേക്കിങ് ഡ്യൂട്ടികള്‍ ചെയ്യുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് യൂനിറ്റുകളും പിന്നില്‍ കോയില്‍ സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. എലസ്‌കോ V1 ഇവിക്ക് 10 ഇഞ്ച് വീലുകള്‍ ലഭിക്കുമ്പോള്‍ എലസ്‌കോ V2 ഇലക്ട്രിക് സ്‌കൂട്ടറിന് 12 ഇഞ്ച് ഫ്രണ്ട് വീലാണുള്ളത്.
200 കിലോയാണ് പരമാവധി ലോഡിങ് കപാസിറ്റി. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൊബൈല്‍ ആപ്ലിക്കേഷന്‍ കണ്‍ട്രോള്‍, ജിപിഎസ്, ഇന്റര്‍നെറ്റ്, കീലെസ് ഇഗ്‌നിഷന്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഇവ വരുന്നത്. എല്‍ഇഡി അധിഷ്ഠിത ഇന്‍സ്ട്രുമന്റ് ക്ലസ്റ്റര്‍ യൂനിറ്റാണ് ഇരു ഇ-സ്‌കൂട്ടറുകളിലുമുള്ളത്. രണ്ട് സ്‌കൂട്ടറുകള്‍ക്കും 3 വര്‍ഷത്തെ വാറണ്ടി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.