ഫെരാരിയുടെ 'പറക്കും കാർ' ഇന്ത്യയിൽ; വില 5.40 കോടി രൂപ
text_fieldsപൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.9 സെക്കൻഡ്, പരമാവധി വേഗം 330 കിലോമീറ്റർ. ഇങ്ങിനൊരു കാറിനെ നമ്മൾ പറക്കുംകാർ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ ഹൈബ്രിഡ് സൂപ്പര്‍കാറായ 296 ജി.ടി.ബി ആണ് ഈ 'പറക്കും കാർ'.വാഹനം കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. കരുത്തുകൊണ്ടും വേഗത കൊണ്ടും അതിശയിപ്പിക്കുന്ന ഈ വാഹനത്തിന് 5.40 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഫെരാരി 296 ജി.ടി.ബി. ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഈ ഹൈപ്പർ കാർ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
1963-ല്‍ ഫെരാരിയില്‍ നിന്ന് പുറത്തിറങ്ങിയ 250 എല്‍.എം. മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനില്‍ ലാളിത്യമുള്ള രൂപത്തിലാണ് 296 ജി.ടി.ബി. ഒരുങ്ങിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് കാറുകളുടെ രൂപത്തില്‍ ക്ലീന്‍ ആന്‍ഡ് മിനിമലിസ്റ്റിക് ഭാവമാണ് ഈ ആഡംബര സ്‌പോര്‍ട്‌സ് കാറിന്. മാരനെല്ലോ പ്രോഡക്ട് ലൈനപ്പില്‍ എഫ്8 ട്രിബ്യൂട്ടോയുടെ താഴെയായാണ് 296 ജി.ടി.ബിയുടെ സ്ഥാനം. കമ്പനിയുടെ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹാപ്റ്റിക് കണ്‍ട്രോളുകളുള്ള പുതിയ സ്റ്റിയറിങ്ങ് വീല്‍, യാത്രക്കാര്‍ക്കായി ചെറിയ ടച്ച് സ്‌ക്രീന്‍ എന്നിവയാണ് ഫെരാരി 296 ജി.ടി.ബിയുടെ ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നത്.
ഫെരാരി 296 ജി.ടി.ബിക്ക് 3.0 ലിറ്റർ ഹൈബ്രിഡ് വി6 എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഫെരാരിയുടെ ആദ്യത്തെ "മുഖ്യധാര" ഇലക്ട്രിക് മോഡലാണ് 296 ജി.ടി.ബി. ഇതൊരു പ്ലഗ് ഇൻ വാഹനമാണ്. പെട്രോൾ എഞ്ചിനൊപ്പം ചാർജ് ചെയ്യാവുന്ന ബാറ്ററി യൂനിറ്റും വാഹനത്തിനുണ്ട്. മിഡ്-എഞ്ചിൻ, റിയർ-വീൽ ഡ്രൈവ് ലേഔട്ടോടുകൂടിയ ഹൈബ്രിഡ്-ഇലക്‌ട്രിക് പവർട്രെയിൻ മാസ്മരിക അനുഭവമാകും നൽകുക.
3.0-ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V6 എഞ്ചിൻ 645hp കരുത്ത് ഉത്പ്പാദിപ്പിക്കും. 166hp ഇലക്ട്രിക് മോട്ടോറുമായി ചേരുമ്പോൾ 830hp ആയി പരമാവധി കരുത്ത് വർധിക്കും. സംയോജിത ടോർക്ക് 740Nm ആണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് ട്രാൻസ്മിഷൻ പ്രവർത്തനങ്ങൾ നടക്കുക. ഇലക്ട്രിക് പവറിൽ മാത്രവും വാഹനം ഓടിക്കാൻ കഴിയും. 7.42kWh ബാറ്ററി കരുത്തുകൊണ്ട് 25km വരെ ഓടിക്കാനും 135kph വേഗത കൈവരിക്കാനും സാധിക്കും.
ഇന്ത്യ-സ്പെക് ഫെരാരി 296 GTB-യിൽ അൽകന്റാര ലെതറിൽ പൊതിഞ്ഞ ഇലക്ട്രിക് സീറ്റുകൾ, സസ്‌പെൻഷൻ ലിഫ്റ്റർ, ബ്ലാക്ക് സെറാമിക് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, കാർബൺ-ഫൈബർ ഫ്രണ്ട് സ്‌പോയിലർ, സ്റ്റിയറിംഗ് വീൽ, 20 ഇഞ്ച് ഫോർജ്ഡ് റിമ്മുകൾ, സറൗണ്ട് വ്യൂ ക്യാമറ, ടൈറ്റാനിയം വീൽ ബോൾട്ടുകൾ എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.