ദുബൈയിൽ ട്രാഫിക് നിയമം പാലിക്കൂ; നേടൂ 1000ദിർഹം സമ്മാനം
text_fieldsദുബൈ: ട്രാഫിക് നിയമം പാലിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക് അപ്രതീക്ഷിതമായി സമ്മാനം നൽകാൻ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പദ്ധതി. മാർച്ച് ആറു മുതൽ 12വരെ നടക്കുന്ന ‘ഗൾഫ് ട്രാഫിക് വീക്ക്-2023’ന്‍റെ ഭാഗമായാണ് രണ്ടുദിവസത്തെ പദ്ധതി നടപ്പിലാക്കുന്നത്. ട്വിറ്റർ വഴിയാണ് പദ്ധതി സംബന്ധിച്ച് അധികൃതർ വെളിപ്പെടുത്തിയത്. റോഡിൽ മുഴുവൻ നിയമങ്ങളും പാലിച്ച് യാത്ര ചെയ്യുന്ന 20പേരെ തെരഞ്ഞെടുത്താണ് സമ്മാനം നൽകുക. ‘ദ സേഫ് റൈഡർ’ എന്നുപേരിട്ട പദ്ധതിയിൽ ആകെ 20,000ദിർഹമാണ് വകയിരുത്തിയിട്ടുള്ളത്.
ആർ.ടി.എ നേരത്തെ പുറത്തിറക്കിയ ട്രാഫിക് നിയമങ്ങളെല്ലാം പാലിക്കുന്നവർക്കാണ് കാഷ് പ്രൈസ് നൽകുന്നത്. എന്നാൽ ഏത് ദിവസങ്ങളിലാണ് അധികൃതർ വിജയികളെ കണ്ടെത്തുന്നതിന് പരിശോധന നടത്തുകയെന്ന് വ്യക്തമല്ല. സുരക്ഷിതവും നിയമം പാലിച്ചുമുള്ള ഇ-സ്കൂട്ടർ, സൈക്ക്ൾ യാത്രകൾ പ്രോൽസാഹിപ്പിക്കുകയും ബോധവൽകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആയിരക്കണക്കിനാളുകൾ ദുബൈയിൽ ഇ-സ്കൂട്ടറുകളും സൈക്ക്ളുകളുമായി ദിവസവും നിരത്തിലിറങ്ങുന്നുണ്ട്. എന്നാൽ പലരും മുഴുവൻ നിയമങ്ങളും പാലിക്കാൻ സന്നദ്ധമാകുന്നില്ല. ഈ സാഹചര്യത്തിൽ ബോധവൽകരണത്തിനായി വിവിധ പരിപാടികൾ അധികൃതർ ഒരുക്കുന്നുണ്ട്.
സുരക്ഷാ ഹെലമെറ്റ് ധരിക്കുക, വേഗപരിധികൾ പാലിക്കുക, ശരിയായ പാതകളിലൂടെ മാത്രം യാത്ര ചെയ്യുക തുടങ്ങിയ നിയമങ്ങളാണ് കൃത്യമായി പാലിക്കുന്നുണ്ടേയെന്ന് പരിശോധിക്കുക. സൈക്ക്ൾ സൗഹൃദ നഗരമായ ദുബൈയിൽ ആകെ 21പ്രദേശങ്ങളിൽ 390കി. മീറ്റർ നീളത്തിൽ പ്രത്യേക പാതകൾ തന്നെ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് രജിസ്ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. ശരാശരി 423രജിസ്ട്രേഷനുകൾ ദിവസവും അതോറിറ്റി നൽകുന്നുണ്ടെന്ന് നേരത്തെ അധികൃതർ വെളിപ്പെടുത്തിയിരുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളും കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാഫിക് ബോധവൽകരണത്തിന് വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.