സ്പെയർ ടയർ ഒഴിവാക്കി ഇക്കോസ്പോർട്ട് എസ്.ഇ വേരിയന്‍റ് വിപണിയിൽ; വില 10.49 ലക്ഷം
text_fieldsഫോർഡ് ഇക്കോസ്പോർടിന്റെ തനത്രൂപത്തിൽ അലിഞ്ഞിരിക്കുന്ന ഒന്നായിരുന്നു പിന്നിൽ പിടിപ്പിച്ചിരുന്ന സ്പെയർവീൽ. വാഹനത്തിന് കൂടുതൽ വലുപ്പവും ഗാംഭീര്യവും നൽകുന്നതിനും വീൽ കാരണമായിട്ടുണ്ട്. എന്നാൽ ഈ വീൽ ഉള്ളതുകൊണ്ടുമാത്രം ഇക്കോസ്പോർട് വാങ്ങാത്തവരും ഉണ്ട്. അത്തരക്കാർക്കായി എസ്.ഇ എന്ന പേരിൽ കമ്പനി പുതിയൊരു വേരിയന്‍റിനെ അവതരിപ്പിച്ചു. പെട്രോൾ വേരിയന്‍റിന് 10.49 ലക്ഷം രൂപയും ഡീസലിന് 10.99 ലക്ഷം രൂപയുമാണ് ഇക്കോസ്പോർട്ട് എസ്ഇയുടെ വില ആരംഭിക്കുന്നത്.
എസ്.ഇയുടെ പ്രധാന മാറ്റം ടെയിൽഗേറ്റ് രൂപകൽപ്പനയിലാണ്. യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന പതിപ്പിന് സമാനമാണ് ഇത്. സ്പെയർ വീൽ പൂർണമായും ഒഴിവാക്കിയാണ് പുതിയ വേരിയന്‍റ് വിപണിയിൽ എത്തുക. വീലിനുപകരം ടയർ പഞ്ചർ റിപ്പയർ കിറ്റുമായാണ് വാഹനം വരിക. അടുത്ത കാലത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം അനുസരിച്ച് ട്യൂബ്ലെസ് ടയറുകളുള്ള എം-വൺ കാറ്റഗറി വാഹനങ്ങൾക്ക് സ്പെയർ ടയർ ഒഴിവാക്കാവുന്നതാണ്.
ഡ്രൈവറുൾപ്പടെ ഒമ്പത് പേർക്ക് വരെ സഞ്ചരിക്കാവുന്നതും മൂന്നര ടണ്ണിലധികം ഭാരമില്ലാത്തതുമായ വാഹനങ്ങളാണ് എം-വൺ കാറ്റഗറിയിൽ വരിക. സ്പെയർ ടയറുകൾക്ക് പകരം പഞ്ചർ ഒട്ടിക്കാൻ ആവശ്യമായ ടയർ റിപ്പയർ കിറ്റും ടയർ പ്രഷർ മോനിറ്ററിങ് സംവിധാനവും വാഹനങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ് നിയമം പറയുന്നത്. ഉപഭോക്താക്കളുടെ പ്രതികരണംകൂടി കണക്കിലെടുത്തശേഷമാണ് പുതിയ വാഹനം ഇന്ത്യ ലൈനപ്പിൽ ചേർക്കാൻ തീരുമാനിച്ചതെന്ന് ഫോർഡ് അധികൃതർ പറയുന്നു.
സവിശേഷതകൾ
നേരത്തേയുള്ള ഇക്കോസ്പോർട് ടൈറ്റാനിയം വേരിയന്‍റുമായി ബന്ധപ്പെട്ട എല്ലാം വാഹനം പങ്കിടുന്നുണ്ട്. പക്ഷേ വില ഏകദേശം 70,000 രൂപ കൂടുതലാണ്. 122 എച്ച്പി, 1.5 ലിറ്റർ പെട്രോൾ, 100 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. എബിഎസ് വിത്ത് ഇബിഡി, റിയർ ക്യാമറ, റിയർ വൈപ്പർ, ഡീഫോഗർ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകൾ എസ്ഇ വേരിയന്‍റിലുണ്ട്. 16 ഇഞ്ച് അലോയ്കൾ, പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, കീലെസ് എൻട്രി ആൻഡ് ഗോ, 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഫോർഡ് പാസ് ഇൻ കാർ കണക്റ്റിവിറ്റി ടെക്, പവേർഡ് സൺറൂഫ്, ടയർ പ്രഷർ മോനിറ്റർ, ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ, ഇ.എസ്.സി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ എച്ച്.ഐ.ഡി ഹെഡ്ലൈറ്റുകളും വൈപ്പറുകളും, ക്രൂയിസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കോംപാറ്റിബിളിറ്റിയുള്ള ഫോർഡിന്റെ സി.എൻ.സി 3 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്.
എതിരാളികൾ
പുതുതായി വന്ന റെനോ കൈഗറും നിസ്സാൻ മാഗ്നൈറ്റും മുതൽ കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്നിവരാണ് ഈ വിഭാഗത്തിലെ പ്രധാന എതിരാളികൾ. ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര എക്സ് യു വി 300, ടാറ്റ നെക്സൺ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് പ്രധാന വാഹനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.