പ്രണയ നഗരത്തിൽ വാഹനങ്ങളുടെ വേഗം 30 കിലോമീറ്റർ മാത്രം; നിയന്ത്രണങ്ങൾക്ക് കാരണം ഇതാണ്
text_fieldsലോകത്തിെൻറ പ്രണയ തലസ്ഥാനമെന്നാണ് ഫ്രാൻസിലെ പാരീസ് അറിയപ്പെടുന്നത്. പൗരാണികതയും ചരിത്ര പ്രധാന്യവുംകൊണ്ട് ബിംബവത്കരിക്കപ്പെട്ട നഗരംകൂടിയാണിത്. നിലവിൽ പുറത്തുവരുന്ന വാർത്ത, പാരീസിൽ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു എന്നതാണ്. നഗരത്തിലെ മിക്ക തെരുവുകളിലും നിയമം ബാധകമായിരിക്കും. പാരീസിൽ മാത്രമല്ല ഫ്രാൻസിലുടനീളം നിരവധി നഗരങ്ങൾക്കും നിയമം ബാധകമാകുമെന്നാണ് സൂചന.
നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്ക് ചുരുങ്ങിയത് 90 യൂറോ പിഴ ഈടാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. പൊലീസ് മാർഷലുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. അവരുടെ വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്റർ ആയി തുടരും.
നിയന്ത്രണത്തിന് കാരണം
വാഹനപ്പെരുപ്പമാണ് പാരീസ് അനുഭവിക്കുന്ന ഏറ്റവുംവലിയ പ്രശ്നം. അപകടങ്ങൾ കുറയ്ക്കാനും നഗരത്തെ കൂടുതൽ കാൽനട സൗഹൃദമാക്കാനുമുള്ള ശ്രമത്തിലാണ് ഭരണകൂടം. സോഷ്യലിസ്റ്റ് മേയർ ആനി ഹിഡാൽഗോയുടെ കീഴിൽ, പാരീസ് നഗര സർക്കാർ ഇതിനകം നിരവധി തെരുവുകളിൽ വാഹന ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. നേരത്തേതന്നെ നഗരത്തിലെ 60 ശതമാനത്തോളം റോഡുകൾക്ക് 30 കിലോമീറ്റർ പരിധി നിശ്ചയിച്ചിരുന്നു. ബൈക്കുകൾക്കുള്ള പ്രത്യേക പാതകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കൂടുതൽ ഇടം നൽകുന്നതിനും അനുകൂലമാണ് മേയർ. സർവേകൾ അനുസരിച്ച്, പാരീസിലെ ഏറ്റവും തിരക്കേറിയ ചില തെരുവുകളിലെ വാഹനങ്ങളുടെ ശരാശരി വേഗത 16 കിലോമീറ്റർ മാത്രമാണ്. പുതിയ തീരുമാനം ഫ്രഞ്ച് തലസ്ഥാനത്തെ വാഹന ഉടമകളിൽ വലിയൊരു വിഭാഗത്തെ അസ്വസ്ഥരാക്കുന്നുണ്ട്. നിയന്ത്രണം കാരണം നിരക്ക് വർധിപ്പിക്കാനും അങ്ങിനെ ബിസിനസിനെ ബാധിക്കാനും ഇടയാക്കുമെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു.
പാരീസ് കൂടാതെ മറ്റ് ഫ്രഞ്ച് നഗരങ്ങളായ ലില്ലെ, മോണ്ട്പെല്ലിയർ, ഗ്രെനോബിൾ, നാൻറസ്, റെന്നസ് തുടങ്ങിയ ഇടങ്ങളിലെല്ലാം വാഹന വേഗത് 30 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിെൻറ മറ്റ് ഭാഗങ്ങളായ സ്വിറ്റ്സർലൻഡിലെ ലൂസേൻ ഹാംബർഗ്, ബ്രെമെൻ, മ്യൂണിച്ച്, ബെർലിൻ തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങൾക്ക് സമാനമായ വേഗപരിധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.