പറക്കും ബൈക്ക് യാഥാർഥ്യമാകുന്നു; മണിക്കൂറിൽ 62 മൈൽ വേഗത, വില 6.3 കോടി രൂപ
text_fieldsസയൻസ് ഫിക്ഷൻ സിനിമകളിൽ നാം കണ്ട് ശീലിച്ചിട്ടുള്ള പറക്കും ബൈക്ക് യാഥാർഥ്യമാകുന്നു. എക്സ്ടുറിസ്മോ എന്ന വിളിപ്പേരുള്ള ഹോവർബൈക്ക് യു.എസിലെ ഡിട്രോയിറ്റില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഓട്ടോഷോയില്‍ അവതരിപ്പിച്ചു. ഡ്രോണുകളും മറ്റും നിര്‍മിക്കുന്ന ഡെൽവെയർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏര്‍വിന്‍സ് എന്ന കമ്പനിയാണ് ഹോവര്‍ ബൈക്ക് നിര്‍മിച്ചത്. പറക്കും ബൈക്കിന് 40 മിനിറ്റ് നേരം മണിക്കൂറില്‍ 62m/h (99.78 km/h) വേഗത്തില്‍ സഞ്ചരിക്കാനാവും. അടുത്ത വർഷം പുറത്തിറങ്ങുന്ന പറക്കും ബൈക്കിന്റെ വില 7,77,000 ഡോളറാണ്. ഏകദേശം ആറു കോടി 30 ലക്ഷം രൂപ.
സ്റ്റാര്‍വാര്‍സ് സിനിമകളുടെ ആരാധകനായ ഏര്‍വിന്‍സ് മേധാവി ഷുഹെയ് കോമാറ്റ്‌സു ആണ് ഹോവർബൈക്ക് നിർമാണത്തിന് ചുക്കാൻ പിടിച്ചത്. അത്തരം സിനിമകളില്‍ നിന്ന് എന്തെങ്കിലും യാഥാര്‍ത്ഥ്യമായെങ്കില്‍ എന്ന് താൻ ആഗ്രഹിച്ചിരുന്നതായും അതാണ് ഇത്തരമൊരു സ്വപ്നത്തിനുപിന്നാലെ സഞ്ചരിക്കാൺ കാരണമെന്നും കോമാറ്റ്‌സ് പറയുന്നു. ഉടൻതന്നെ എക്സ്ടുറിസ്മോയുടെ ചെറിയ പതിപ്പ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ല്‍ ബൈക്കിന്റെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമെന്നും അത് 50,000 ഡോളറിന് വില്‍ക്കുമെന്നും കമ്പനി സ്ഥാപകൻ അവകാശപ്പെടുന്നു.
മധ്യഭാഗത്തായി രണ്ട് വലിയ റോട്ടറുകളുള്ള ഹോവര്‍ ബൈക്കിന് ശക്തി പകരുന്നത് 228 എച്ച്.പി കവാസാകി മോട്ടോര്‍ സൈക്കിള്‍ എഞ്ചിനാണ്. ഇതുകൂടാതെ നാല് ചെറിയ ഇലക്ട്രിക്ക് റോട്ടറുകളും ഇതിനുണ്ട്. ഹെലിക്കോപ്റ്ററുകളെ പോലെ രണ്ട് ലാന്‍ഡിങ് സ്‌കിഡിലാണ് ഇത് നിലത്ത് നില്‍ക്കുക. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇതിന്റെ നിര്‍മാണ ജോലികളിലായിരുന്നു ഏര്‍വിന്‍സ് കമ്പനി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആകാശമാര്‍ഗമുള്ള ദൈനംദിന സഞ്ചാരത്തിന് അനുയോജ്യമായ ചെറുവാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ വിവിധ കമ്പനികള്‍ നടത്തി വരുന്നുണ്ട്. എയര്‍ ടാക്‌സികളും എയര്‍ കാറുകളും അക്കൂട്ടത്തിലുണ്ട്. പല കമ്പനികളും അവയുടെ നിര്‍മാണത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്. ഹോവര്‍ ബൈക്കുകള്‍ നേരത്തേതന്നെ ജപ്പാനില്‍ വില്‍പനയ്ക്കുണ്ട്. ഇതിനെ ഒരു വിമാനമായി കണക്കാക്കിയിട്ടില്ലാത്തതിനാല്‍ ഉപയോഗിക്കുന്നതിന് ഇതുവരെ പ്രത്യേകം ലൈസന്‍സ് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത്തരം യന്ത്രങ്ങള്‍ക്ക് ജപ്പാനില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ റേസ് ട്രാക്കുകളില്‍ മാത്രമേ പറക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.