ഫോർഡ് രാജ്യത്തേക്ക് മടങ്ങിയെത്തുമോ?; നിലവിലെ സാധ്യതകൾ ഇങ്ങിനെയാണ്
text_fieldsഇന്ത്യ വിട്ട് ആറ് മാസത്തിനുശേഷം ഫോർഡ് മോട്ടോഴ്സിന്റെ മടങ്ങിവരവിനെക്കുറിച്ച് ചർച്ചകൾ വീണ്ടും സജീവമാകുന്നു. പുതിയൊരു സർക്കാർ പദ്ധതിയിൽ ഫോർഡിന്റെ പേരും ഉൾപ്പെട്ടതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. കേന്ദ്ര സർക്കാറിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് അഥവാ പി.എൽ.ഐ സ്കീമിലാണ് ഫോർഡ് ഉൾപ്പെട്ടത്. രാജ്യത്ത് ഉത്പ്പാദനം വർധിപ്പിക്കാൻ കമ്പനികൾക്ക് പ്രാത്സാഹനം നൽകുന്ന പദ്ധതിയാണ് പി.എൽ.ഐ. പദ്ധതിയിൽ തങ്ങളും ഉൾപ്പെട്ടതായി ഫോർഡ് ഇന്ത്യ തന്നെയാണ് അറിയിച്ചത്.
'ഓട്ടോമൊബൈൽ മേഖലയ്ക്കുള്ള PLI സ്കീമിന് കീഴിലേക്ക് ഫോർഡ് നൽകിയ പ്രൊപ്പോസൽ അംഗീകരിച്ചതിന് ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിന് നന്ദി പറയുന്നു. ആഗോള ഇലക്ട്രിക് വാഹന വിപ്ലവത്തിലൂടെ ഫോർഡ് ഉപഭോക്താക്കളെ നയിക്കുമ്പോൾ, ഇവി നിർമ്മാണത്തിനുള്ള കയറ്റുമതി അടിത്തറയായി ഇന്ത്യയിൽ ഒരു പ്ലാന്റ് ഉപയോഗിക്കുന്നതിനുള്ള സാധ്യത ഞങ്ങൾ ആലോചിക്കുകയാണ്'-ഫോർഡ് ഇന്ത്യ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കപിൽ ശർമ്മ പറഞ്ഞു.
രണ്ട് കാര്യങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. തൽക്കാലം പാസഞ്ചർ വാഹന വിപണിയിലേക്ക് ഫോർഡ് തിരിച്ചുവരില്ല. ഇ.വികൾ നിർമിക്കുന്നതിനുള്ള പദ്ധതികളാണ് ഇവർ ഇവിടെ തുടങ്ങുക. ഇതിനായി രാജ്യത്തെ നിലവിലുള്ള ഫോർഡ് പ്ലാന്റുകളിൽ ഏതെങ്കിലും ഒരെണ്ണം നിലനിർത്തും. എന്നാൽ ഇവിടെ നിർമിക്കുന്ന വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാൻ സാധ്യതയില്ല. കയറ്റുമതി ചെയ്യുന്നതിനാകും ഇന്ത്യയിൽ വാഹനം നിർമിക്കുക.
പി.എൽ.ഐ സ്കീംവഴി തിരിഞ്ഞെടുക്കപ്പെട്ട 20 കാർ നിർമ്മാതാക്കളിൽ ഒന്നാണ് ഫോർഡ്. 25,938 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ അംഗീകരിച്ച പി.എൽ.ഐ പദ്ധതിയുടെ ഭാഗമാണിത്.
നിലവിൽ ഇവികളിലും ബാറ്ററികളിലും 30 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ കാറുകളുടെ ഉത്പാദനം നിർത്തുന്നതിന് മുമ്പ്, ഗുജറാത്തിലെ സാനന്ദിലെയും ചൈന്നയിലെ മറൈമലയിലെയും നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് ഫോർഡ് ഇന്ത്യ പ്രവർത്തിച്ചിരുന്നത്. ഇതിൽ സാനന്ദ് പ്ലാന്റ് ഇവി നിർമ്മാണത്തിനുള്ള കയറ്റുമതി ഹബ്ബായി ഉപയോഗിക്കാനുള്ള സാധ്യത അന്വേഷിക്കുകയാണെന്ന് കമ്പനി.
10 വർഷത്തിനിടെ രണ്ട് ബില്യൺ ഡോളറിന്റെ പ്രവർത്തന നഷ്‍ടം ചൂണ്ടിക്കാട്ടിയാണ് 2021 സെപ്റ്റംബർ 9 ന് ഫോർഡ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയത്. നിലവിലെ ഉപഭോക്താക്കൾക്ക് 10 വർഷത്തേക്ക് സർവ്വീസ് നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.