ഇ.വി സ്കൂട്ടറുകളിലെ തീപിടിത്തം; നിർമാതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസയച്ചെന്ന് കേന്ദ്രം
text_fieldsരാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവ് വാർത്തയാണ്. ഓരോ ആഴ്ച്ചയിലും ഒന്നോ അതിലധികമോ സംഭവങ്ങൾ ഇങ്ങിനെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചിലയിടങ്ങളിൽ ഇലക്‌ട്രിക് വാഹന ഡീലർഷിപ്പുകൾ പോലും അഗ്നിക്കിരയായതായി വാർത്തകൾ വന്നിരുന്നു.
ഇലക്ട്രിക് വാഹന കമ്പനികൾ നിർമാണത്തിൽ അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും വാഹനങ്ങൾ തിരിച്ചുവിളിക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സമീപകാലത്ത് വാഹനങ്ങൾക്ക് തീപിടിച്ച രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു.
ബാറ്ററികളുടെ നിർമ്മാണത്തിലെ തകരാർ മൂലമുണ്ടാകുന്ന തീപിടുത്തത്തിന് കാരണം അന്വേഷിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തൃപ്തികരമായ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടാൽ ഉത്തരവാദികളായ ഇ.വി നിർമ്മാതാക്കൾക്കെതിരെ കേന്ദ്രം നടപടിയെടുക്കും.
മോട്ടോർ വാഹന നിയമപ്രകാരം ഇ.വി നിർമ്മാതാക്കൾക്ക് പിഴ ഈടാക്കാമെന്ന് ഗഡ്കരി പറഞ്ഞു. മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ അവർക്കെതിരെ ചുമത്താൻ പാടില്ലാത്തതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ ബന്ധപ്പെട്ട ഇരുചക്ര വാഹന ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളുടെ സിഇഒമാർക്കും എംഡിമാർക്കും മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ മറുപടികൾ ലഭിച്ചാൽ കൂടുതൽ പ്രോസസ്സിംഗ് നടത്തും.
തീപിടിത്തത്തെ കുറിച്ച് അന്വേഷിച്ച പാനൽ ഇ.വികൾക്കും ബാറ്ററികൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിരുന്നു. ഡിഫൻസ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്ത്യയെ (ഡിആർഡിഒ) ആണ് തീപിടിത്തം അന്വേഷിച്ചത്. ശരിയായ പരീക്ഷണങ്ങളുടെ അഭാവവും കെടുകാര്യസ്ഥതയും മുതൽ മനപ്പൂർവ്വമുള്ള അശ്രദ്ധവരെയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിൽ ഡി.ആർ.ഡി.ഒ സംഘം എടുത്തുപറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
1.തീപിടിച്ച ഇ.വികളുടെ ബാറ്ററി മാനേജുമെന്റ് സിസ്റ്റം തകരാറിലായിരുന്നു. ബാറ്ററി ഓവർഹീറ്റാകുന്നത് കണ്ടെത്തി പവർ കട്ട് ഓഫ് ചെയ്യാൻ ബി.എം.എസിനാവുന്നില്ല. പ്രധാനമായും ഇവയുടെ സോഫ്റ്റ്വെയറുകൾ തന്നെ കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. തീപിടിച്ച മിക്ക വാഹനങ്ങളിലും ഇക്കാര്യം പൊതുവായും കണ്ടെത്തിയിട്ടുണ്ട്.
2. ജ്വലന എഞ്ചിനുകളുടേതുപോലുള്ള കൃത്യമായ കൂളിങ് സിസ്റ്റമോ എക്സ്ഹോസ്റ്റ് സംവിധാനമോ ഇ.വികൾക്കില്ല. ഓട്ടത്തിനിടെ ചൂടാകുന്ന ബാറ്ററി സെല്ലുകളെ തണുപ്പിക്കാൻ കഴിയാത്തത് തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരമില്ലാത്ത ബാറ്ററി ഉപയോഗിക്കുന്നതും തീപിടിക്കാൻ കാരണമാണ്.
3. ഇ.വികൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാകുന്നില്ല. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ നിർമാണ കമ്പനികൾ പല കുറുക്കുവഴികളും സ്വീകരിക്കുന്നു. തീപിടിത്ത പരിശോധനയിൽ പരാജയപ്പെട്ട ബാറ്ററികൾ തുടർന്നും ഉപയോഗിക്കുന്ന കമ്പനികൾവരെ കൂട്ടത്തിലുണ്ട്. പല വാഹനങ്ങൾക്കും വായുസഞ്ചാര മാർഗങ്ങളൊന്നുംതെന്നയില്ല. ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേരാത്ത, നിർമാണ നിലവാരം കുറഞ്ഞ വിദേശ ബാറ്ററികൾ വ്യാപകമായി ഉപയോഗിക്കുന്നു.
ചൈനീസ് ഇലക്ട്രിക് വാഹന കിറ്റുകളുടെ സുലഭമായ ലഭ്യതയാണ് രാജ്യത്ത് ഇ.വി സ്കൂട്ടർ നിർമാണം വ്യാപകമാകാൻ കാരണം. മേഖലയിൽ കൃത്യമായ മാനദണ്ഡങ്ങളും കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും ഇനിയും വികസിച്ചിട്ടില്ല. 2021 ഡിസംബർ മുതൽ പ്രാബല്യത്തിൽ വന്ന AIS156 സ്റ്റാൻഡേർഡിലൂടെ വൈദ്യുത വാഹനങ്ങൾ സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് തന്നെ രാജ്യത്തെ ലിഥിയം അയൺ ബാറ്ററികള്‍ക്കായി പുതിയ സ്റ്റാന്‍ഡേഡ് പുറത്തിറക്കിയിട്ടുണ്ട്.നീതി ആയോഗ് ഒരു ഓപ്പൺ സോഴ്‌സ് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും (ബിഎംഎസ്) വികസിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളിൽ ഒരാളായ ഒകിനാവ ഇലക്ട്രിക്, ഇൗ സിസ്റ്റം പ്രവർത്തനക്ഷമമാകുന്ന മുറയ്ക്ക് സർക്കാരിന്റെ ബി.എം.എസ് സ്വീകരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.