ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു; തമിഴ്നാട്ടിലെ പ്ലാന്റ് വീണ്ടും തുറക്കും
text_fieldsഅമേരിക്കൻ വാഹനനിർമാതാക്കളായ ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ് ഫോഡ് പ്രഖ്യാപിച്ചത്. ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറന്ന് ആഗോളതലത്തിലേക്ക് വാഹനങ്ങൾ കയറ്റി അയക്കാനാണ് ഫോഡിന്റെ പദ്ധതി.
ആഗോള വിപണിയെ ലക്ഷ്യംവെച്ചാവും ചെന്നൈയിലുള്ള പ്ലാന്റിലെ വാഹനനിർമാണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എസ് സന്ദർശനത്തിൽ ഫോഡിന്റെ നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
പ്ലാന്റ് തുറക്കാനായി തമിഴ്നാട് സർക്കാർ നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് ഫോഡ് ഇന്റർനാഷണൽ മാർക്കറ്റ് ഗ്രൂപ്പ് പ്രസിഡന്റ് കേയ് ഹാർട്ട് പറഞ്ഞു. ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം ഫോഡ് ഉയർത്തും. 2500 മുതൽ 3000 ജീവനക്കാരെ കമ്പനി അധികമായി നിയമിക്കുമെന്നാണ് റിപ്പോർട്ട്.
2021ൽ ഇന്ത്യയിൽ നിന്നും വിടപറഞ്ഞതിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതിയും ഫോഡ് ഉപേക്ഷിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി തമിഴ്നാട്ടിലെ പ്ലാന്റ് വിൽക്കാനുള്ള നീക്കം ഫോഡ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, ഗുജറാത്തിലെ പ്ലാന്റ് കമ്പനി വിറ്റിരുന്നു.
എം.ജി, കിയ പോലുള്ള വിദേശ വാഹനനിർമാതാക്കൾ ഇന്ത്യയിൽ വിജയം കൈവരിച്ചതോടെയാണ് ഫോഡിന്റെ ഇന്ത്യ മോഹങ്ങൾക്ക് വീണ്ടും ചിറകുവെച്ചത്. അതേസമയം, നിലവിൽ ഇന്ത്യയിൽ കാറുകൾ പുറത്തിറക്കുന്നതിനെ കുറിച്ച് കൃത്യമായ സൂചനകളൊന്നും ഫോഡ് നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.