ടെലിവിഷൻ ഷോയുടെ ഇടയിൽ കാർ അപകടം; പ്രശസ്ത ഇംഗ്ലീഷ് ക്രിക്കറ്റർ ആശുപത്രിയിൽ
text_fieldsടെലിവിഷൻ ഷോയുടെ ഇടയിലുണ്ടായ കാർ അപകടത്തെത്തുടർന്ന് ഇംഗ്ലീഷ് ക്രിക്കറ്റർ ആൻഡ്രൂ ഫ്ലിന്റോഫിനെ (45) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ബി.സി ടെലിവിഷന്‍ ഷോയായ ടോപ്പ് ഗിയറിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിലേറ്റ പരിക്കുകള്‍ ജീവന് ഭീഷണിയാണെന്ന് കരുതുന്നില്ലെന്ന് ബി.ബി.സി ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 45-കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ കോറി ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലിമെയിലിനോട് പറഞ്ഞു.
ചൊവ്വാഴ്ച സറേയിലെ ഡണ്‍സ്‌ഫോള്‍ഡ് എയറോഡ്രോമിലെ ടെസ്റ്റ് ട്രാക്കിലാണ് സംഭവം. 'ഇന്ന് രാവിലെ ടോപ്പ് ഗിയര്‍ ടെസ്റ്റ് ട്രാക്കിലുണ്ടായ അപകടത്തില്‍ ആന്‍ഡ്രൂ ഫ്ലിന്റോഫിന് പരിക്കേറ്റു. ക്രൂവിനൊപ്പമുള്ള മെഡിക്കല്‍ സംഘം ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി വൈദ്യസഹായം നല്‍കി. കൂടുതല്‍ ചികിത്സക്കായി ആന്‍ഡ്രൂ ഫ്ലിന്റോഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വിവരങ്ങള്‍ യഥാസമയം ഞങ്ങള്‍ സ്ഥിരീകരിക്കുന്നതാണ്'-ബി.ബി.സി വക്താവ് പറഞ്ഞു.
തങ്ങളുടെ പ്രാഥമിക പരിഗണന ഫ്രെഡിയുടെയും ടോപ്പ് ഗിയര്‍ ടീമിന്റെയും ക്ഷേമത്തിനായിരുന്നുവെന്നും എല്ലാ ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളും സൈറ്റില്‍ പാലിച്ചിരുന്നതായും ബി.ബി.സി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. തനിക്ക് അപകടത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അപകടത്തില്‍ പരിക്കുകളുമായി രക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ നന്ദിയുണ്ടെന്നും ഷോയില്‍ ഫ്ലിന്റോഫിനൊപ്പം പ്രത്യക്ഷപ്പെട്ട ഹാസ്യനടന്‍ ജേസണ്‍ മാന്‍ഫോര്‍ഡ് ബി.ബി.സി ബ്രേക്ക്ഫാസ്റ്റില്‍ പറഞ്ഞു.
2019-ലും ടോപ്പ് ഗിയറിന്റെ ചിത്രീകരണത്തിനിടെ ഫ്ലിന്റോഫ് കാര്‍ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് പരിക്കുകളൊന്നും കൂടാതെ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ അന്ന് രക്ഷപ്പെട്ടിരുന്നു.
2006-ലും ഷോയുടെ ചിത്രീകരണത്തിനിടെ വന്‍ അപകടം ഉണ്ടായിരുന്നു. ജനപ്രിയ അവതാരകനായ റിച്ചാര്‍ഡ് ഹാമണ്ടിന് യോര്‍ക്കിലെ എല്‍വിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ ഷോയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റിരുന്നു. 370 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാമ്പയര്‍ ജെറ്റ് കാറാണ് 52 കാരനായ ഹാമണ്ട് ഓടിച്ചിരുന്നത്. ഹാമണ്ട് 320 മൈല്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ടയറുകളില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത ഹാമണ്ട് രണ്ടാഴ്ച കോമയില്‍ കിടന്നു. 2017-ല്‍, റിമാക് ഇലക്ട്രിക് സൂപ്പര്‍കാര്‍ പ്രോട്ടോടൈപ്പിലെ ടെസ്റ്റ്ഡ്രൈവിനിടെ മറ്റൊരു വന്‍ വാഹനാപകടത്തിലും ഹാമണ്ട് ഉള്‍പ്പെട്ടിരുന്നു.
'ഫ്രെഡി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രശസ്ത ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഫ്ലിന്റോഫ്, 32 വയസ്സില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 2009-ലായിരുന്നു വിരമിക്കല്‍. 141 ഏകദിനങ്ങളിലും ഇംഗ്ലീഷ് ജഴ്‌സിയണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.